ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കൃതിയാണ് ജി ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതാസമാഹാരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 60 കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പുഷ്പഗീതം, സന്ധ്യാതാരം, വൃന്ദാവനം, കുയില്‍, കാട്ടുമുല്ല, സൂര്യകാന്തി, ഇന്നു ഞാന്‍ നാളെ നീ, വിശ്വഹൃദയം, സാഗരഗീതം തുടങ്ങി മികച്ച കവിതകളാല്‍ സമ്പന്നമാണ് ഈ സമാഹാരം.
പ്രകൃതിസ്‌നേഹിയും ദേശസ്‌നേഹിയും മിസ്റ്റിക്കും വിപ്ലവകാരിയും ഇന്റര്‍നാഷണലിസ്റ്റുമെല്ലാമാണ് ജി ശങ്കരക്കുറുപ്പെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ കാട്ടിത്തരുന്നു. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകള്‍. മാനുഷികമഹത്വത്തില്‍ വിജൃംഭിതവീര്യവാനാവുകയും സൗന്ദര്യബോധത്തെ മനുഷ്യജീവിതത്തിന്റെ മൃതസഞ്ജീവനിയായി വിശ്വസിക്കുകയും ചെയ്യുന്ന ഒരക്ഷമഹൃദയത്തിന്റെ സ്പന്ദനമാണ് ഈ ഓടക്കുഴലില്‍ നിന്നുയരുന്ന നാദലഹരി. മലയാള കവിതയുടെ എക്കാലത്തെയും ധന്യമായ ഉപലബ്ധിയാണ് ഈ കാവ്യസമാഹാരം.
1950ലാണ് ഓടക്കുഴല്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. 1965ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 2001ലാണ് പുസ്തകത്തിന്റെ ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത്. പ്രൊഫ. എസ് ഗുപ്തന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹാകവി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്.
ഈ കൃതിയുടെ പേരില്‍തന്നെ പിന്നീട് പുരസ്‌കാരം നല്‍കിത്തുടങ്ങി. ജ്ഞാനപീഠ പുരസ്‌കാര തുകകൊണ്ട് അദ്ദേഹം രൂപംകൊടുത്ത ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത്. മലയാള കവിതാ ചരിത്രത്തില്‍ ഓടക്കുഴല്‍ പുരസ്‌കാരത്തിന്റെ പ്രസക്തി എത്രത്തോളം വലുതായിരുന്നു എന്നത് ഓടക്കുഴല്‍ എന്ന കൃതിയെതന്നെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്ന കവിതാ ചരിത്രത്തില്‍ ഓടക്കുഴലിന്റെ പ്രാധാന്യം എത്രയാണെന്ന് എടുത്തുപറയേണ്ടതുമില്ല. ജി ശങ്കരക്കുറുപ്പ് എന്ന കവി കവിതയുടെ രൂപത്തെ അതിനു ചെന്നുചേരാനുള്ള മറ്റെന്തോ ഒന്നായി കണ്ടിരുന്ന എഴുത്തുകാരനായിരുന്നു. അതിനാല്‍ അദ്ദേഹം കാവ്യസപര്യയുടെ ഒരദ്ധ്യായം തന്നെയാണ്. ഓടക്കുഴല്‍ സൂര്യകാന്തി എന്നീ നിരവധി കവിതകള്‍ അദ്ദേഹം എഴുതിയത് ആസ്വാദകര്‍ ഏറെ തവണ ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍ അവ രണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ജിയുടെ കവിതകളില്‍ സംസാരിക്കപ്പെടെണ്ടവ നിരവധി പിന്നെയും ബാക്കിയുണ്ടായിരുന്നു. ‘ഇന്ന് ഞാന്‍ നാളെ നീ’ എന്ന കവിത ജീവിതത്തിന്റെ നശ്വരതയെ വ്യക്തമാക്കുന്നതാണ്.
‘ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍, നാളെ നീ’
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!
പാതവക്കത്തെ
മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട
ചില ശുഷ്‌ക
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,… എന്നുതുടങ്ങുന്ന വരികള്‍ മരണത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമാണു മനുഷ്യന്‍ ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ച് ഓര്‍മ്മിക്കുന്നതെന്നും അപ്പോഴേക്കും സമയം ഒരുപാടുകഴിഞ്ഞുപോയിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഒരര്‍ത്ഥത്തില്‍ കവികള്‍ ക്രാന്തദര്‍ശികളാകുമ്പോള്‍ സത്യം മാത്രമേ കവിതകളായി പുറത്തു വരൂ. ജിയുടെ കവിതകള്‍ക്കും അങ്ങനെയരു ക്രാന്തദര്‍ശിത്വം ഉണ്ടെന്നുകാണ്. സൂര്യകാന്തിയിലെ ഈ വരികള്‍ ഇതിരുദാഹരണമാണ്..
‘സ്‌നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്‌നേഹത്തിന്‍ഫലം സ്‌നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം
സ്‌നേഹമേ പരം സൗഖ്യം, സ്‌നേഹഭംഗമേ ദുഖം,
സ്‌നേഹം മേ ദിക്കാലാതിവര്‍ത്തിയായ് ജ്വലിച്ചാവൂ!’…
ജി ശങ്കരക്കുറുപ്പിനെ എന്നും എക്കാലത്തും ഓര്‍മ്മിച്ചിടാന്‍ ഇത്രയും വാക്കുകള്‍ തന്നെ ധാരാളമാണ്. കവി അമരനാകാന്‍ ഒരു പുസ്തകത്തിന്റെ പേര് പോലും വേണമെന്നില്ല. ചില വരികള്‍ അനശ്വരമായാല്‍ മാത്രം മതിയാകും…!