നൈജീരിയിലെ സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണ് ഹെലണ്‍ ഹബിലയുടെ ഓയില്‍ ഓണ്‍ വാട്ടര്‍. ഒരു രാജ്യത്തിന്റെ ഉന്നതിക്കു കാരണമാകുന്ന, അവിടത്തെ സാമ്പത്തിക വ്യവസ്ഥിതിയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന എണ്ണ എങ്ങനെ ആ രാജ്യത്തെ പൗരന്മാരുടെ ജീവിതത്തിനു ശാപമായി മാറുന്നു എന്നതാണ് ഹെലണ്‍ ഹബില തന്റെ നോവലിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
നൈജീരിയയില്‍ പെട്രോളിയം ഉണ്ടെന്ന കാര്യം 1950-കളില്‍ തിരിച്ചരിഞ്ഞതോടെ സാമ്പത്തികമായി ഉന്നതിയിലേക്ക് കുതിക്കാന്‍ പ്രാപ്തമാകുന്ന ഒരു ആഫ്രിക്കന്‍ രാജ്യമായി നൈജീരിയ കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഗവണ്‍മെന്റിന്റെ ഇടപെടലുകളും കുത്തക കോര്‍പ്പറേറ്റ് കമ്പനികളുടെ ചീഷണവും നിരന്തമാകുമ്പോള്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്.
നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ഹെലണ്‍ ഹബിലയുടെ മൂന്നാമത്തെ നോവലായ ഓയില്‍ ഓണ്‍ വാട്ടറില്‍ നൈജീരിയയിലെ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് അദ്ദേഹം പ്രമേയമാക്കുന്നത്. ഈ നോവലിന്റെ മലയാള പരിഭാഷയാണ് എണ്ണപ്പാട.
സാക്, റൂഫസ് എന്ന രണ്ടു പത്രപ്രവര്‍ത്തകര്‍ എണ്ണ കമ്പനി എക്‌സിക്യൂട്ടീവ് എന്‍ജിനീയറിന്റെ ഭാര്യയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്നതാണ് നോവലിന്റെ ആരംഭം. സാക് വളരെ നാളത്തെ പ്രവര്‍ത്തി പരിചയമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. റൂഫസ് പത്രപ്രവര്‍ത്തനത്തില്‍ തുടക്കക്കാരനും.
സാക്കിന് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച അവസരം നല്ലൊരു അന്വേഷണാത്മക പത്രപ്രവര്‍ത്തനതിനുള്ള ജോലിയായി കണക്കാക്കുമ്പോള്‍ തന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്ന ജോലി ഏറ്റെടുത്തതായാണ് റൂഫസിന് തോന്നുന്നത്. പക്ഷേ ഗ്രാമീണരുടെ ഇടയിലേക്കുള്ള യാത്രയില്‍ നൈജീരിയയിലെ യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് അവരെ എതിരേല്‍ക്കുന്നത്. തങ്ങളെ സഹായിക്കാനെത്തിയ ഗ്രാമത്തിലെ വൃദ്ധനേയും അയാളുടെ കൊച്ചുമകനേയും പട്ടാളക്കാര്‍ പിടിക്കുമ്പോഴാണ് തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ തീവ്രതയും ഗൗരവവും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും റൂഫസിന് മനസ്സിലാകുന്നത്. പട്ടാളക്കാരുടെ ഇടയില്‍ തങ്ങള്‍ പത്രപ്രവര്‍ത്തകരാണെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും നഷ്ടപ്പെടുമ്പോള്‍ സ്വന്തം ജീവനുപോലും വിലയില്ല എന്നത് അവര്‍ക്ക് ബോധ്യമാകുന്നു.
കുത്തക എണ്ണകമ്പനികള്‍ക്കും ഗവണ്‍മെന്റിനുമെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രാമീണസേനയുടെ ആക്രമണങ്ങളും സാധാരണക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. ദാരിദ്ര്യത്തിനും അക്രമങ്ങള്‍ക്കുമിടയില്‍ ഗ്രാമങ്ങളില്‍ ഉടലെടുക്കുന്ന അസുഖങ്ങളും സാധാരക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. സാക്കും ഈ അസുഖത്തിന്റെ പിടിലകപ്പെടുന്നതോടെ റൂഫസിന്റെ അന്വേഷണത്തിന്റെ ദിശയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
മനുഷ്യജീവനു തങ്ങള്‍ കുഴിച്ചെടുക്കുന്ന എണ്ണയുടെപോലും വിലയില്ലാത്ത അവസ്ഥയാണ് തന്റെ നോവലിലൂടെ നോവലിസ്റ്റ് ആവിഷ്‌ക്കരിക്കുന്നത്. എണ്ണപ്പാട എന്ന നോവലില്‍ നൈജീരിയയിലെ അരക്ഷിതാവസ്ഥയുടെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതികളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും യഥാര്‍ത്ഥ ചിത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്. സാമൂഹ്യ പ്രവര്‍ത്തകയും വിവര്‍ത്തകയുമായിരുന്ന നന്ദിനി സി. മേനോനാണ് ഓയില്‍ ഓണ്‍ വാട്ടര്‍ നോവലിന്റെ തനിമചോരാതെ തന്മയത്വത്തോടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.