മലയാള കഥയിലേക്ക് നാട്ടുവഴികളിലൂടെ സഞ്ചരിച്ച കഥാകൃത്താണ് പി വി ഷാജികുമാര്‍. ജനം, വെള്ളരിപ്പാടം, ഉള്ളാള്‍, കിടപ്പറ സമരം തുടങ്ങിയ സമാഹാരങ്ങള്‍കൊണ്ട് പുതുകഥയില്‍ ഒരിടം നേടി. ഷാജികുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ഇതാ ഇന്നു മുതല്‍ ഇതാ ഇന്നലെ വരെ ഓര്‍മ്മകളുടെ സമാഹാരമാണ്. സ്വന്തം മണ്ണിലും ജലത്തിലും പടര്‍ന്നുകിടക്കുന്ന ഒരു അപരനെ ഉള്ളില്‍ സൂക്ഷിക്കാന്‍ കെല്‍പ്പുള്ള കഥാകൃത്തിന്റെ ഓര്‍മ്മകള്‍. ഓലിച്ചാം പൊതിയുടെ കഥാകാരന്‍ എന്ന് വിശേഷണത്തെ ഷാജി ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണനായ അപരന്റെ വെളിപ്പെടലുകളാണ്. കഥയാവാതെപോയ, കഥപോലെയുള്ള സ്മരണകള്‍.
ഇതാ ഇന്നു മുതല്‍ ഇതാ ഇന്നലെ വരെ എന്ന പുസ്തകം പുറത്തിറങ്ങയ സാഹചര്യത്തില്‍ പി വി ഷാജികുമാറുമായി ആര്‍ രാമദാസ് സംസാരിക്കുന്നു.
1. ടേക് ഓഫ് എന്ന ചലച്ചിത്രത്തിന്റെ വന്‍വിജയത്തോടെ തിരക്കഥാരംഗത്തും ഷാജി സ്വന്തമിടം കണ്ടെത്തിക്കഴിഞ്ഞു. ഇതോടെ എഴുത്തിലെ മുന്‍ഗണനകള്‍ മാറുമോ?
അങ്ങനെ ആലോചിച്ചിട്ടില്ല. കഥയാണ് എന്റെ മാധ്യമം. കഥകളെഴുതിക്കൊണ്ടേയിരിക്കുക എന്നതാണ് ആഗ്രഹം. സിനിമയുടെ എഴുത്തും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇടയ്‌ക്കൊന്ന് എഴുതാതിരുന്നു എന്നത് വാസ്തവമാണ്. എന്നിരുന്നാലും ഉള്ളിലേക്ക് കഥകള്‍ ഇരമ്പി വന്നിട്ടുണ്ട്. ഒട്ടൊക്കെ കടലാസിലേക്ക് പകര്‍ത്തിവെക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. കഥയിലാണ് ഞാന്‍ എന്നെ കണ്ടെത്തുന്നത്. കഥ വിട്ടൊരു കളിക്ക് എന്നെ കിട്ടില്ല…
2 കാലിച്ചാം പൊതിയിലേക്കൊരു ഹാഫ് ടിക്കറ്റ് എന്ന പുസ്തകത്തിനുശേഷം പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തമാണ് ഇതാ ഇന്നു മുതല്‍ ഇന്നലെ വരെ. ഓര്‍മ്മകളുടെ രണ്ടാം പുസ്തകത്തിലേക്കുള്ള ദൂരമെത്രയായിരുന്നു?
ഞാനും നാടും തൊട്ടുതൊട്ട് നിന്ന് കൊണ്ടുള്ള ഓര്‍മകളും അനുഭവങ്ങളും ഏറെയുണ്ട്. പലതും കഥകളിലേക്ക് മാറ്റിപ്പണിതിട്ടുണ്ട്. കഥകളിലേക്ക് വേഷം മാറാന്‍ മടി കാണിച്ചവരാണ് ഓര്‍മകളിലേക്ക് കൂട് വെച്ചത്. പലപ്പോഴും പത്രാധിപന്മാരുടെ നിര്‍ബന്ധവും പിന്നിലുണ്ടായിരുന്നു. അങ്ങനെ പിറന്ന അനുഭവങ്ങളായിരുന്നു കാലിച്ചാം പൊതിയിലേക്ക് ഒരു ഹാഫ് ടിക്കറ്റ്. ഇപ്പോള്‍, ഇതാ ഇന്ന് മുതല്‍ ഇന്നലെ വരെയും. രണ്ട് പുസ്തകങ്ങളും ഏറെ സ്‌നേഹത്തോടെ വായനക്കാര്‍ നെഞ്ചിന് ചേര്‍ക്കുന്നതിന്റെ പ്രധാന കാരണം അതിലെ മനുഷ്യരും ജീവജാലങ്ങളും പ്രകൃതിയും തന്നെയാണ്, ഞാനല്ല..
3.നാടിനെ ആഖ്യാനിക്കുന്നതിലുള്ള സുഖം വേറൊന്നിലും കിട്ടുന്നില്ലെന്ന് കാലിച്ചാംപൊതിയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ജനതയെ ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും ആശയങ്ങളുടെ പേരിലും തുരുത്തുകളായി രൂപപ്പെടുത്തുകയാണിപ്പോള്‍. ഷാജിയും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ നാടിനെ എങ്ങനെയാണ് അടയാളപ്പെടുത്തുക?
മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്, 24 വയസ് വരെ നാട് വിട്ടുപോയിട്ടില്ല, പോവാന്‍ ആഗ്രഹിച്ചിട്ടുമില്ല. അങ്ങനെ മനസില്‍ കിട്ടിയ നാടാണ് ആദ്യമൊക്കെ എഴുതിയിരുന്നത്. ഉള്ളില്‍ നിന്ന് വരുന്നതായത് കൊണ്ട് എളുപ്പമായിരുന്നു എഴുതാന്‍. പിന്നെ ജീവിക്കാന്‍ വേണ്ടി നഗരങ്ങളിലേക്ക് അരക്ഷിതനാവുന്നു. അനുഭവങ്ങള്‍ മാറുന്നു. എഴുത്തും മാറുന്നു. ഇപ്പോള്‍ കുറച്ചു കൂടി ആഴത്തില്‍ നാടിനെ നോക്കിക്കാണാനാവുന്നുണ്ട്. നമ്മള്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും മാറുന്നതും ഇല്ലാതാവുന്നതും കൂടുതല്‍ കൃത്യമായി അറിയാനാവുക, നമ്മള്‍ കുറച്ചൊഴിഞ്ഞ് നിന്ന് നോക്കുമ്പോഴാണല്ലോ…
4.കാലിച്ചാംപൊതിയുടെ കഥാകാരന്‍ എന്ന് ഷാജിയെ വിശേഷിപ്പിക്കട്ടെ?
എനിക്കിഷ്ടമാണ്.
അവിടെ നിന്നാണ് തുടങ്ങുന്നത്. അവിടെത്തന്നെയാണല്ലോ അവസാനിക്കേണ്ടതും …
5.കുട്ടിക്കാലത്ത് കാലിച്ചാംപൊതിയില്‍ പ്രായമുള്ളവരായിട്ടാരുന്നു കൂടുതല്‍ സൗഹൃദമെന്ന് എസ് കലേഷുമായി നടത്തിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആ സൗഹൃദത്തിന്റെ നിക്ഷേപമാണോ കഥകളിലെ പച്ചജീവിതങ്ങള്‍?
അവരില്‍ നിന്ന് ഒരു പാട് കഥകള്‍ കിട്ടിയിട്ടുണ്ട്. അത് പക്ഷേ, കഥയ്ക്ക് വേണ്ടിയുണ്ടാക്കപ്പെട്ട സ്‌നേഹങ്ങളല്ല. അതങ്ങനെ ഉണ്ടായി വന്നതാണ്. അവരോടൊപ്പം വെറുതെയിരിക്കുന്ന നേരങ്ങളില്‍ അവര്‍ പറഞ്ഞ പലതും കുറക്കാലം കഴിഞ്ഞ് കഥകളിലേക്ക് വരികയായിരുന്നു…. അവരാരും ഇന്നില്ലെന്ന സങ്കടം ഉള്ളിലുണ്ടിപ്പോഴും…
6.ലോകം ചുട്ടുപൊള്ളുമ്പോഴും മലയാള നോവല്‍ അതിന്റെ വസന്തം ആഘോഷിക്കുന്ന കാലമാണിത്. ഷാജികുമാറിന്റെ നോവലിനുവേണ്ടി വായനക്കാര്‍ എത്രകാലം ഇനി കാത്തിരിക്കണം?
എഴുതാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഓര്‍ക്കാപ്പുറത്ത് വന്നുപെടുന്ന അരക്ഷിതാവസ്ഥകളില്‍ പെട്ടുലയമ്പോള്‍ മാറ്റിവെയ്ക്കപ്പെടും. ഈ വര്‍ഷമെങ്കിലും പൂര്‍ത്തികരിക്കണം. ആഗ്രഹമല്ല, തീരുമാനമാണ് …
7.സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സ്വന്തം രചനകളില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവല്ലോ. അതൊരു നിലപാടായിരുന്നോ? തീരുമാനമോ?
ബോധപൂര്‍വ്വമായ സ്ത്രീ വിരുദ്ധതയുണ്ടാവില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അത് പലരും ആ അര്‍ത്ഥത്തിലല്ല എടുത്തത്. ജീവിതമാവുമ്പോള്‍ ദുഷ്ടത്തരം ചെയ്യുന്നവരില്‍ എല്ലാത്തരക്കാരു മുണ്ടാവുമല്ലോ. എഴുത്തുകാരന്‍ അത് പകര്‍ത്തി വെയ്‌ക്കേണ്ടി വരികയും ചെയ്യും. പക്ഷേ കൈയ്യടി കിട്ടാന്‍ വേണ്ടിയൊരു പെണ്‍വിരുദ്ധത പരിപാടിക്ക് ഞാനില്ലൊന്നാണുദ്ദേശിച്ചത് ..
8. പുത്തന്‍ പണം എന്ന സിനിമയില്‍ രഞ്ജിത്തിനൊപ്പം സംഭാഷണം എഴുതുന്നുണ്ട് ഷാജി. സിനിമക്ക് വേണ്ടി മമ്മുട്ടിയെ കാസര്‍കോഡന്‍ മലയാളം പഠിപ്പിച്ചത് ഷാജിയാണ്. അടുത്ത പ്രോജ്കറ്റുകള്‍ എന്തൊക്കെ?
പുത്തന്‍ പണം വിഷുവിനാണ് റിലീസ്. കാസര്‍ഗോഡന്‍ ശൈലിയുള്ള ഭാഷയുടെ സൗന്ദര്യം കാണികള്‍ക്ക് അതില്‍ കാണാനാവും എന്നാണ് പ്രതീക്ഷ.. പുതിയ പ്രൊജക്റ്റുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു… അന്തിമഘട്ടത്തിലാണ്.
9.പുതിയ കഥാസമാഹാരത്തിന്റെ ജോലികള്‍?
ഒരു കൊടുംഭീകര പ്രേമം എന്ന കഥാസമാഹാരം. ആഗസ്റ്റില്‍ പുറത്തിറങ്ങും. ഡി സി ബുക്‌സാണ് പ്രസാധകര്‍..