കേരളം അറുപത് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ജയന്‍ മാങ്ങാട് തയ്യാറാക്കിയ വെയ് രാജ വെയ്. മലയാളിയുടെ ചൂതാട്ടങ്ങളുടെ കഥപറയുന്ന ലേഖനസമാഹാരങ്ങളാണ് വെയ് രാജ വെയ്. ഈ പുസ്തകത്തെ പറ്റി മലയാളത്തിന്റെ പ്രിയകഥകാരന്‍ സന്തോഷ് ഏച്ചിക്കാനം എഴുതുന്നു;
ചൂതാട്ടത്തിലെ കലാകാരന്‍മാര്‍…!
“മക്കാവോവിലോ മീങ്ങോത്തോ തെയ്യപ്പറമ്പിലോ ഈ ദുനിയാവില്‍ എവിടെയങ്കിലുമാകട്ടെ, ചൂതുകളി തുടങ്ങിക്കഴിഞ്ഞാല്‍ മനുഷ്യര്‍ എല്ലാവരില്‍നിന്നും തലനീട്ടുന്ന ഒരു സ്വഭാവമുണ്ട്. അതിന്റെ പേരാണ് വാശി. ഈ ശക്തിയില്‍ നിന്നാണ് മഹാഭാരതമുണ്ടായത്. ദസ്തയേവിസ്‌കിക്ക് എഴുത്തുപോലെതന്നെ ഒരു സര്‍ഗാത്മപ്രക്രിയയായിരുന്നു ചൂതാട്ടവും. ബഷീര്‍ മുച്ചീട്ടുകളിക്കാരെ കലാകാരന്‍മാര്‍ എന്നു വിശേഷിപ്പിച്ചതും ഇതുകൊണ്ടാവാം. ഇവര്‍ റാണിക്കുപിന്നാലെ തേനീച്ചക്കൂട്ടങ്ങളെപ്പോലെ സഞ്ചരിക്കുന്നു. ആത്മാവില്‍ രാജാവിന്റെ വിളി വന്നുമുട്ടുമ്പോള്‍ ഉറ്റവരെ ഉപേക്ഷിച്ച് ബുദ്ധനെപ്പോലെ യാത്രയാരംഭിക്കുന്നു.
ചീട്ടുകുത്തില്‍ തൊട്ടാല്‍ സ്വന്തം കുടുംബംതന്നെ മറന്നുപോകുന്ന അച്ഛനെയും കാത്ത് നീലേശ്വരത്തെ പ്രശസ്തമായ ക്ലബ്ബിനുപുറത്ത് ദിവസങ്ങളോളം കാത്തുനിന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഉച്ചഭക്ഷണവും പൊതിഞ്ഞെടുത്ത് കാഞ്ഞങ്ങാട്ടുനിന്ന് വണ്ടികയറിയാല്‍ അങ്ങ് കൊല്‍ക്കത്തവരെ പോയി തിരിച്ചുവരാറുള്ള വിശ്വവിഖ്യാതരായ കലകാരന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. പോയത് തിരിച്ചുപിടിക്കാനും കിട്ടിയതിനെ ഇരട്ടിപ്പിക്കാനുമുള്ള വാശി. അല്ലെങ്കില്‍ ഇതൊന്നിനും വേണ്ടിയല്ലാത്ത ലഹരി. ഒരിക്കല്‍ ആവേശിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒഴിപ്പിക്കാന്‍ വറ്റത്തവണ്ണം ആത്മാവിനോട് ഒട്ടിച്ചേരുന്ന മനുഷ്യമനസ്സിന്റെ വിശകലനാതീതമായ അസംഖ്യം ബാധകളില്‍ ഒന്നായ ചൂതാട്ടങ്ങളിലെ വ്യക്തി, സാമൂഹികതലത്തിലേക്ക് വികസിക്കുമ്പോള്‍ ഉടലെടുക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളുടെ വിവരങ്ങളാണ് ജയന്‍ മാങ്ങാടിന്റെ ഈ പുസ്തകം..!”