“പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്…. ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം.”സന്തോഷ് ഏച്ചിക്കാനം ബിരിയാണി കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
കേരളത്തിൽ ജോലിക്ക് വന്ന ഗോപാൽകൃഷ്ണ യാദവിനെ രാമചന്ദ്രൻ എന്ന കഥാപാത്രം അവിടുത്തെ പുത്തൻപണക്കാരനായ കലന്തൻഹാജിയുടെ വീട്ടിലേക്ക് ഒരു ദിവസത്തെ ജോലി ശരിയാക്കി കൊടുക്കുന്നു. കലന്തൻഹാജിയുടെ മകൾ റുഖിയയുടെ മകൻ റിസ്വാന്റെ വിവാഹത്തിന് പഞ്ചാബിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ബസ്മതി അരി കൊണ്ട് ബിരിയാണി നൽകാനുളള അവസരമായി കലന്തൻഹാജി ഇതിനെ കാണുന്നു. ബാക്കിയാകുന്ന ബിരിയാണി കുഴിച്ചിടാനായി ഒരു വലിയ കുഴിയുണ്ടാക്കാൻ ഗോപാൽ യാദവിനോട് ഹാജി ആവശ്യപ്പെടുന്നു.
അതിനിടയിൽ ഗോപാൽ യാദവിന്റെ മനസ്സ് ഓർമകളിലേക്ക് പോകുന്നു. ഗോപാൽ യാദവിന് നാട്ടിലെ ഷുക്കൂർ മിയയുടെ കടയിൽ വച്ചാണ് ആറുമാസം ഗര്ഭിണിയായ ഭാര്യ മാതംഗി, ബസുമതി അരി കാട്ടിക്കൊടുക്കുന്നത്. അത് വാങ്ങി ചോറു വയ്ക്കാനും വേണ്ടി വരുമാനമില്ല. എന്നാലും കൊതികൊണ്ട് അമ്പത് ഗ്രാം തൂക്കിത്തരാൻ ഷുക്കൂർ മിയാനോട് പറഞ്ഞു. വീട്ടിലെത്തും മുമ്പ് മാതംഗി അത് ചവച്ചരച്ചു തിന്നു, “അരിമാവ് പശുവിന്പാലു പോലെ അവളുടെ കടവായിലൂടെ ഒഴുകി വന്നപ്പോൾ അത് തുടയ്ക്കാൻ സമ്മതിക്കാതെ ഗോപാൽ ആ കണ്ണുകളിലേക്ക് നോക്കിനിന്നു. ഒരു പശുക്കുട്ടിയെ കാണുന്നതുപോലെ. എല്ലാം ഗോപാൽ യാദവിന്റെ ഓർമ്മകളിൽ നിറയുന്നു.
നിക്കാഹ് വീട്ടിൽ ചെന്നതും ഒരു ചെറുക്കനാണ് ശ്രീകൃഷ്ണന് ഉത്തരവുകൾ കൊടുക്കുന്നത്. നീളത്തിനും വീതിക്കും ഒരു കുഴിയെടുക്കാനാണ് ചെക്കന് പറയുന്നത്. അവനാണെങ്കിൽ അതിനിടയില് സെല്ഫി എടുക്കലും അത് അസംഖ്യം ഗേള്ഫ്രണ്ട്സിനയച്ചുകൊടുക്കലും. ദം പോട്ടിക്കുകപോലും ചെയ്യാത്ത ബിരായണി വരെ ശ്രീകൃഷ്ണന് അവിടെ ചവിട്ടി നിരപ്പാക്കി കുഴിച്ചു മൂടേണ്ടി വരുന്നു. കഥാന്ത്യത്തിൽ നാം തിരിച്ചറിയുന്നു ഗോപാൽ യാദവിന്റെ മകളായ ബസ്മതി വിശപ്പുമൂലം മരിക്കുകയായിരുന്നു എന്ന്.”ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.”എന്ന വാചകത്തോടെ കഥ അവസാനിക്കുന്നു.
കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പർശിനികളേയും സാമൂഹ്യ യാഥാർഥ്യങ്ങളെയും തീക്ഷണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തുറന്ന ചർച്ചയ്ക്ക് വിധേയമായ ബിരിയാണി എന്ന കഥ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല.
ബിരിയാണി, നായിക്കാപ്പ് , മനുഷ്യാലയങ്ങൾ , UVWXYZ , മരപ്രഭു , ലിഫ്റ്റ് , ആട്ടം , എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകളുടെ സമാഹാരമാണ് ബിരിയാണി. ബിരിയാണി സോഷ്യൽ മീഡിയയിൽ ആദ്യം നിറഞ്ഞതു വിശപ്പിന്റെ വൈകാരികത കൊണ്ടായിരുന്നെങ്കിൽ പിന്നീട് അതിനെ നൂലിഴ കീറി മുറിച്ചു അതിൽ നിന്നും പുറത്തെടുത്തിട്ട അതിന്റെ രാഷ്ട്രീയം കൊണ്ട് കൂടെയായിരുന്നു. ഹിന്ദു എഴുത്തുകാരന്റെ മുസ്‌ലിം വിരുദ്ധ എഴുത്തെന്ന തലത്തിൽ വരെ ബിരിയാണി കഥ സോഷ്യൽ മീഡിയയിൽ ചർച്ചകളുയർത്തി നിറഞ്ഞു നിൽക്കുന്നു. നായകനോ വില്ലനോ ഇല്ലാത്ത കഥയിൽ വില്ലനായി എത്തുന്നത് വിശപ്പ് മാത്രമാണ്. കഥാപാത്രങ്ങൾക്ക് കൊടുത്ത മതവത്കരണവും സമുദായവത്കരണത്തിലേക്കുള്ള യാത്രയായിരുന്നില്ല, മറിച്ച് ബിരിയാണി എന്ന ഭക്ഷണത്തിലേക്കുള്ള വഴിയായിരുന്നു.
2016 സെപ്റ്റംബറിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ബിരിയാണിയുടെ അഞ്ചാമത്തെ പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.