തൂശനിലയിൽ പതിനെട്ടു കൂട്ടം കറികളും പപ്പടവും പായസവും കൂട്ടി നിലത്ത് വട്ട ചമ്മണം പടിഞ്ഞിരുന്ന് സദ്യയുണ്ണാൻ ആരാണ് കൊതിക്കാത്തത്. ഓണവും വിഷുവും ഒക്കെ വീട്ടിൽ കുടുംബാങ്ങങ്ങളുമൊത്ത് ചേർന്ന് ഊണും കളികളും ഒക്കെയായി നാം ആഘോഷിക്കുന്നു. വീട്ടിലെ അതിഥികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സദ്യയിൽ കറികളും കൂടും. സദ്യ വിളമ്പുന്നതിനും , അത് തയ്യാറാക്കുന്നതിനും എല്ലാം ഒരു ചിട്ടയുണ്ട്. വിഭവ സമൃദ്ധമായ സദ്യയും അതിന്റെ ചിട്ടകളും വിഷയമാക്കി പത്മിനി അന്തര്‍ജ്ജനം രചിച്ച പുസ്തകമാണ് മലയാളി സദ്യ
മലയാളിയുടെ പരമ്പരാഗതമായ ഒരു സസ്യ ഭക്ഷണരീതിയാണ് സദ്യ. വിഭവസമൃദ്ധമായ ഊണ്. ഊണിനെത്തന്നെയാണ് സദ്യ എന്നു പറയുന്നത്. ‘സഗ്ധി:’ എന്ന സംസ്‌കൃതവാക്കില്‍നിന്നത്രേ ‘സദ്യ’ യെന്ന വാക്കുണ്ടായത്. ബന്ധുക്കളോടെും സുഹൃദ്ജനങ്ങളോടുമൊത്തുള്ള സഹഭോജനം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
ഷഡ്‌രസങ്ങളും അതായത് മധുരം, കയ്പ്പ്, പുളി, ഉപ്പ്, എരിവ്, ചവര്‍പ്പ് ഇങ്ങനെയുള്ള ആറ് രസങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണശീലം ഉത്തമമാണെന്ന് ആയുര്‍വേദം വിധിക്കുന്നു. മലയാളിസദ്യ ഈ സങ്കല്‍പ്പത്തിനനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കേമമായ ഒരു സദ്യയില്‍ പരിപ്പ്, കാളന്‍, ഓലന്‍, സാമ്പാര്‍, രസം, പുളിയിഞ്ചി, കടുമാങ്ങ, തോരന്‍, അവിയല്‍, ഇഞ്ചിത്തൈര്, പച്ചടി/ കിച്ചടി, പഴം, നെയ്യ്, പപ്പടം, മോര്, ചുക്കുവെള്ളം, പ്രഥമന്‍ തുടങ്ങിയവയൊഴിച്ചുകൂടാനാവില്ല. വിഭവങ്ങളുടെ പട്ടിക പ്രാദേശികമായി വ്യത്യാസപ്പെടാം.
ഇത്രയും ഘനമേറിയ ഭക്ഷണരീതിയായതുകൊണ്ടുതന്നെ പഴയകാലത്തൊരു നേരം അതായത് ഉച്ചനേരത്ത് മാത്രമേ സദ്യ പതിവുണ്ടായിരുന്നുള്ളു. അതും ഓണം, വിഷു, വിവാഹം, പിറന്നാള്‍, നാമകരണം തുടങ്ങിയ വിശേഷാവസരങ്ങള്‍, പുലകുളി തുടങ്ങിയ അടിയന്തിരങ്ങള്‍ തുടങ്ങിയവയ്ക്കുമാത്രം. ഇപ്പോള്‍ ഇതെല്ലാം മാറി സദ്യ സര്‍വ്വസാധാരണമായി.
ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതുവശത്തേക്ക് അഗ്രഭാഗം വരുന്ന രീതിയില്‍ വാഴയിലവെച്ച് അതില്‍ പരമ്പരാഗത രീതിയിലുള്ള ക്രമമനുസരിച്ചാണ് ഓരോ വിഭവവും വിളമ്പുക. സദ്യ വിളമ്പുന്നതിന് മുമ്പായി നിലവിളക്ക് കൊളുത്തിവെച്ച് അതിനുമുമ്പില്‍ ഇലവെച്ച് വിഭവങ്ങള്‍ വിളമ്പിയശേഷമായിരുന്നു പണ്ട് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിളമ്പിയിരുന്നത്. നിലത്ത് ചമ്രം പടഞ്ഞിരുന്ന് സദ്യയുണ്ണുന്നതാണ് പരമ്പരാഗത രീതി.
പണ്ട് ഒരു കുടുംബത്തിലെ വിശേഷാവസരങ്ങളില്‍ ഒത്തുകൂടുന്നവര്‍ ഒത്തുച്ചേര്‍ന്നാണ് സദ്യയുണ്ടാക്കിയിരുന്നത്. തലേ ദിവസം രാത്രി കറികള്‍ക്കുവേണ്ട കഷണം മുറിക്കല്‍തന്നെ ഒരാഘോഷമായിരുന്നു. രാവിലെ ഒമ്പതു പത്തുമണി ആകുമ്പോഴെക്കും സദ്യ തയ്യാറാവും. കൂട്ടുകുടുംബങ്ങളും കൂട്ടായ്മകളും കുറഞ്ഞ ആ കാലത്ത് സദ്യ തയ്യാറാക്കുന്നത് പലപ്പോഴും ദേഹണ്ഡക്കാരനും അദ്ദേഹത്തിന്റെ സഹായികളുമായിരിക്കും.
ഒട്ടുമിക്ക മലയാളികള്‍ക്കും സുപരിചിതമായതും അല്ലാത്തതുമായ ഇരുന്നൂറ്റിയമ്പതില്‍പ്പരം സദ്യവിഭവങ്ങളാണ് പത്മിനി അന്തര്‍ജ്ജനം തന്റെ ‘മലയാളി സദ്യ’ എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്