ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എഴുത്തുകാരും സാഹിത്യകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന ഒൻപതാമത് ഷാർജ കുട്ടികളുടെ വായനോത്സവം ഏപ്രില്‍ 19 മുതല്‍ 29 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യയില്‍നിന്ന് അഞ്ച് എഴുത്തുകാരാണ് വായനോത്സവത്തിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ എഴുത്തുകാരിയായ നന്ദിനി നായര്‍, അനുഷ്‌ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന്‍ പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് ഇന്ത്യയില്‍ നിന്നും കുട്ടികളുടെ വായനോല്‍സവത്തിനായി എത്തുന്നത്.
15ലേറെ രാജ്യങ്ങളില്‍നിന്നു 150 പ്രദര്‍ശകരും മേളക്കെത്തും. മലയാളത്തില്‍നിന്നു ഡിസി ബുക്‌സാണു പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പ്രസാധകര്‍. സാഹിത്യ രംഗത്തെ പ്രമുഖരുടെ പ്രഭാഷണം, കുട്ടികളുമായി സംവാദം, ശില്‍പശാലകള്‍, സെമിനാറുകള്‍, ശാസ്ത്ര, നാഗരിക പ്രദര്‍ശനം, ബാലസാഹിത്യകൃതികള്‍ക്കു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, നാടകം, സംഗീതം, പാചക പരിപാടികള്‍ എന്നിവയടക്കം ആയിരത്തിലേറെ വിദ്യാഭ്യാസ, കലാസാംസ്‌കാരിക, വിനോദ പരിപാടികള്‍ വായനോത്സവവുമായി ബന്ധപ്പെട്ട് അരങ്ങേറും.
‘കണ്ടെത്തലിനുമപ്പുറം’ എന്ന പ്രമേയത്തില്‍ നടക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തില്‍, വായനയ്ക്കും വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പരിപാടികളാണ് ഒരുക്കിയതെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അംരി പറഞ്ഞു.