മണ്ണിന്റെ ആഴങ്ങളിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്നവയാണ് വേരുകള്‍. അതുപോലെ വായനക്കാരന്റെ മനസിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ വേരുകള്‍ സമ്മാനിക്കുന്നത്. 1966ല്‍ പ്രസിദ്ധീകൃതമായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാസ്പര്‍ശമുള്ള നോവലാണ് വേരുകള്‍ .മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായി വേരുകള്‍ പരക്കെ വിലയിരുത്തപ്പെടുന്നു. 1967ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് ഈ കൃതി അര്‍ഹമായി.1998ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ 50-ാം പതിപ്പ് പുറത്തിറങ്ങി.
കേരളത്തിലെ ഒരു തമിഴ് അയ്യര്‍ കുടുംബത്തിലെ അംഗമായ രഘുവിന്റെ കഥയാണ് വേരുകള്‍ പറയുന്നത്. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടവനാണ് രഘു. നഗരത്തില്‍ തനിക്കും കുടുംബത്തിനും താമസിക്കാനായി വീടുപണിയാനായി പണമുണ്ടാക്കാന്‍ വേണ്ടി തന്റെ കുടുംബ സ്വത്തുക്കള്‍ വില്‍ക്കാന്‍ രഘു നാട്ടിലേക്ക് പോകുന്നു. ഭാര്യയായ ഗീതയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാതി മനസോടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കാന്‍ രഘു തീരുമാനിക്കുന്നത്.
വളരെക്കാലത്തിനുശേഷം നാട്ടില്‍ ശേഷം എത്തുന്ന രഘുവിന്റെ മനസ്സിലേക്ക് പഴയകാല ഓര്‍മ്മകള്‍ കടന്നുവരുന്നു. ഒടുവില്‍ മരങ്ങള്‍ക്കുമാത്രമല്ല മനുഷ്യര്‍ക്കും വേരുകള്‍ സ്വന്തം മണ്ണിലാണ് എന്ന സത്യം മനസ്സിലാക്കിയ അയാള്‍ തന്റെ പരമ്പരാഗത സ്വത്തുക്കള്‍ വില്‍ക്കില്ല എന്ന തീരുമാനത്തോടെ തിരിച്ചുപോകുന്നതാണ് വേരുകള്‍ എന്ന നോവലിന്റെ ഇതിവൃത്തം.
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയില്‍ 1927 മേയ് 30നാണ് ജനിച്ചത്. കെ.വി. രാമകൃഷ്ണ അയ്യര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കെ.ആര്‍. വിശ്വനാഥസ്വാമിയും ജാനകി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം, മൂവാറ്റുപുഴ, കൊല്ലം, തിരുവല്ല, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1944 ല്‍ ആലുവ യു.സി. കോളേജില്‍ നിന്നും ഇന്റര്‍മീഡിയേറ്റും 1946ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദവും നേടി. തുടര്‍ന്ന് മാസം ആലുവ യു.സി. കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായി. 1949ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും ബി.എല്‍. ബിരുദം നേടി അദ്ദേഹം വക്കീലായി പ്രാക്ടീസ് തുടങ്ങി.
1955ല്‍ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ടായതു മുതലാണ് മലയാറ്റൂരിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ അദ്ദേഹത്തിന് ഐ.എ.എസ്. ലഭിച്ചു. സബ് കളക്ടര്‍, ജില്ലാ കളക്ടര്‍ ,ഗവ. സെക്രട്ടറി, റവന്യൂ ബോര്‍ഡ് മെമ്പര്‍, ലളിത കല അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ ജോലി ചെയ്ത അദ്ദേഹം 1981 ഫ്രെബ്രുവരിയില്‍ ഐ.എ.എസ്സില്‍ നിന്നും രാജിവെച്ചു.
ഔദ്യോഗികജീവിതത്തിലെ സ്മരണകള്‍ സര്‍വ്വീസ് സ്‌റ്റോറി എന്റെ ഐ.എ.എസ്. ദിനങ്ങള്‍ എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു. നോവല്‍, തിരക്കഥ, കാര്‍ട്ടൂണ്‍ തുടങ്ങിയ ബഹുമുഖ മേഖലകളില്‍ വ്യാപിച്ചുനില്‍ക്കുന്നതാണ് മലയാറ്റൂരിന്റെ സര്‍ഗാത്മകജീവിതം. തുടക്കം ഒടുക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പല ചലചിത്രങ്ങളുടെ തിരക്കഥാരചനയും മലയാറ്റൂര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. യക്ഷി, ചെമ്പരത്തി, അയ്യര്‍ ദി ഗ്രേറ്റ് എന്നിവയായിരുന്നു ഇവയില്‍ പ്രശസ്തമായവ.
തമിഴ് ബ്രാഹ്മണ ജീവിതവും ബ്യൂറോക്രസിയുടെ ഉള്ളുകള്ളികളുമാണ് മലയാറ്റൂരിന്റെ നോവലുകളിലെ പ്രധാന പ്രമേയങ്ങള്‍. വേരുകള്‍, നെട്ടൂര്‍മഠം, യന്ത്രം എന്നിവ ഇതിന്റെ മികച്ച മാതൃകകളാണ്. നിഗൂഢമായ മാനസിക പ്രവര്‍ത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മലയാറ്റൂര്‍ രചിച്ച നോവലാണ് പൊന്നി (1967). ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂര്‍ എഴുതിയ ബ്രിഗേഡിയര്‍ കഥകള്‍ പ്രസിദ്ധമാണ്. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയും, ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതും ഇദ്ദേഹമാണ്. വേരുകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1967) യന്ത്രത്തിന് വയലാര്‍ അവാര്‍ഡും (1979) ലഭിച്ചു.1997 ഡിസംബര്‍ 27ന് അദ്ദേഹം അന്തരിച്ചു.