മലയാള കവിതയില്‍ കാല്പനിക ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധയനായ ഒഎന്‍വിയുടെ പ്രസിദ്ധമായ കവിതാ സമാഹാരമാണ് ഭൂമിക്ക് ഒരു ചരമഗീതം. പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തത പുലര്‍ത്തുന്ന മുപ്പത് കവിതകളാണ് ഭൂമിക്ക് ഒരു ചരമഗീതം എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഗ്രാമജീവിതത്തിന്റെ ലാളിത്യം ആവിഷ്‌കരിക്കുന്ന ആവണിപ്പാടം തൊട്ട് കാലികപ്രസക്തമായ രാഷ്ടീയപ്രമേയം സ്വീകരിച്ച ഒരു അറബിക്കഥ വരെയുള്ള കവിതകള്‍ വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിക്കുന്നത്.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം..!
പ്രകൃതിചൂഷണത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കവിതകളിലൊന്നാണ് ഭൂമിക്കൊരു ചരമഗീതം. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ഒാട്ടത്തില്‍ അവനും അവന്റെ നിലനില്‍പിനാധാരമായ പ്രകൃതിയും ഇല്ലാതാവുമെന്ന ഭീതി പങ്കുവയ്ക്കുന്ന കവിതയാണ് സൂര്യഗീതം. എല്ലാം നഷ്ടപ്പെടുന്നവരുടെ നിസ്സഹായമായ നിലവിളിയാണ് കൃഷ്ണപക്ഷത്തിലെ പാട്ട് എന്ന കവിത. സിംഫണികളുടെ സ്രഷ്ടാവായ ബീഥോവാന്റെ സംഗീതം തന്നിലുണര്‍ത്തുന്ന അനുഭൂതിലോകത്തെ പ്രസരിപ്പാര്‍ന്ന ജീവിതചിത്രങ്ങളിലൂടെ കവി സമര്‍ഥമായി പകര്‍ത്തുന്ന കവിതയാണ് ആറാം സിംഫണി.
പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!
സ്ത്രീജീവിതത്തിന്റെ അരക്ഷിതത്വവും വേദനയും ലളിതമെങ്കിലും തീവ്രമായി അവതരിപ്പിക്കുന്ന കവിതകളാണ് കോതമ്പുമണികളും കുഞ്ഞേടത്തിയും. സാമൂഹ്യപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ തന്നെയാണ് ഒരുപുരാവൃത്തം, കാഞ്ചനസീത, ആമ്പല്‍പ്പൂ വില്‍ക്കുന്ന പെണ്‍കുട്ടി, ഒരു തൈനടുമ്പോള്‍, എന്റെ മണ്ണില്‍ തുടങ്ങിയ കവിതകള്‍ .ഇസ്രായേലില്‍ ജൂതരാജ്യം കെട്ടിപ്പൊക്കാന്‍ കൂട്ടുനിന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതയും പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യദാഹവും ഉള്‍ക്കൊള്ളുന്ന കവിതയാണ് ഒരു അറബിക്കഥ. ഭാരതത്തിന്റെ ഭാഗധേയത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കവിതകളാണ് ഇന്ത്യ 1984 : മൂന്നു ഗീതങ്ങള്‍ .
ഭൂമിയുടെയും അതിലെ ജീവന്റെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന ഭൂമിക്കൊരു ചരമഗീതം 1984ലാണ് പ്രസിദ്ധീകരിച്ചത്. സ്വപ്നത്തിന്റെ മായികതയും ഉണര്‍വിന്റെ ജാഗ്രതയും ഒരു പോലെ പ്രകടമാക്കുന്ന കവിതാസമാഹാരത്തിന്റെ മുപ്പത്തിയാറാമത് പതിപ്പ് പുറത്തിറങ്ങി.