ശങ്കര മംഗളം തറവാടിന്റെ ചാരുകസേരയിൽ കാത്തേ എന്ന് നീട്ടി വിളിക്കുന്ന തകഴിച്ചേട്ടൻ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാണ് കുട്ടനാട്ടുകാർക്ക് താൽപര്യം. കുട്ടനാടിന്റെ മണ്ണും മരങ്ങളും ചേറും , ചെളിയും ,എല്ലാം ലോക സാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച കേരള മോപ്പസാങ്ങ് ഇന്നും മലയാളികളുടെ ഓർമ്മയിലുണ്ട്. ജന്മനാടിനെ വാനോളം ഉയർത്തിയ തകഴി അധസ്ഥിത വർഗ്ഗത്തിന്റെ ജീവിതം ശക്തമായ ഭാഷയിൽ വിവരിച്ചു. ഇന്ന് ഈ മൂന്നക്ഷരം തിരിച്ചറിയാൻ സാധിക്കുന്നവർ ലോകത്തിന്റെ മുക്കിലും മൂലയിലും ഉണ്ട്. തകഴിച്ചേട്ടന്റെ ശങ്കരമംഗലം തറവാട് ഇന്ന് തകഴിയുടെ ഓർമ്മകൾ തുടിക്കുന്ന സ്മാരകമാണ്.
കുട്ടനാടും തകഴി ഗ്രാമവുമെല്ലാം തകഴിയുടെ തൂലികയിൽ വിരിയുന്ന സ്ഥലങ്ങളായിരുന്നു. മലയാളത്തിന്റെ ആദ്യ റിയലിസ്റ്റിക് നോവലായാണ് തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവൽ കരുതപ്പെടുന്നത്. കയർ എന്ന 1000 പേജുള്ള ബൃഹത് നോവലാണ് തകഴിയുടെ മാസ്റ്റർപീസ്.കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടിയുറെ കഥ ചെമ്മീന്‍” അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ, ചുക്ക് തുടങ്ങിയ നോവലുകൾ ചലച്ചിത്രമാക്കുകയുണ്ടായി. ചെമ്മീൻ 19 ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെടുകയുണ്ടായി.
തകഴി മരിച്ച ശേഷം കാത്തച്ചേച്ചി ശങ്കരമംഗലം തറവാട് സര്‍ക്കാരിന് വിട്ടുകൊടുത്തു. ഇപ്പോൾ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മ്യൂസിയമാണ് ഈ വീട്.തകഴി എഴുതിയ കൃതികളും അവയ്ക്ക് പല ഭാഷകളിലുണ്ടായ വിവര്‍ത്തനങ്ങളും എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. തകഴി പതിവായി ഉപയോഗിച്ചിരുന്ന പേന, ടൈപ് റൈറ്റര്‍, ചാരുകസേര, ഊന്നുവടികള്‍, കിടക്ക എല്ലാം അതേപോലെ ഇപ്പോഴുമുണ്ട്.ജ്ഞാനപീഠവും പത്മഭൂഷണുമടക്കം ലഭിച്ച പുരസ്‌കാരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒരു ഗ്രാമത്തെ ലോകപ്രശസ്തമാക്കിയ അതുല്യ കഥാകാരൻ മണ്മറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. മലയാള സാഹിത്യത്തിന്റെ കുട്ടനാടൻ തിരുമുറ്റമായിരുന്നു തകഴിയുടെ ശങ്കരമംഗലം വീട്.ഇതിനെല്ലാം ഉപരി തകഴി ശിവശങ്കരപ്പിള്ള ഇവിടെയുണ്ട്. ആ നീളന്‍ വടി കുത്തി ഒറ്റമുണ്ടുമുടുത്ത് തോളില്‍ തോര്‍ത്തുമിട്ട്, വായിലെ വെറ്റിലചവച്ചത് നീട്ടിതുപ്പി തകഴി ശങ്കരമംഗലത്തുതന്നെ ജീവിക്കുന്നു. മലയാളിക്ക് അത്രപെട്ടെന്നൊന്നും മറക്കാനാകില്ല അദ്ദേഹത്തെ. കാരണം തകഴി എന്നത് കുട്ടനാട്ടിലെ ഒരു ദേശത്തിന്റെ പേരല്ല. തകഴി എന്നാല്‍ കേരളത്തിന്റെ പര്യായമാണ്.