‘ആയുസ്സിന്റെ പുസ്തകത്തിലെ അവസാന താളുകള്‍ കണ്‍മുന്നില്‍ മറിയുന്നതുകണ്ട് തളര്‍ന്നുപോയ നിമിഷങ്ങള്‍. പ്രിയപ്പെട്ടവരെയെല്ലാം പിരിഞ്ഞ് പ്രിയപ്പെട്ടതെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂട്ടിക്കൊണ്ടുപോകുവാന്‍ മുന്നില്‍ വന്നുനില്‍ക്കുന്ന മരണത്തിന്റെ കൂടെ ഇറങ്ങിപ്പോകാന്‍ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ലായിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മനഃസംയമനം പാലിച്ച് അര്‍ബുദരൂപത്തില്‍ വന്ന മരണത്തെ ധൈര്യപൂര്‍വ്വം നേരിട്ട് തോല്പിക്കുകയല്ലാത എനിക്കു മുന്‍പില്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല’ എന്ന് ആത്മവിശ്വാസത്തോടെ..പ്രതീക്ഷയോടെ എഴുതിയ ഡോ എം ബി സുനില്‍കുമാറിന് ഒടുവില്‍ മരണമെന്ന സത്യത്തിന്റെ മുന്നില്‍ കീഴടങ്ങേണ്ടിവന്നു.
തൃശ്ശൂര്‍ ചിറക്കോട് വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജനും ചലച്ചിത്രനടനുമായ ഡോ എം ബി സുനില്‍കുമാറാണ് ഡോ പോള്‍ കലാനിധിയെപ്പോലെ..ആത്മധൈര്യം സംഭരിച്ച് കാന്‍സറിനെതോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ നടന്നത്. എന്നാല്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയും ഏപ്രില്‍ 8ന് അദ്ദേഹം മരണമടയുകയും ചെയ്തു. എങ്കിലും ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം എന്ന പുസ്തകത്തിലൂടെ അദ്ദേഹം വീണ്ടും ജനഹൃദയങ്ങളില്‍ ജീവിക്കും…!
സന്തോഷകരമായ ജീവിതം നയിക്കവേ…ഒരുകൊലയാളിയെപ്പെലെ തന്നെ വരിഞ്ഞുമുറുക്കിയ കാന്‍സറിനെ അദ്ദേഹം കീഴ്‌പ്പെടുത്തുകയായിരുന്നു. കൊച്ചി ലേക്‌ഷേര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ആര്‍സിസിയിലും നടത്തിയ വിദഗ്ദ്ധചികിത്സകള്‍..അവിടെ കണ്ടുമുട്ടിയ ആളുകള്‍..വേദനയുടെ കറുത്തനാളുകള്‍…പിന്നീട് ആത്മധൈര്യവും ദൈവകൃപയുംകൊണ്ടും ജീവിതത്തിലേക്കുള്ള തിരിച്ചുനടത്തം..പ്രതീക്ഷകള്‍..ഇവയെല്ലാം കോര്‍ത്തിണക്കി തയ്യാറാക്കിയ പുസ്തകമായിരുന്നു ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം.അര്‍ബുദരോഗികള്‍ക്കും രോഗ ചികിത്സാസാന്ത്വന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്വയം അര്‍പ്പിച്ചവര്‍ക്കും വേണ്ടിയാണ് ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം എന്ന ഓര്‍മ്മക്കുറിപ്പ് അദ്ദേഹം തയ്യാറാക്കിയിക്കുന്നത്.
ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്. പ്രശംസിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ എം ബി സുനില്‍കുമാറെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. പുസ്തകത്തിലെ ഒരോ താളും കാന്‍സര്‍ രോഗികളുടെ മനസ്സിനെ തൊട്ടുണര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുനടക്കാനുള്ള മൃതസഞ്ജീവനിയായി ഇത് മാറട്ടെ എന്നും ഡോ. വി പി ഗംഗാധരന്‍ അവതാരികയില്‍ ആശംസിക്കുന്നുണ്ട്.