ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളത്തിന്റെ മാമ്പഴക്കാലം എന്ന ഗ്രന്ഥത്തിന് കവയിത്രി വിജയലക്ഷ്മി എഴുതിയ ആസ്വാദനക്കുറിപ്പ്..
പണ്ടുപണ്ട്, സമൂഹമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും മുമ്പ്, എരിവിനും കയ്പിനും പുളിപ്പിനുമപ്പുറം മതിവരാത്ത മാധുര്യം പകര്‍ന്നു നല്‍കുന്ന ഒരു മാന്തോപ്പു നമുക്കുണ്ടായിരുന്നു. മലയാളത്തിന്റെ ഈണവും താളവും ചേര്‍ന്നിണങ്ങിയ കവിത. മെയ്യനങ്ങി പണിചെയ്യുന്നവര്‍ ജോലിയുടെ വിരസത മറി കടക്കാന്‍ ഈണത്തില്‍ ചൊല്ലി കൂട്ടുചേര്‍ന്നു രസിച്ചിരുന്ന വരികള്‍. കൊച്ചുകുഞ്ഞുങ്ങളെ ഉറക്കാനും ആ ഇടവേള സ്വയമാസ്വാദ്യമാക്കാനും അമ്മമാരും അച്ഛന്‍മാരും ചൊല്ലിയ വരികള്‍. ചെറുശ്ശേരിയും ചങ്ങമ്പുഴയും എഴുത്തച്ഛനും ആശാനും വള്ളത്തോളുമൊക്കെ അങ്ങനെ ആലപിക്കപ്പെട്ടവരാണു. പ്രേമസംഗീതത്തിലൂടെ മഹാകവി ഉള്ളൂരും ജനതയുടെ ഹൃദയം കവര്‍ന്നു. രമണനെ അറിയാത്ത തൊഴിലാളിയില്ല. നിറന്നപീലികള്‍ നിരക്കവേകുത്തി നെറുകയില്‍ക്കൂട്ടിത്തിറമൊടു കെട്ടി നില്‍ക്കുന്ന ഉണ്ണിക്കണ്ണനെ സ്‌നേഹിക്കാത്തവര്‍ ചുരുക്കം. അര്‍ണ്ണോസ്സുപാതിരിയുടെ അമ്മകന്യാമണിതന്റെ നിര്‍മ്മലദു:ഖ ങ്ങളെപ്പറ്റി കരുണാമയമായി നീട്ടിച്ചൊല്ലിക്കൊണ്ടു നടന്നിരുന്ന അയല്‍പക്കത്തെ അമ്മച്ചിമാരെ ഓര്‍ക്കുന്നു. വെളുത്ത വസ്ത്രത്തിനു ഇത്രമേലഴകും വെണ്മയുമുണ്ടെന്നു മനസ്സിലായത് അവര്‍ വെളുപ്പിനു പള്ളിയില്‍പ്പോകുന്നതു കണ്ടപ്പോഴാണു.
നഖം മുറിക്കുമ്പോഴും, മുറ്റത്തെ പുല്ലു പറിക്കുമ്പോഴും, ‘പറഞ്ഞതങ്ങനെ തന്നെ, പാതിരാവായല്ലോ പത്‌നി, കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും…’ എന്നു ചൊല്ലിക്കൊണ്ടിരുന്ന ചില നാട്ടുകാരെ ഓര്‍ക്കുന്നു. മച്ചാട്ടിളയതും ഇരയിമ്മന്‍ തമ്പിയും നാട്ടുമ്പുറത്തിന്റെ സ്വന്തമായിരുന്നു. ഏതുകാലമായിരുന്നു അത്? ഏതു നാട് ? അവിടെയന്ന്അയല്‍ക്കാര്‍ തമ്മില്‍ അനസൂയമായ സ്‌നേഹവും കൊടുക്കല്‍ വാങ്ങലുകളും കൂട്ടുകെട്ടും ഉണ്ടായിരുന്നു.
അതൊക്കെ ദൂരഭൂതകാലത്തിന്റെ പൊടിപടലങ്ങളില്‍ അമര്‍ന്നു തകര്‍ന്നടിഞ്ഞു കഴിഞ്ഞു. പലരും ആഴത്തില്‍ അപരിചിതരായി, സ്വന്തംചിത്രങ്ങളും പ്രവൃത്തികളും മാത്രം ആഘോഷങ്ങളും ആനന്ദങ്ങളുമാക്കി. അതു കാതലായ ഒരു മാറ്റമായിരുന്നു. കവിതയും മാറി. അതിന്റെ രൂപവും ഭാവവും ശബ്ദവും മാറി. അതു ദേശാന്തരങ്ങളിലേയ്ക്കു യാത്ര പോയി, അവിടെയുള്ളവരുമായി കൂട്ടുകൂടി. ഈ കൊച്ചുഭാഷയുടെ വേഷഭൂഷകള്‍ അതിനു വിരസവും വിലയില്ലാത്തതുമായി. ജനിച്ച വീടു പഴഞ്ചനും ഭംഗിയില്ലാത്തതുമായി. വേലിക്കെട്ടില്ലാതെ വളര്‍ന്നുപന്തലിച്ച വലിയൊരു മാന്തോപ്പു ജനിച്ച വീട്ടിലുണ്ടായിരുന്നുവെന്ന്; തണലും തണുപ്പും തളര്‍ച്ചയ്ക്കാശ്രയവും അവിടെയുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നവര്‍ തീരെ കുറവായി. ഈയവസരത്തില്‍ , ഒരോര്‍മ്മപ്പെടുത്തലെന്നോണം ,മലയാളത്തിന്റെ മാതൃമധുരവുമായി കടന്നുവന്ന ഈ പുസ്തകത്തെ നമുക്കു ഹൃദ്യമായി വരവേല്‍ക്കാം. അരവിന്ദന്‍.കെ.എസ്. മംഗലം സമാഹരിച്ച മലയാള കവിതാശകലങ്ങളുടെ ശേഖരം ‘മലയാളത്തിന്റെ മാമ്പഴക്കാലം’.
അക്ഷരമാലാക്രമത്തിലാണിതിലെ കവിതാശകലങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ആസ്വാദ്യവും ചിന്തനീയവുമാകണം ഓരോഖണ്ഡവും , രചയിതാക്കള്‍ ആരുമാവാം, കാലമോ സ്ഥലമോ ഏതുമാവാം, എന്നതാണു സമ്പാദകന്റെ നിലപാട്… പേരോ പ്രശസ്തിയോ പദവിയോ ആ സദുദ്ദേശത്തെ സ്വാധീനിച്ചിട്ടില്ല. മലയാളത്തനിമയാണു മാനനീയം. ആലാപനക്ഷമതയും ആന്തരനാദഗരിമയും സമാഹരണത്തെ നയിച്ചിട്ടുണ്ട്. പുസ്തകത്തിനു കൊടുത്തിട്ടുള്ള സമാഹരണക്കുറിപ്പ് ഈ സംരംഭത്തിലെ ശ്രദ്ധയെ വിളിച്ചോതുന്നു.
അക്ഷരങ്ങളും പരസ്പരം കൂട്ടുകൂടും, സ്‌നേഹത്തിലാവും, അവയുടെ ചേരുവ ചേരുമ്മട്ടാവുമ്പോള്‍ അവിടെ ലയവും താളവുമുണ്ടാവും. പരുക്കനോ മൃദുവോ ആകട്ടെ, ഭാവപൂര്‍ണ്ണമായ ഒരീണം അവിടെ ഉണരും. (പ്രതിഭാശൂന്യതയുടെ പദ്യരചനകള്‍ എല്ലാക്കാലത്തുമുള്ളവയാണു, അവയെ മറക്കുക) ആനന്ദദുഃഖാത്മകവും കരുണാമയവും അമൃതാന്വേഷിയുമായ കാവ്യകല അര്‍ത്ഥത്തിലും ശബ്ദത്തിലും സൂഫിനൃത്തമാടുന്ന വിശാലദേവാലയങ്ങള്‍ അക്ഷരഭൂമികയില്‍ കാണാറാവും.
ഇതിലെ കാവ്യശകലങ്ങള്‍, ആ വഴിക്കു വായനയെ നയിക്കാന്‍ പോന്നവയാണ്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇതൊരു കൈപ്പുസ്തകമാക്കാം. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, കവികള്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒരു നല്ല ഒഴിവുകാല സമ്മാനം. ചേതോഹരമായ ഈ സമാകലനത്തിന്റെ മാധുര്യത്തിലൂടെ മലയാളിയുടെ ഇടവേളകള്‍ കടന്നുപോകട്ടെ . എന്തെന്നാല്‍ ഈ പൈതൃകം നമ്മുടെയാണ്, നാം ഇതിന്റെ അവകാശികളാണ്.