ഇസ്ലാമില്‍ ഒരു സ്ത്രീക്ക് സഞ്ചരിക്കാവുന്ന ദൂരത്തിന് അതിരുകളില്ലെന്ന് സ്ഥാപിക്കുകയും, എന്നാല്‍ എത്ര ദൂരം സഞ്ചരിച്ചാലും അവള്‍ ഇസ്ലാമിന്റെ അതിരുകള്‍ക്കുള്ളില്‍ത്തന്നെയായിരിക്കുമെന്നും സ്ഥാപിക്കുന്ന നോവലാണ് ഡോ ഖദീജ മുംതാസിന്റെ ബര്‍സ. ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നാണ് അര്‍ത്ഥം. ഈ നോവലിലൂടെയാണ് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസറായ ഖദീജ മുംതാസ് സാഹിത്യരംഗത്തേക്ക് കടന്നുവരുന്നത്.
സൗദി അറേബ്യയില്‍ ജോലിക്കായെത്തുന്ന മുസ്ലിം ദമ്പതിമാരായ സബിതയും റഷീദുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍.. കേരളത്തില്‍ മലബാറിലെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ ഊഷ്മളതയില്‍ നിന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ വലിയവനെന്നും ചെറിയവനെന്നും തരം തിരിവുകളുമായ് കഴിയുന്ന മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടലായിരുന്നു ഇത്.. ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കഥാനായികയില്‍ അലോസരമാവുന്നു നല്ലൊരു ഡോക്റ്റര്‍ എന്നനിലയില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ സുസമ്മതയാവുമ്പൊഴും നല്ലൊരു മുസ്ലിം എന്ന ലേബല്‍ അവള്‍ക്ക് ലഭിക്കാതെ പോവുന്നു… ആരാണ് നല്ല മുസ്ലിം എന്നതിന് കണ്ടുമുട്ടുന്നവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാവുന്നതിലപ്പുറമാണ്…
സബിതക്കു മുന്നില്‍ ചോദ്യമാവുന്ന മറ്റൊരു പ്രശ്‌നം സ്ത്രീകളുടെ ദുരിതങ്ങളാണ്.. ബഹുഭാര്യാത്വത്തെ സ്ത്രീകള്‍ പോലും അംഗീകരിക്കുന്നതിനെ വേദനയോടെയാണ് അവള്‍ കാണുന്നത്.. കന്യാഛേദത്തിന്റെ ക്രൂരതയും അതിന്റെ നിറവില്‍ തെളിഞ്ഞു നില്‍ക്കുന്നു..ജീവതം ഒരു ഒളിച്ചോട്ടമാവുന്ന ചിലരും ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരും പിന്നെ ഒരു പര്‍ദ്ദയുടെ പുണ്യംകൊണ്ട് പലതിനെയും മറക്കുന്നവരുമുണ്ട്.. കുറച്ചു നാളത്തേക്കല്ലാതെ തനിക്ക് കുടുംബത്തെ സഹിക്കാനാവില്ലെന്ന് പറയുന്ന വഹീദയും കൂടെകൂട്ടാന്‍ കഴിവുണ്ടായിട്ടും കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയിരിക്കുന്ന മുഹമ്മദ് ഡോക്റ്ററുമെല്ലാം അവരില്‍ ചിലരാവുന്നു… ഇങ്ങനെ സവിതയുടെ മനസ്സിലൂടെ വികസിക്കുന്ന നോവലാണ് ബര്‍സ. 2007ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2010ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. പുസ്തകത്തിന്റെ പത്താമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ഷംസുദ്ദീനിന്റെയും ഫാത്തിമയുടെയും മകളായാണ് ഖദീജാ മുംതാസ് ജനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.
ബര്‍സയ്ക്ക് പുറമെ ആതുരം എന്ന നോവലും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ ദൈവമല്ല, മാതൃകം എന്നീ ഓര്‍മ്മക്കുറിപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
The post ബര്‍സ-മുഖം തുറന്നിട്ടവള്‍ appeared first on DC Books.