ഒരു മഴയെ ഇരുമ്പുബോഗികള് കൊണ്ട് തുരന്നുപായുന്ന തീവണ്ടിയില്‍ കോടമ്പാക്കത്തിന്റെ ആളിരമ്പങ്ങളിലേക്ക് എത്തിച്ചേരുമ്പോള്‍ കണ്ടകത്ത് അബ്ദുല്‍ മജീദ് കമാലുദ്ദീന് ആകെയുള്ള പരിചയക്കാരന് നാട്ടുകാരനും ബന്ധുവുമായ നടന് ബഹദൂര്‍ മാത്രമായിരുന്നു. എന്നാല്‍ സഹസംവിധായകനാകാന്‍ വന്ന ആ ചെറുപ്പക്കാരനെ സിനിമ വേണ്ട എന്ന് ഉപദേശിച്ച് നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് എടുത്തു കൊടുക്കയാണ് ബഹദൂര്‍ ചെയ്തത്. സിനിമയാണ് തന്റെ വഴി എന്നുറപ്പിച്ചിരുന്ന അയാള്‍ തോറ്റ് പിന്മാറാന് തയ്യാറായില്ല. വാണവരുടെയും വീണവരുടെയും ലോകമായ സിനിമയില്‍ തനിക്കും ഒരു ഇടം കിട്ടുമെന്നുതന്നെ അയാള്‍ പ്രത്യാശിച്ചു.
37 വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലായ വ്യക്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും മലയാള സിനിമാ ടെക്നീഷ്യന്‍സിന്റെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റുമാണ്. ഇതിനകം സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ അനവധി തവണ അദ്ദേഹത്തെ തേടിയെത്തി. 44 സിനിമകളാണ് ഇതുവരെ അദ്ദേഹം സംവിധാനം ചെയ്തത്. കമല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.
ബഹദൂറിന്റെ വീട്ടുമുറ്റത്തുനിന്ന് തുടങ്ങിയ സിനിമായാത്രയിലെ അനുഭവങ്ങള്‍ ഹൃദയാവര്‍ജ്ജകമായ രീതിയില്‍ കമല്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് ആത്മാവിന് പുസ്തകത്താളില്‍. ഒരു സംവിധായകനാകാനായി കമല്‍ താണ്ടിയ ദൂരങ്ങള്‍ അടയാളപ്പെടുത്തുന്ന ആത്മാവിന് പുസ്തകത്താളില്‍ കമല്‍ സിനിമകളുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങളിലേക്കും കടന്നുചെല്ലുന്നു. പി.എന്‍.മേനോന്, ഭരതന്, കെ.എസ്.സേതുമാധവന് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം നിന്ന് സിനിമ പഠിച്ച അദ്ദേഹം മലയാള സിനിമയില്‍ ഏറ്റവുമധികം ശിഷ്യസമ്പത്തുള്ള സംവിധായകനായി മാറിയതിന്റെ വേറിട്ട അനുഭവങ്ങള്‍ പുസ്തകത്തെ അതീവഹൃദ്യമാക്കുന്നു.
കമലിന്റെ ജീവിതമെന്നപോലെ തന്നെ മൂന്നര പതിറ്റാണ്ടിലെ മലയാള സിനിമയുടെ ചരിത്രവും ആത്മാവിന് പുസ്തകത്താളില്‍ എന്ന പുസ്തകത്തെ സമ്പന്നമാക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാക്കാലം മുതല്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡിജിറ്റല്‍ സിനിമാക്കാലം വരെ പുസ്തകത്തില്‍ കടന്നുവരുന്നു. ബന്ധങ്ങളിലും സംസ്കാരങ്ങളിലും സിനിമ കൈവിട്ട ഊഷ്മളതയെക്കുറിച്ചും കമല്‍ ആശങ്കാകുലനാകുന്നു.
ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ഉണ്ണികൃഷ്ണന് ആവളയാണ് കമലിനൊപ്പം ചേര്‍ന്ന് ഈ പുസ്തകം തയ്യാറാക്കിയത്. ഗര്‍ഭപാത്രമുള്ള ഒരു പുരുഷന്റെ സാഹസിക ജീവിതത്തെക്കുറിച്ച് പറഞ്ഞ വിപരീതം ഉണ്ണികൃഷ്ണന്റെ ആദ്യകൃതിയാണ്. വിബ്ജ്യോര്‍ യങ് ഫിലിം മേക്കര്‍ ഫെല്ലോഷിപ്പ്, ഭരത് പി.ജെ.ആന്റണി നാഷണല്‍ അവാര്‍ഡ്, മികച്ച ഡോക്യുമെന്ററിക്കുള്ള കോണ്ടാക്ട് പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡി സിബുക്സ്പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി..