അദ്ധ്യാപകപരിശീലകന്‍, ബാലസാഹിത്യകാരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായ എസ് താണുവന്‍ ആചാരിയുടെ ഏഴാമത്തെ കവിതാസമാഹാരമാണ് അണുകുടുംബത്തിലെ കുട്ടി. കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രചിച്ചവയാണ് ഇതിലെ ഒരോ കവിതയും. സമകാലീനസമൂഹത്തിലെ സ്വാര്‍ത്ഥപരവും മനുഷ്യത്വരഹിതവുമായ കുത്തൊഴുക്കും അതിനെതിരെ പ്രകൃതിസ്‌നേഹത്തിന്റെയും തത്ത്വചിന്തയുടേതുമായ ഒരു തടയണ കെട്ടാനുള്ള ആഹ്വാനമാണ് ഈ കവിതകളുടെയെല്ലാം പ്രതിപാദ്യം. മാത്രമല്ല താളവും വൃത്തവും എല്ലാം നിബന്ധിക്കുന്നുണ്ട് ഒരോ കവിതയിലും.
കണിക്കൊന്ന, കരിയില, പറയൂ ഞാനാര്, വാക്ക്, ഔഷധി, സ്വയംഭബൂ, ജ്യോതിജ്വാല, അന്ത്യം തുടങ്ങി സുന്ദരമായ ഇരുപത്തിരണ്ട് കവിതകളാണ് അണുകുടുംബത്തിലെ കുട്ടി എന്ന സമാഹാരത്തിലുള്ളത്. കേവലം എട്ടുവരികളിലോ, പന്ത്രണ്ട് വരികളിലോ മാത്രം ഒതുങ്ങിപ്പോകുന്ന കവിതകളും ദീര്‍ഘ കവിതകളും ഈ സമാഹാരത്തിനുണ്ട്. എന്നാല്‍ അവയെല്ലാം ആശയപരമായി മികച്ചതുതന്നെയാണ്. മാത്രമല്ല കുട്ടികലെ ലക്ഷ്യംവച്ചെഴുതിയ ഈ കവിതകളില്‍ തത്ത്വചിന്ത, മനഃശാസ്ത്രം, ഗുണപാഠം, സാരോപദേശം എന്നിവയക്ക് മുന്‍തൂക്കം കൊടുക്കുന്നുമുണ്ട്.
വര്‍ക്കല സ്വദേശിയും അദ്ധ്യാപകനുമായ എസ് താണുവന്‍ ആചാരിയക്ക് മികച്ച അദ്ധ്യാപകപ്രതിഭയ്ക്കുള്ള പുരസ്‌കാരം, ബി ആര്‍ അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് , ശ്രീബുദ്ധാ യൂണിവേഴ്‌സല്‍ എക്‌സലന്‍ അവാര്‍ഡ് തുടങ്ങി നിരവധിപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലങ്ക, മരംപെയ്യുന്നു, ഒറ്റയാന്‍, അമ്മഭൂമി, മുഖവും ചിരിക്കുന്നു, കരുണതേടുന്ന ബാല്യം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുകൃതികള്‍.