തലയും ചെവിയും മൂടിയ പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടി , കൂടാരങ്ങൾക്കിടയിലൂടെ വിറച്ചു വിറച്ചു നടന്ന് മേസ്തിരിമാർ അവരവരുടെ സംഘങ്ങളെ ഒച്ചവെച്ച് ഉണർത്താൻ തുടങ്ങി. അവരുടെ വിളികേട്ട് പണിക്കാർ ഓരോരുത്തരായി കൂടാരത്തിനകത്ത് നിന്നും കണ്ണ് തിരുമ്മി കോട്ടുവായിട്ടു പുറത്തു വരും.ഇത്തിരി നേരം അവർ ഉറക്കം തെളിയാത്ത കണ്ണുകളുമായി , ഇരുട്ടിൽ നിന്നും ഇനിയും വിടുതി നേടിയിട്ടില്ലാത്ത നദിയുടെ ജലനിരപ്പിനെ നോക്കിനിൽക്കും. പിന്നീട് ചലിക്കാൻ തുടങ്ങും. ഒറ്റയ്‌ക്കൊറ്റയ്ക്ക്. തമ്മിൽ ഒരു വാക്ക് ഉരിയാടുകയോ , പരിചയം കാണിക്കുകയെങ്കിലുമോ അവർ ചെയ്യുകയില്ല. എന്നിട്ടും അവരുടെ വഴികൾ വേറെയല്ല. ഒരേ വഴിയിലൂടെ ചലിക്കുന്ന അതേ മനുഷ്യരാണ് അവരെല്ലാം …..
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍ നിന്ന് അന്യവത്കരിക്കപ്പെടുകയും അവനെതിരെ തിരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം അവര്‍ പൊരുതി നേടിയതില്‍ നിന്ന് പിന്നീട് അഭയം തേടി ഓടേണ്ടി വരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തു നില്‍ക്കുന്ന ആധുനിക മനുഷ്യന്റെ മുമ്പില്‍ മാനവചരിത്രം നിതാന്തമായ ഒരു അഭയാര്‍ത്ഥി പ്രവാഹത്തിന്റെ രൂപം കൊളളുന്നു. ഒരിടത്തു നിന്ന് വേറൊരിടത്തേക്ക് അല്ലെങ്കില്‍ ഒരു കാലത്തില്‍ നിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യന്‍ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു.
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭയാര്‍ത്ഥിയായി വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുള്‍പ്പായും പേറിക്കൊണ്ടു നീങ്ങുന്ന സമൂഹത്തിന്റെ അരികു പിടിച്ചുകൊണ്ട് സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന നോവലാണ് ആനന്ദിന്റെ അഭയാര്‍ത്ഥികള്‍. വിഭ്രാന്തവും, നിസ്സഹായവുമായ ഈ അവസ്ഥയിലും മനുഷ്യപ്രയത്‌നം നിരര്‍ത്ഥകമല്ലെന്നും പൊരുതുന്ന മനുഷ്യന്റെ പ്രയത്‌നം തന്നെയാണ് ജീവിതത്തെ സാരവത്തും ജീവിതയോഗ്യവുമാക്കി മാറ്റുന്നതെന്നുമുളള കണ്ടെത്തലിലേക്കാണ് അവസാനം നോവല്‍ നമ്മെ നയിക്കുന്നത്.
1984ലാണ് ആനന്ദിന്റെ അഭയാര്‍ത്ഥികള്‍ പ്രസിദ്ധീകൃതമാകുന്നത്. 1985ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അഭയാര്‍ത്ഥികള്‍ക്ക് ലഭിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. കാലം കഴിയുന്തോറും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളുടെ പതിമൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപത്തഞ്ചിലധികം കൃതികള്‍ പ്രസിദ്ധീകരിച്ച ആനന്ദ് ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യന്‍ ഇവ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും നേടി. 1997ല്‍ ഗോവര്‍ധന്റെ യാത്രകള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.