ഒരിക്കല്‍ ഒരു പുലര്‍ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു നക്ഷത്രകുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള്‍ വായുവില്‍ കൈകാലുകള്‍ വീശി നന്നായി നൃത്തം ചെയ്തു. ഗ്രാമത്തിലെ പുഴയില്‍ മീന്‍ പിടിക്കുന്ന ഗ്രാമീണര്‍ ഏതോ വാല്‍നക്ഷത്രം മിന്നിമായുകയാണെന്ന് കരുതി കൗതുകത്തോടെ നോക്കി നിന്നു. അവള്‍ ഒരു വലിയ പര്‍വ്വതത്തിന്റെ മറുവശത്തെ കാട്ടിലേക്ക് തീപ്പൊരി ചിതറി കുത്തനെ പതിച്ചു. അവിടെയായിരുന്നു കഠോരനും ജീവിച്ചിരുന്നത്.
കുട്ടികള്‍ക്കുള്ള രചനകള്‍ ഭാവനാത്മകമാകണം. നന്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകണം. കഥയില്‍ പുതുമയുണ്ടാവണം. ഇവയെല്ലാം ചേര്‍ത്തുവച്ചു വായിക്കാവുന്ന ഒരു ബാലനോവലാണ് നക്ഷത്രജന്മം. വ്യത്യസ്തമായ ആഖ്യാനംകൊണ്ട് ശ്രദ്ധേയനായ ഗഫൂര്‍ അറയ്ക്കലിന്റെ കുട്ടികള്‍ക്കുള്ള രചനയാണ് നക്ഷത്രരാജകുമാരിയുടെ ഈ കഥ.
കഥപറച്ചിന്റെ ശൈലിയില്‍ തുടങ്ങുന്ന നോവല്‍ തികച്ചും സാങ്കല്‍പ്പികമായ ഒരു ലോകമാണ് സൃഷ്ടിക്കുന്നത്. നന്മയുടെ പൂര്‍ണ്ണരൂപമാണ് നക്ഷത്രക്കുഞ്ഞ്. അവള്‍ എത്തിപ്പെടുന്നത് തിന്മയുടെ ലോകത്താണ്. കഠോരന്‍ എന്ന രാക്ഷസന്‍ പ്രാകാശത്തില്‍നിന്നും അവളെ അകറ്റി നിര്‍ത്തുകയാണ്. എന്നാല്‍ കഥാന്ത്യം നന്മയുടെ വിജയമാണ് പറയുന്നത്. മികച്ച ആഖ്യാനരീതിയും പശ്ചാത്തലരൂപീകരണവും നക്ഷത്രജന്മം എന്ന നോവലിന് ബാലസാഹിത്യത്തില്‍ ഒരു പ്രത്യേക ഇരിപ്പിടം നല്‍കുന്നു.
കോഴിക്കോട് സ്വദേശിയായ ഗഫൂര്‍ അറയ്ക്കലിന്റെ നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, അമീബ ഇരപിടിക്കുന്നതെങ്ങനെ എന്നീ കവിതാസമാഹാരങ്ങളും ഷഹറസാദ പറഞ്ഞ നര്‍മ്മകഥകള്‍ (പുനരാഖ്യാനം), ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടിയന്ത്രം എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്നു. ചേളാരി സര്‍ഗധാര ഗ്രന്ഥശാല സെക്രട്ടറികൂടിയാണ് ഗഫൂര്‍ അറയ്ക്കല്‍.
കഥകളുടെ ഭാവനാത്മകമായ ലോകത്തേക്ക് കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യുകയാണ് ഡി സി ബുക്‌സ് മാമ്പഴം. ഈ വേനലവധിക്ക് കംപ്യൂട്ടര്‍ ഗെയിമുകളിലും മൊബൈല്‍ ഗെയിമുകളിലും കണ്ണുംനട്ടിരിക്കാതെ…പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങി..കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും അവര്‍ക്കൊപ്പം കഥകളും പാട്ടും പങ്കുവയ്ക്കാനും ക്ഷണിക്കുകയാണ് മാമ്പഴം. അതിനായി ഒരുപാടു കഥപുസ്തകങ്ങളും നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നക്ഷത്രരാജകുമാരിയും, കുഞ്ഞിപ്പാറുവും, നീലക്കുറുക്കനും, ഒരു മടിച്ചിപ്പെണ്ണും പല്ലുകുത്തിയും, ജിപ്‌സിയും പല്ലുകുത്തിയും എല്ലാം നിങ്ങളോടൊപ്പം കളിക്കാനും ആടിപ്പാടാനും തയ്യാറായിരിക്കുകയാണ്. ഇനി സമയം പാഴാക്കാതെ വായനയുടെ ലോകത്തേക്ക് പായുകയല്ലേ..?