പരീക്ഷയുടെ പരീക്ഷണശാലകളില്‍ നിന്ന് പുറത്തുകടന്നു. എന്നാല്‍ ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലുണ്ടോ പുറത്ത്? ഒഴിവുകാലത്ത് നീന്തിത്തുടിച്ചു കുളിച്ചിരുന്ന കുളങ്ങളും തോടുകളും അരുവികളും വറ്റിവരണ്ടിരിക്കുന്നു, കാടുകളെ അഗ്നി വിഴുങ്ങുന്നു…തിമര്‍ത്തുല്ലസിക്കാന്‍ എവിടെ കേരളപ്രകൃതിയും തണുപ്പും പച്ചപ്പും? വിരസനേരങ്ങളുടെ മടുപ്പകറ്റാന്‍ ഭാവനയുടെ തോണിയേറുകതന്നെ വേണം, അല്ലേ? സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ടി.വിയുമൊക്കെ കയ്യെത്തും ദൂരത്തുണ്ടണ്ട്. നമ്മുടെ മാനസസഞ്ചാരങ്ങളെ, സങ്കല്‌ലോകങ്ങളെ അവയൊക്കെ വല്ലാതെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. കാണലും കേള്‍ക്കലുമെല്ലാം ഇവയില്‍നിന്നു മാത്രമായി. പുറത്തുള്ള ജീവിതങ്ങളെ നോക്കാന്‍ നമുക്കൊട്ടും നേരമില്ലാതായി. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഒഴുകിനീങ്ങുന്ന ഒരു മായികജീവിതത്തിന്റെ ഉടമകളായി നാം എത്ര പെട്ടെന്നാണ് മാറിപ്പോയത്!! നവ മാധ്യമങ്ങള്‍ നമുക്കുമുന്നില്‍ വായനയുടെ പുതിയൊരു വാതില്‍ തുറന്നിട്ടിട്ടുണ്ടണ്ട്. ഈ വായനയുടെ അനന്തമായ സാധ്യതയിലേക്ക് അതിലൂടെ നമുക്കു പ്രവേശിക്കാം. ഇതെഴുതുമ്പോള്‍ പ്രോജക്റ്റ് ഗുട്ടന്‍ബര്‍ഗിന്റെ വെബ്‌സൈറ്റില്‍ 53,000 സൗജന്യ ഇ പുസ്തകങ്ങള്‍ ലഭ്യ മാണ്. ഗുട്ടന്‍ബര്‍ഗില്‍ നിന്ന് സക്കര്‍ബര്‍ഗിലേക്കെത്തുമ്പോള്‍ വായനയുടെ സ്വഭാവംതന്നെ മാറിപ്പോയിരിക്കുന്നു. ഈ അവധിക്കാലം ഉഷ് ണപ്പുതപ്പുകൊണ്ട് നമ്മെയാകെ മൂടുമ്പോള്‍, ഭാവനയുടെയും സ്വപ്നങ്ങളുടെയും മനോഹരലോകങ്ങളിലേക്ക് ഒരു ഏകാന്തസഞ്ചാരം എത്ര വിസ്മയകരമായിരിക്കും! അത്തരം സഞ്ചാരങ്ങള്‍ക്ക് ഒറ്റ വഴിയേയുള്ളൂ: പുസ്തകവായന. ശരിയാണ്, വായന യാത്രപോലെയാണ്. ഇതുവരെ നിങ്ങള്‍ കാണാത്തദേശങ്ങള്‍, കാഴ്ചകള്‍, അനുഭവങ്ങള്‍, വ്യക്തികള്‍, നിറങ്ങള്‍, രുചികള്‍, അറിവുകള്‍….
വായന നമ്മുടെ ഏകാന്തതയെ ജനനിബിഡമാക്കുന്നു. എന്നാല്‍ ഏകാന്തധ്യാനത്തിന്റെ വിജനതീരത്തേക്ക് ചിലപ്പോഴൊക്കെ പുസ്തകങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും…എന്തിനാണു വായിക്കുന്നത്? മനുഷ്യനില്‍നിന്ന് പുസ്തകത്തെ കിഴിച്ചാല്‍ അവശേഷിക്കുന്നത് കാടത്തമാണെന്ന് പറയാറുണ്ട്. അപ്പോള്‍, മനുഷ്യരെ സംസ്‌കൃത ചിത്തരാക്കുകയാണ് വായന ചെയ്യുന്നത് എന്നര്‍ത്ഥം. ഈ ലോകത്തെ സൗന്ദര്യാത്മകമായി പുനര്‍നിര്‍മ്മിക്കുകയാണ് ഓരോ പുസ്തകവും ചെയ്യുന്നത്. സമൂഹത്തിന്റെ ആത്മകഥയാണ് ഓരോ പുസ്തകവും പറയുന്നത്. അതിനാല്‍ പുസ്തകം വായിക്കുമ്പോള്‍ നാം സമൂഹത്തെ സ്പര്‍ശിക്കുന്നു, ചരിത്രത്തെ അറിയുന്നു, മനുഷ്യമനസ്സിന്റെ നിറഭേദങ്ങളെ മനസ്സിലാക്കുന്നു. പുസ്തകം വായക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? നമുക്ക് അജ്ഞാതരായ മനുഷ്യരും ദേശങ്ങളും മുന്നില്‍വന്നു നിറയുന്നു. കാരുണ്യവും സ്‌നേഹവും ദയയും സന്താപവുമെല്ലാം ഹൃദയതന്ത്രികളില്‍ ഉണരുന്നു. ചിന്തയുടെയും ദര്‍ശനങ്ങളുടെയും കാനനങ്ങളിലൂടെ പുസ്തകങ്ങള്‍ നമ്മെ വഴിനടത്തുന്നു. കേവലമായ വിജ്ഞാത്തെ ജ്ഞാനമാക്കി മാറ്റുന്ന രാസപ്രവര്‍ത്തനമാണ് വായന നടത്തുന്നത്.
പുസ്തകവായനയെ ലഹരിയായി അനുഭവിച്ച പ്രതിഭാശാലികള്‍ നിരവധിയാണ്. ഒഴിവുവേളകളില്‍ അക്കിത്തത്തിന്റെ വീട്ടിലേക്ക് നടന്നുപോയി പുസ്തകങ്ങള്‍ എടുത്തുകൊണ്ടണ്ടുവന്ന് ആര്‍ത്തിയോടെ വായിച്ചിരുന്ന കുട്ടിക്കാലം എം.ടി ഓര്‍ക്കുന്നുണ്ടണ്ട്. അക്കാലത്തെ വായനയാണ് തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ടണ്ട്. പുസ്തകവായനകൊണ്ടണ്ട് തന്റെ രോഗപീഢകളെ മറക്കാന്‍ ശ്രമിച്ച രാഹുലന്‍ എന്ന കുട്ടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയാംവിധം ഇയ്യിടെയാണ് എം.ടി എഴുതിയത്. കുട്ടിക്കാലത്തെ വായന തന്റെ വ്യക്തിത്വത്തെയും എഴുത്തിയെും സ്വാധീനിച്ചതിനെക്കുറിച്ച് സക്കറിയയും എഴുതിയിട്ടുണ്ടണ്ട്. നാമോരുത്തരുടെയും അഭിരുചികള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. കഥകളും കവിതകളും ആത്മകഥകളും സഞ്ചാരസാഹിത്യവും എന്നുവേണ്ട ദാര്‍ശനിക കൃതികളും ഗണിതശാസ്ത്രകൃതികളും വരെ രസം പിച്ച് വായിക്കുന്നവരുണ്ടണ്ട്.
നമ്മുടെ ലോകബോധത്തെയും കാഴ്ച്ചപ്പാടിനെയും മാറ്റിമറിക്കുന്നതില്‍ നാം വായിച്ച പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ടണ്ട്. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്നകഥയും വൈലോ പ്പിള്ളിയുടെ എണ്ണപ്പുഴുക്കള്‍ എന്ന കവിതയുമൊക്കെ പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിനെ ആഴത്തില്‍ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നാലപ്പാട്ട് നാരായണമേനോന്‍ വിവര്‍ത്തനം ചെയ്ത വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന നോവല്‍ ബഷീര്‍, തകഴി, കേശവദേവ് എന്നീ എഴുത്തുകാരുടെ രചനാരീതിയെയും ജീവിതദര്‍നത്തെയും ഏറെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഇംഗ്‌ളീഷ് നോവലുകളുടെ പാരായണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇന്ദുലേഖ രചിച്ചത് എന്ന് ചന്തുമേനോന്‍ എഴുതിയിട്ടുണ്ട്. ഒഴിവുകാലം പുസ്തകങ്ങളുമായി ചങ്ങാത്തംകൂടാനുള്ള വേളകൂടിയാണ്. കൂടുതല്‍ നല്ല മനുഷ്യരാകാനുള്ള പരിശീലനംകൂടിയാണ് ഓരോ പുസ്തകവായനയും.
പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ പ്രായവും അഭിരുചികളുമൊക്കെ പരിഗണിക്കേണ്ടതുണ്ട്. എങ്കിലും നിശ്ചിത പ്രായത്തില്‍ അനിവാര്യമായും അവര്‍ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളുമുണ്ട്. നമ്മുടെ വൈകാരികജീവിതത്തെ സ്പര്‍ശിക്കുന്നതും വൈചാരിക ലോകത്തെവികസ്വരമാക്കുന്നതുമായ പുസ്തകങ്ങളുണ്ട്. വായനയ്ക്ക് അന്വേഷണത്തിന്റെ ഒരു സ്വഭാവമുണ്ട്. ഒരുപക്ഷേ അത് ആനന്ദാന്വേഷണമായിരിക്കാം; വിജ്ഞാനാന്വേഷണമായിരിക്കാം. അവനവനെത്തന്നെ ഏറ്റവും സൂക്ഷ്മമായ തലത്തില്‍ കണ്ടെത്തുവാനുള്ള ആത്മാന്വേഷണമായിരിക്കാം. ഓരോ കൃതിയുടെയും വായന നമ്മെ പുതിയ മനുഷ്യരാക്കുന്നുണ്ട്. തികച്ചും നവീനമായ ഒരനുഭവത്തില്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവരായാണ് ഓരോ പുസ്തകത്തിന്റെയും ഗാഢപാരായണത്തിനുശേഷം നാം മാറുന്നത് എഴുത്തുകാര്‍ ഊതിക്കാച്ചിയെടുത്ത അനുഭവഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാര്‍വിസ്മയ ഭരിതരാകുന്നു. ചിലപ്പോഴൊക്കെ ദുഃഖിയും വിരഹിയുമാകുന്നു. മറ്റുചിലപ്പോള്‍ വൈരാഗിയും തത്ത്വാന്വേഷകരുമാകുന്നു. ചിലനേരങ്ങളില്‍ കലാപകാരിയും പ്രതിഷേധിയുമാകുന്നു. അങ്ങനെ ഗ്രന്ഥപാരായണം മനുഷ്യരുടെ ബൗദ്ധികവും വൈകാരികവുമായ ആന്തരികലോകങ്ങളെ അടിമുടി നവീകരിക്കുന്നു; രിണമിപ്പിക്കുന്നു. കുട്ടിക്കാലത്ത് കേവലമായ കൗതുകമോ വിനോദമോ ആയി ആരംഭിക്കുന്ന വായന കാലം ചെല്ലുമ്പോള്‍ ഗൗരവമായ തെരഞ്ഞെടുപ്പുകളിലേക്ക് നമ്മെ നയിച്ചേക്കാം. പ്രപഞ്ചജാലകത്തിന്റെ വാതില്‍പ്പാളികള്‍ തുറന്ന് ജ്ഞാനത്തിന്റെ വിഹായസ്സിലേക്ക് വായന നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
പ്രൊഫ. എം.കഷ്ണന്‍നായരും പി.ഗോവിന്ദപ്പിള്ളയും എം.ടി.യുമൊക്കെ കേരളത്തിലെ പേരുകേട്ട വായനക്കാരാണ്. വായനയെ തപസ്യയാക്കിമാറ്റിയ നിശ്ശബ്ദരായ ആയിരക്കണക്കിനുപേര്‍ നമുക്കുചുറ്റുമുണ്ട്. പതിനെട്ടാമത്തെ വയ സ്സില്‍ ഒരു തിയ്യാടിപ്പെണ്‍കുട്ടിക്ക് ശിഷ്യപ്പെട്ട് അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ച വി.ടി.ഭട്ടതിരിപ്പാട് പഴയ പത്രക്കടലാസില്‍ നിന്ന് ‘മാന്‍ മാര്‍ക്ക് കുട’ എന്ന പരസ്യവാചകമാണ് ആദ്യമായി വായിച്ചത്. വായന നല്‍കിയ വെളിച്ചംകൊണ്ട് ഒരു സമുദായത്തെ വിമോചനത്തിലേക്കു നയിക്കാനുള്ള കരുത്തുനേടിയതിനെക്കുറിച്ച് വി.ടി എഴുതിയിട്ടുണ്ട്. മാതൃഭാഷ നല്‍കുന്ന സാംസ്‌കാരികോര്‍ജ്ജവും സൗന്ദര്യബോധവും സ്വാംശീകരിച്ച് മാനവികതയുടെ വിശാലലോകങ്ങളിലേക്ക് വളരാന്‍ പുസ്തകങ്ങള്‍ സഹായിക്കുന്നു. ഭാഷയുടെ സാരള്യവും ആശയഗരിമയും ചമല്‍ക്കാരവും ധ്വനിസാന്ദ്രതയും ഉള്‍ക്കൊണ്ട് സൗന്ദര്യാത്മകജീവിതത്തിലേക്ക് കുട്ടികളെ ഉയര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ പ്രാഥമിക
വിദ്യാഭ്യാസകാലത്തുതന്നെ വായിക്കുവാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം.
ബാലസാഹിത്യകൃതികളോടൊപ്പംതന്നെ ബഷീറിന്റെ കൃതികളും നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, തെത്സുകോ കുറോയാനഗിയുടെ ടോട്ടോച്ചാന്‍, കുഞ്ഞുണ്ണിയുടെ രചനകള്‍, ഡി.സി.ബുക്‌സ് പുറത്തിക്കിയ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍, മഹച്ചരിതമാല, കുമരനാശാന്റെ ബാലരാമായണം, ഇടശ്ശേരിയുടെ പൂതപ്പാട്ട്, അറബിക്കഥകള്‍ തുടങ്ങിയ കൃതികളും തങ്ങളുടെ വായനയില്‍ ഉള്‍പ്പെടുത്തണം. ഭാവനാലോകം വികസ്വരമാവുന്നതോടൊപ്പം കുഞ്ഞുങ്ങളുടെ പദസമ്പത്ത്, ആവിഷ്‌കരണശേഷി, സര്‍ഗ്ഗാത്മകത തുടങ്ങിയവയുടെ വികസനത്തെയും വായന സമ്പന്നമാക്കുന്നു. മുതിരുന്നതിനനുസരിച്ച് പുസ്തകത്തിന്റെ തെരഞ്ഞെടുപ്പും മാറേണ്ടതുണ്ട്.
കുട്ടികളുടെ സര്‍ഗ്ഗാത്മകതയുടെ വികാസം വായനയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. യു.പി. തലത്തിലേക്കെത്തുമ്പോള്‍ കുറച്ചുകൂടി ഗൗരവമായ വായനയിലേക്കു കടക്കാന്‍ സമയമായി. എം.ടി, മാധവിക്കുട്ടി തുടങ്ങിയവരുടെ രചനകളിലേക്ക് അവര്‍ക്ക് പതിയെ പ്രവേശിക്കാം. കാരൂരിന്റെ ചെറുകഥകള്‍, ടി.പത്മനാഭന്റെ കഥകള്‍, കേശവദേവിന്റെ ഓടയില്‍നിന്ന്, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി തുടങ്ങി ക്ലാസിക് നോവലുകളും ആത്മകഥ, ജീവചരിത്രം, കവിത, ദസ്തയേവ്‌സ്‌കി, പൗലോ കൊയ്‌ലോ തുടങ്ങിയ വിശ്വസാഹിത്യകാര ന്‍മാരുടെ രചനകള്‍, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, സി.ജെ. തോമസ് തുടങ്ങിയവരുടെ നാടകങ്ങള്‍, തിക്കോടിയന്റെ അരങ്ങുകാണാത്ത നടന്‍, ചരിത്രം, ശാസ്ത്രം, ചലച്ചിത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കൃതികള്‍ എന്നിവ കൗമാര മനസ്സിന്റെ വികാരപ്രപഞ്ചത്തെ വികസ്വരമാക്കാന്‍ സഹായിക്കുന്ന രചനകളാണ്. ”കെട്ടജീവിതം, ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മന്നില്‍” എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. നിലനില്‍ക്കുന്ന ജീവിത ദുരിതങ്ങളെ കാവ്യജീവിതത്തിന്റെ ഭാവനകൊണ്ടണ്ട് മറികടക്കുന്നതിനെക്കുറിച്ചാണ് കവിസൂചിപ്പിക്കുന്നത്. ഒരു തരത്തില്‍, വായനയും ഇതുതന്നെയല്ലേ ചെയ്യുന്നത്? ജീവിതത്തിന്റെ വിരസതയും പാരുഷ്യവും വായനനല്‍കുന്ന അനുഭൂതികൊണ്ട് അതിജീവിച്ച് മറ്റൊരു കാവ്യജീവിതത്തെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ആഹ്ലാദം ജീവിതത്തില്‍ ഏറ്റവും അമൂല്യമായതാണ്. അത്തരമൊരു കാവ്യജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഓരോ പുസ്തകവും സാധ്യമാക്കുന്നത്.
(കടപ്പാട് ഡോ പി സുരേഷ്)