തുടക്കം മുതല്‍ കേട്ടിരിയ്‌ക്കാന്‍ രസമുള്ള കഥയാണ് സിനിമാക്കഥ. ഒരു മിനിറ്റോളം നീളം വരുന്ന സിനിമയായിരുന്നു ആദ്യത്തെ സിനിമ. ആ സിനിമയാണ് ഇന്ന് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന അത്ഭുത പരാക്രമങ്ങള്‍ കാട്ടുന്ന തരത്തിലേക്ക് വളര്‍ന്നത്. ആ അതിശയകഥയാണ് സിനിമാക്കഥ എന്ന പുസ്തകത്തിലൂടെ പറയുന്നത്.
മനുഷ്യന്റെ നീണ്ടകാലത്തെ ആഗ്രഹത്തിന്റെ ഫലമാണ് സിനിമ എന്നത്. ചിന്തകരും ശാസ്ത്രജ്ഞന്മാരുമായ പ്രഗത്ഭരാണ് സിനിമ എന്ന ജാലവിദ്യ കണ്ടെത്തിയത്. അന്ന് മുതല്‍ ഇക്കാലം വരെയും സിനിമ എന്ന ജാലവിദ്യയില്‍ ധാരാളം പരിവര്‍ത്തനങ്ങളും കണ്ടെത്തലുകളും പരീക്ഷണങ്ങളും നടന്നുവരുന്നു. അഭ്രപാളിയില്‍ തെളിയുന്ന ചലച്ചിത്രത്തിന് പിന്നില്‍ ചില സാങ്കേതികവിദ്യകളുണ്ട്. ഇന്ന് രണ്ട് രണ്ടര മണിക്കൂര്‍ കരഞ്ഞും ചിരിച്ചും സന്തോഷത്തോടെയും നാം കാണുന്ന സിനിമകള്‍ക്ക് പിന്നിലെ കാണാക്കാഴ്ചകളും ചരിത്രവും പ്രതിപാദിക്കുന്ന പുസ്തകമാണ് സിനിമാക്കഥ.
പേരുപോലെതന്നെ ഒരു കഥപറയുന്ന ലാഘവത്തോടെ ലളിതമായിട്ടാണ് സിനിമയുടെ ചരിത്രത്തെക്കുറിച്ചും, ഇന്ത്യന്‍ സിനിമെയക്കുറിച്ചും സനിമ പകര്‍ത്തുന്ന കാമറകണ്ണുകളെക്കുറിച്ചും, ശബ്ദദവിന്യാസത്തെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും, സിനിമയുടെ പിറവിയെക്കുറിച്ചുമെല്ലാം സിനിമാക്കഥയില്‍ പറഞ്ഞുപോകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ സിനിമയുടെ കലയും സാങ്കേതികവിദ്യയും ലളിതമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. തിരക്കഥാരചനയുടെ സാങ്കേതിക വിവരങ്ങള്‍, സംവിധാനം, എഡിറ്റിങ്, സംഗീതം, ഡി ഐ തുടങ്ങി ഒരു സിനിമ തിയേറ്ററില്‍ പ്രേക്ഷകനുമുന്നില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ സിനിമാക്കഥയില്‍ ചര്‍ച്ചചെയ്യുന്നു.
സിനിമ സ്വപ്‌നംകാണുന്നവര്‍ക്ക് മുതല്‍ക്കൂട്ടായ ഈ പുസ്തകം തയ്യാറാക്കിയത് നടിയും എഴുത്തുകാരിയുമായ ഊര്‍മ്മിള ഉണ്ണിയാണ്. തിരുവല്ല നെടുപ്രത്തു കൊട്ടാരത്തില്‍ മനോരമ രാജയുടെയും അനുജന്‍ രാജയുടെയും മകളായി ജനിച്ച ഉര്‍മ്മിള 1988ല്‍ ജി അരവിന്ദന്റെ മാറാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയത്. പിന്നീട് നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പാഞ്ചാലിക, ഗണപതി, ഒരു ചിമിഴ് മനസ്സ് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത് സിനിമാക്കഥ സി സി ബുക്‌സ് റെഫറന്‍സ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചത്.
The post സിനിമാക്കഥ appeared first on DC Books.