മലയാള കഥയുടെ പുതിയ തലമുറയിൽപ്പെട്ട എഴുത്തുകാരിൽ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രൻ തന്റെ പതിനേഴാം വയസ്സില്‍ എഴുതിയ ‘ഈഡിപ്പസ്സിന്റെ അമ്മ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ മൂന്നു മാന്ത്രികന്മാര്‍ വരെ 28 കഥകളാണ് കഥകൾ :സുഭാഷ് ചന്ദ്രന്‍ എന്ന കഥാ സമാഹാരം. എഴുത്തില്‍ സുഭാഷ് ചന്ദ്രന്‍ സ്വായത്തമാക്കിയിട്ടുള്ള മിതത്വവും അച്ചടക്കവും ഈ കഥകളെ വ്യതിരിക്തമാക്കുന്നു.
ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ഇരുപത്തഞ്ച് വര്‍ഷത്തിനിടയില്‍ 28 കഥകള്‍ എന്നത് കുറവു തന്നെയെന്ന് സുഭാഷ് ചന്ദ്രൻ സമ്മതിക്കുന്നു. എന്നാല്‍ മനസ്സില്‍ എഴുതിയ ആയിരം കഥകളില്‍ നിന്ന് കടലാസിലേക്ക് പകര്‍ത്തിയ നൂറോളം എണ്ണത്തില്‍ അച്ചടിമഷി പുരളാന്‍ നല്‍കിയത് 28 എണ്ണമാണെന്നേ ഇതിന് അര്‍ത്ഥമുള്ളൂ എന്ന് സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ‘തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനയച്ച കഥകള്‍’ എന്ന വിശേഷണം ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സുഭാഷ് ചന്ദ്രന്‍ന്റെ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കഥ പ്രസിദ്ധീകൃതമായ സമയത്ത് ഒരു ഇംഗ്ലിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സുഭാഷ് ചന്ദ്രനെക്കുറിച്ച് എം.ടി.വാസുദേവന്‍ നായര്‍ ഇങ്ങനെ പറഞ്ഞു. ”ഹീ മേ ഗോ എ ലോംഗ് വേ!”.
എം.ടിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ് മലയാളം പിന്നീട് കണ്ടത്. ആദ്യ ചെറുകഥാസമാഹാരമായ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയത്തിലൂടെ 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സുഭാഷ് ചന്ദ്രനെ തേടിയെത്തി. ചെറുകഥയ്ക്ക് ലഭിക്കാവുന്ന പുരസ്‌കാരങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കി. ധനം മാസിക കേരളത്തിലെ പത്ത് പേഴ്‌സണാലിറ്റി ബ്രാന്‍ഡുകളില്‍ ഒരാളായും ദ വീക്ക് വാരിക വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച ഇന്ത്യയിലെ അന്‍പത് യുവാക്കളില്‍ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളില്‍ ഒരാളായും സുഭാഷ് ചന്ദ്രനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കഥകളുടെ മികവ് പരിഗണിച്ചായിരുന്നു.
പുതിയ കഥയെഴുത്തുകാര്‍ ഭാഷയെ ഉണര്‍ത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നുവെന്ന് എം.ടി.വാസുദേവന്‍ നായര്‍ അഭിപ്രായപ്പെടുന്നു. അത് കൃത്രിമമായ ഒരു കൈയടക്കവിദ്യയാവാതെ സ്വാഭാവികമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അത് സാധിച്ചിരിക്കുന്നുവെന്നും പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും തേടുന്നത് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ വേര്‍തിരിക്കാനാവാത്ത ഘടകമാണെന്നും എം ടി കൂട്ടിച്ചേര്‍ക്കുന്നു. സുഭാഷ് ചന്ദ്രന്റെ മുഴുവന്‍ കഥകളും സമാഹരിച്ച് 2015 ജൂണിലാണ് ഡി സി ബുക്‌സ് കഥകള്‍: സുഭാഷ് ചന്ദ്രന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ നാലാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി തുടങ്ങിയ സുഭാഷ് ചന്ദ്രന്റെ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സ് ആണ്. ആദ്യനോവലായ മനുഷ്യന് ഒരു ആമുഖത്തിലൂടെ അദ്ദേഹത്തിന് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.