ആമേന്‍ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ വഴികളെയും പ്രകോപനമണ്ഡലങ്ങളെയും, ക്രൈസ്തവലോകത്തിന്റെ കാണാപ്പുറങ്ങളും പരിചയപ്പെടുത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ നോവലാണ് പെണ്‍മയുടെ വഴികള്‍. സ്ത്രീയുടെ വൈകാരിക ജീവിതത്തെയും അവള്‍ തിരഞ്ഞെടുക്കുന്നതോ അവളെ അടിച്ചേല്‍പ്പിക്കുന്നതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേര്‍ക്കാഴ്ചകളാണ് പെണ്‍മയുടെ വഴികള്‍ എന്ന നോവല്‍.
ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നിലവിളിയും പ്രതിഷേധങ്ങളും പൊരുതലുകളുമെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നു. പുരുഷേധിപത്യ സമൂഹത്തിന്റെ അതിക്രമങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശാരീരികവും മാനസികവുമായ ശക്തി അവള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അപൂര്‍വ്വം പേരെ അതില്‍നിന്ന് തലയുയര്‍ത്തി ജീവിക്കുന്നുള്ളു. സമൂഹത്തിലെല്ലാം സ്ത്രീയെ കുരുക്കുവീഴ്ത്താനുള്ള കെണികളാണ് ഒരുക്കിയിരിക്കുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ സാഹചര്യത്തിലാണ് സിസ്റ്റര്‍ ജെസ്മിയുടെ പെണ്‍മയുടെ വഴികള്‍ എന്ന നോവല്‍ പ്രസക്തമാകുന്നത്.
സിസ്റ്റര്‍ ജെസ്മിയുടെ ആത്മാംശം കലര്‍ന്ന കഥാപാത്രമായ യൂണിവേഴ്‌സിറ്റി പ്രൊഫസറും അവിവാഹിതയുമായ ടീച്ചറമ്മയുമാണ് പെണ്‍മയുടെ വഴികളിലൂടെ വായനക്കാരെ നയിക്കുന്നത്. കഥയുടെ അന്തരീക്ഷവും കഥാപാത്രങ്ങളും കഥകളും എല്ലാം കഥാകരിയുടെ പരിസരത്തുതന്നെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇതിലെ കഥാപാത്രങ്ങളും കഥകളും വായനക്കാരന് തെട്ടടുത്തുനില്‍ക്കുന്നതായി തോന്നാം. ഒരു പക്ഷേ അവരുടെ പേരുകളില്‍ മാറ്റം വന്നേക്കാം എന്നുമാത്രം. യുവതികളുടെയും സ്ത്രീകളുടെയും വിദ്യാര്‍ത്ഥിനികളുടെയും അതിനിടയിലുള്ള കൗശലക്കാരികളുടെയും ജീവിതകഥയാണ് ജെസ്മി ഈ നോവലിലൂടെ തുറന്നുകാട്ടുന്നത്.
നാല്പതോളം സ്ത്രീകഥാപാത്രങ്ങള്‍ ഇതില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. അവരില്‍ വിവിധ മതവിഭാഗത്തില്‍ ഉള്‍പ്പെട്ട വിവാഹിതര്‍, അവിവാഹിതര്‍, വിധവകള്‍, വേശ്യകള്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ അണിനിരക്കുന്നു. അവരില്‍ നായികയായി ഭദ്ര വിരിഞ്ഞുനില്‍ക്കുന്നുണ്ട്. ഏതൊക്കെ സ്വഭാവവൈകല്യങ്ങള്‍ ഉള്ള സ്ത്രീകള്‍ ആണെങ്കിലും അവരോടെല്ലാം ഒരു മൃദുഭാവം വെച്ചുപുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തൊണ്ണൂറുശതമാനം അനുഭവത്തില്‍ അധിഷ്ഠിതമായ ഈ രചനയില്‍ ഭാവന തുലോം നിസ്സാരമാണ് എന്ന് എഴുത്തുകാരി തന്നെ വ്യക്തമാക്കുന്നു.
2016 അവസാനം പുറത്തിറങ്ങിയ നോവലിന്റെ രണ്ടാമത് പതിപ്പും ഇപ്പോള്‍ പുറത്തിറങ്ങി. സ്ത്രീകേന്ദ്രീകൃതമായ ഈ നോവല്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. എഡിറ്ററും എഴുത്തുകാരിയുമായ ഉഷ എസ് നായരാണ് നോവലിന് വിശദമായ ആമുഖം എഴുതിയിരിക്കുന്നത്.
ഞാനും ഗെയിലും വിശുദ്ധ നരകങ്ങളും, ഞാനും ഒരു സ്ത്രീ, പ്രണയസ്മരണ, മഴവില്‍മൗനം എന്നിവയാണ് ജെസ്മിയുടെ ഇതരകൃതികള്‍.