പഠനം ഒരു നിരന്തരപ്രക്രിയയാണ്. ജനനംമുതല്‍ മരണംവരെ അത് അനസ്യൂതം തുടരുന്നു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും പഠിക്കാന്‍ കഴിവുള്ളവരാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഈ കഴിവ് കുറഞ്ഞുവരുന്നതായി കാണുന്നു.എന്താണിതിനുകാരണം.? മസ്തിഷ്‌കകോശങ്ങളുടെ നാശമോ ബലക്ഷയമോകൊണ്ട് വരുന്നതാണോ ഈ അപചയം..? പഠിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്ന ശ്രദ്ധാവൈകല്യവും പഠനവൈകല്യവും ഉണ്ടാകാനുള്ളകാരണങ്ങള്‍ എന്താണ്..? ഇവ പരിഹരിക്കേണ്ടത് എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്താരാഷ്ട്ര എന്‍എല്‍പി പരിശീലകനായ വി ചിത്തരഞ്ജന്‍ എഴുതിയ കുട്ടികളെ മനസ്സിലാക്കാം മിടുക്കരാക്കാം എന്ന പുസ്തകം.
പ്രധാനമായും കുട്ടികളിലെ പഠന -ശ്രദ്ധാവൈകല്യങ്ങളെ മനസ്സിലാക്കി പരിഹരിച്ച് അവരെ ജീവിതവിജയത്തിലേക്ക് നയിക്കാനുള്ള ലളിതവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങളാണ് കുട്ടികളെ മനസ്സിലാക്കാം മിടുക്കരാക്കാം എന്ന പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയം. ജീവിതവിജയത്തിനുതകുന്നതും അഭിരുചിക്ക് ഇണങ്ങുന്നതുമായ രീതിയില്‍ പഠിച്ചുമുന്നേറാന്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും കഴിയുമെന്നും ഇതിനായി മനഃശാസ്ത്രപരമായ സമീപനമാണ് ആവശ്യമെന്നും പുസ്തകത്തില്‍ പറയുന്നു. അതിന് ഏറ്റവും അത്യാവശ്യം ന്യൂറേ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (എന്‍എല്‍പി) എന്ന മനഃശാസ്ത്രമേഖലയെ പരിചയപ്പെടുക എന്നതാണെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. എന്‍എല്‍പിയിലൂടെ കുട്ടികളെ മിടുക്കരാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും പകര്‍ന്നുനല്‍കുന്നുമുണ്ട് ഇതില്‍.
ദശേന്ദ്രിയങ്ങള്‍, വിശ്വാസം, പ്രസംഗകല, പഠനതത്ത്വങ്ങള്‍, പഠിക്കലും പഠിപ്പിക്കലും, ചോദ്യം ചോദിക്കാന്‍ പഠിക്കുക, വിദ്യാഭ്യാസസംസ്‌കാരം, തുടങ്ങി ജിവിതവിജയത്തിനാവശ്യമായ എല്ലാമോഖലകളെയും പറ്റി പരാമര്‍ശിക്കുന്ന കുട്ടികളെ മനസ്സിലാക്കാം മിടുക്കരാക്കാം എന്ന പുസ്തകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2013 ആദ്യമായ പുറത്തിറക്കിയ പുസ്തകത്തിന്റെ പുതിയപതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.