1991 ഡിസംബര്‍ 15ന് പാലക്കാട് പട്ടണത്തിലെ പുതുപ്പള്ളി തെരുവില്‍ വെച്ച് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുനീസ. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. അതിനു ശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞു വന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായിരിക്കേണ്ട തരത്തിലേക്ക് കാലം മാറുകയും ചെയ്തു.
സിറാജുന്നീസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുടെ അങ്കലാപ്പിൽ നിന്നാണ്.1991 – ൽ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ത്യയില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ജീവിതം എത്രത്തോളം ദുഷ്‌കരമാണെന്ന് വരച്ചിടുകയാണ് സിറാജുന്നീസ എന്ന കഥയിലൂടെ ടി.ഡി.രാമകൃഷ്ണന്‍. സിറാജുന്നീസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർഥ്യങ്ങൽ വരച്ചുകാട്ടുന്ന ആറു കഥകൾ.സിറാജുന്നീസയുടെ മൂന്നാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി
സിറാജുന്നീസ എന്ന പതിനൊന്നു വയസ്സുകാരി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെടിയേല്‍ക്കുമ്പോള്‍ വീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. അവളുടെ നേതൃത്വത്തില്‍ അക്രമാസക്തരായി വന്ന ഇരുന്നൂറോളം പേരെ പിരിച്ചുവിടാന്‍ വെടിവെക്കേണ്ടിവന്നു എന്നായിരുന്നു പോലീസ് ഭാഷ്യം. ബാബറി മസ്ജിദ് പൊളിക്കലിലേക്ക് നയിച്ച ഭാരതയാത്രകളിലൊന്നിന്റെ രക്തസാക്ഷിയായിരുന്നു നിഷ്‌കളങ്കയായ സിറാജുന്നീസ .
എഴുത്തുകാരന്റെ പേനയെ നിശ്ശബ്ദമാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവനെത്തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രത്യശാസ്തത്തെക്കുറിച്ചാണ് ‘വെറുപ്പിന്റെ വ്യാപാരികള്‍’ എന്ന കഥ പറയുന്നത്. സദാചാരത്തിന്റെ പേരില്‍ മനുഷ്യന് ചങ്ങല തീര്‍ക്കുന്ന സമകാലീനാവസ്ഥയാണ് സൂര്യനഗറില്‍ കടന്നുവരുന്നത്. ആദ്യപ്രണയത്തിന്റെ മധുരവും കണ്ണീരുമാണ് ഒരാളുടെ ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതെന്ന് പരാജയപ്പെട്ട വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ് ‘ബലികുടീരങ്ങളേ’ എന്ന കഥ.
സ്ത്രീയുടെ മാറുന്ന മുഖങ്ങളെക്കുറിച്ചാണ് കെണി, സ്വപ്നമഹല്‍ എന്നീ കഥകള്‍ പറയുന്നത്. രണ്ടിലും കഥാനായികമാരുടെ പേര് രേഖ എന്നാണ്. വേട്ടക്കാരനെ ഇരയാക്കുന്ന തന്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇരുവരും തമ്മിലുള്ള മറ്റൊരു സാമ്യം. പഴമയിലേക്ക് മടങ്ങുക എന്ന യുവതലമുറയുടെ നാട്യത്തെ പരിഹസിക്കുന്ന കഥയാണ് ‘വിശ്വാസം അതല്ലേ എല്ലാം’.
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ, എന്നീ നോവലിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ സിറാജുന്നീസ വരും നാളുകളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് തീര്‍ച്ച. സമകാലിക സമൂഹത്തിലെ ചെറുത്തുനില്‍പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തുന്ന ഈ കഥകള്‍ക്ക് പ്രസക്തി ഏറെയാണ്.