മാനസിക വിഭ്രാന്തിയുടെ വിവിധതലങ്ങളെക്കുറിച്ചുള്ള സൂക്ഷാന്വേഷണമായ ഹിപ്‌നോട്ടിസത്തെക്കുറിച്ച് ഡോ. പി കെ നാരായണന്‍, നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം എന്ന തന്റെ പുസ്തകത്തെ അധികരിച്ചെഴുതിയ കുറിപ്പ്..
“ആരോഗ്യമേഖലയില്‍ ഹിപ്‌നോട്ടിസത്തിനു വലിയ പങ്കാണുള്ളത്. ഇക്കാര്യം ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് ശ്ലാഘനീയമാണ്. മനോരോഗചികിത്സയില്‍ മാത്രമല്ല, ശാരീരികാസ്വസ്ഥതയുടെ കാര്യത്തിലും ഹിപ്‌നോട്ടിസത്തിന് അതിന്റേതായ പങ്കു നിര്‍വ്വഹിക്കുവാന്‍ കഴിയുമെന്ന വസ്തുത വിസ്മരിച്ചുകൂടാ.
മാനവസംസ്‌കാരം ഉദയം ചെയ്ത കാലം മുതല്‍ ഹിപ്‌നോട്ടിക് പ്രതിഭാസം അറിയപ്പെട്ടിരുന്നുവെന്നത വാസ്തവമാണ്. എന്നാല്‍ അന്നത് നിഗൂഢശക്തിയായി കരുതി വിശ്വസിച്ചിരുന്നുവെന്നു മാത്രം. പുരാതന ഈജിപ്തിലും ഗ്രീസിലും ബാബിലോണിയയിലും ഭാരതത്തിലും ചൈനയിലും പുരോഹിതന്മാര്‍ അവരുടെ ദിവ്യശക്തി പ്രകടിപ്പിച്ചിരുന്നത് ഹിപ്‌നോട്ടിസത്തിന്റെ പ്രാകൃതമായ മറ്റൊരു രൂപത്തിലായിരുന്നു. അന്നത്തെ ജനത പുരോഹിതര്‍ക്കു കല്പിച്ചിരുന്ന സ്ഥാനവും മഹത്ത്വവും വിവരണാതീതമായിരുന്നു. അവര്‍ക്ക് ഭരണത്തിലും ഭരണകൂടത്തിലും ഭരണാധികാരികളിലും ഉണ്ടായിരുന്ന സ്വാധീനം വളരെ ശക്തമായിരുന്നു. പൂര്‍ണ്ണമായും അന്ധവിശ്വാസങ്ങളില്‍ മുഴുകിയിരുന്ന അന്നത്തെ ജനത പുരോഹിതരുടെ ശബ്ദത്തിലും ഭാവഹാവാദികളിലും സമീപനത്തിലും തളര്‍ന്നുറങ്ങിപ്പോവുക സാധാരണമായിരുന്നു. ഈ പശ്ചാത്തലമാണ് ഹിപ്‌നോട്ടിസത്തെ നിഗൂഢമായ മാന്ത്രികശക്തിയായി മാറ്റിയത്.
രാഗചികിത്സയും ഔഷധപ്രയോഗവും അക്കാലത്തു പുരോഹിതരുടെ കൈകളിലായിരുന്നു. ശരീരഭാഗങ്ങളില്‍ തടവിയും ആകാശത്തിലെ ദൈവവചനങ്ങളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കിയും അവര്‍ രോഗികളെ ശാന്തരാക്കി തിരിച്ചയച്ചു. രോഗചികിത്സാരംഗത്ത് അനിമല്‍ മാഗ്‌നറ്റിസത്തിനുള്ള സ്ഥാനം അങ്ങനെ നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ അറിയപ്പെട്ടിരുന്നു.
ശാരീരികവും മാനസികവുമായ വിതാനങ്ങളില്‍പെട്ടവയെന്ന്, വ്യാപകമായ അര്‍ത്ഥത്തില്‍, രോഗങ്ങളെ രണ്ടായി തിരിച്ചറിയാം. എന്നാല്‍ ഏതു വിഭാഗത്തില്‍പ്പെട്ട രോഗമായാലും രോഗിയുടെ മാനസികനിലയും സമീപനവും രോഗചികിത്സയുടെ കാര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉചിതമായ മാനസികനില ഉണ്ടാക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുകയെന്നത് രോഗചികിത്സാരംഗത്തെ സുപ്രധാനമായ ഘടകമാണ്. ഡോക്ടറുടെ സ്‌പെഷ്യലൈസ്ഡ് ഫീല്‍ഡ് എന്തായിരുന്നാലും മനോചികിത്സയിലും അറിവുണ്ടായിരിക്കുകയെന്നത് ആവശ്യമാണ്.
രോഗചികിത്സയുടെ പൊതുസ്വഭാവമിങ്ങനെയാണെങ്കില്‍ മാനസികരോഗത്തിന്റെ കാര്യമോ? പലതരത്തിലുള്ള ചുറ്റുപാടുകളില്‍നിന്നും ഉതിര്‍ന്നെത്തിച്ചേരുന്ന ചോദനകള്‍ നാഡീകേന്ദ്രങ്ങളില്‍ ഉളവാക്കുന്ന സ്വാധീനം മൂലം സൃഷ്ടിക്കപ്പെടുന്നതായ അവ്യവസ്ഥയുടെ പ്രതികരണഫലമാണ് മാനസികരോഗങ്ങള്‍. ചോദനകള്‍ മസ്തിഷ്‌കകേന്ദ്രങ്ങളില്‍ താത്കാലിക റിഫ്‌ളെക്‌സുകള്‍ സൃഷ്ടിക്കുന്നു. ആന്തരികവും ബാഹ്യവുമായ ചുറ്റുപാടുകളാണ് പ്രസ്തുതസൃഷ്ടിക്കു കാരണമാകുന്നത്. താത്കാലിക റിഫ്‌ളെക്‌സുകള്‍ ചുറ്റുപാടുകളാകുന്ന ഉപാധികള്‍കൊണ്ട് രൂപപ്പെടുന്നതുകൊണ്ട് അവയെ ഉപാധിബദ്ധ റിഫ്‌ളെക്‌സുകളെന്നാണ് ശാസ്ത്രീയമായി പറയുക. പരാമര്‍ശനവിധേയമായ ഉപാധിബദ്ധ റിഫ്‌ളെക്‌സുകളാകട്ടെ, അറിയുകയും പരക്കെ അംഗീകരിക്കുകയും ചെയ്ത ‘സാധാരണത്വ’ത്തിന് യോജിക്കാത്ത മസ്തിഷ്‌കപ്രവര്‍ത്തനത്തിനും തദനുസാരിയായ മാനസികാവസ്ഥയ്ക്കും ഇടവരുത്തുന്നു. മനോരോഗങ്ങളുടെ പശ്ചാത്തലമാണിത്. സാധാരണത്വമെന്നത് സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. സാമൂഹ്യജീവിയായ മനുഷ്യന്റെ സമീപനവും പ്രവൃത്തിയും ചിന്തയും ഇടപെടലുകളും വ്യവസ്ഥയ്ക്ക് യോജിക്കാത്തതും അസ്വീകാര്യവുമാകുമ്പോള്‍ വ്യക്തി മാനസികമായ അപാകതയ്ക്കു കീഴ്‌പ്പെട്ടുവെന്നു കരുതപ്പെടുന്നു. അതോടൊപ്പം വ്യക്തിയാകട്ടെ വ്യഥകളുടെയും വിമ്മിട്ടത്തിന്റെയും പിടിയില്‍ കീഴ്‌പ്പെടുന്നു. മിക്ക മനോരോഗങ്ങളും ഇങ്ങനെയാണ് ഉടലെടുക്കുന്നതെന്ന് വിശകലനത്തിലൂടെ തിരിച്ചറിയാനാകും. അതുകൊണ്ട് മനോരോഗചികിത്സയില്‍ ചെയ്യുന്നത്, അസാധാരണമായ മസ്തിഷ്‌കപ്രവര്‍ത്തനത്തിന് അടിസ്ഥാനമായ ഉപാധിബദ്ധ റിഫ്‌ളെക്‌സുകളെ നേരേയാക്കുകയെന്നതാണ്.
മസ്തിഷ്‌കത്തെ പ്രചോദിപ്പിക്കുന്ന സിഗ്‌നല്‍ വ്യവസ്ഥകളാണല്ലോ, പ്രഥമ സിഗ്‌നല്‍ വ്യവസ്ഥയും ദ്വിതീയ സിഗ്‌നല്‍ വ്യവസ്ഥയും. കാഴ്ച, കേള്‍വി, മണമറിയല്‍, സ്പര്‍ശനം, രുചി ഇവയിലൂടെ വ്യാപരിക്കുന്ന സിഗ്‌നല്‍ വ്യവസ്ഥയാണ് പ്രഥമ സിഗ്‌നല്‍ വ്യവസ്ഥ. വാക്കുകളിലൂടെ വ്യാപരിക്കുന്ന ആശയവിനിമയപദ്ധതിയാണ് ദ്വിതീയ സിഗ്‌നല്‍ വ്യവസ്ഥ. റിഫ്‌ളെക്‌സുകളുടെ രൂപികരണത്തിന് വാക്കുകള്‍ക്കുള്ള സ്ഥാനം ആംഗ്യങ്ങളി ങലൂടെയും അടയാളങ്ങളിലൂടെയും പകരുന്ന പ്രഥമ സിഗ്‌നല്‍ വ്യവസ്ഥയെക്കാള്‍ കൂടുതലാണ്, ശക്തവുമാണ്. നിര്‍ദ്ദേശങ്ങള്‍ മനുഷ്യന്റെ നാഡീവ്യൂഹപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാധാരണമല്ലാത്ത മസ്തിഷ്‌കപ്രവര്‍ത്തനത്തിന് ആധാരമായ ഉപാധിബദ്ധ റിഫ്‌ളെക്‌സുകളെ ക്രമീകരിക്കുവാന്‍ വാക്ക് നിര്‍ദ്ദേശങ്ങള്‍ക്കു കഴിയുന്നത് പ്രസ്തുത സാഹചര്യത്തിലാകുന്നു.
എല്ലാ രോഗങ്ങളെയും ഹിപ്‌നോ തെറാപ്പിയിലൂടെ ഭേദമാക്കാന്‍ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഇല്ലെങ്കില്‍, ഏതെല്ലാം രോഗങ്ങളാണ് ഹിപ്‌നോതെറാപ്പിയിലൂടെ സുഖപ്പെടുത്തുവാന്‍ കഴിയുക? അതുപോലെ ഹിപ്‌നോട്ടിസം പഠിക്കുവാന്‍ കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും തെറാപ്പി നടത്താമോ? ഹിപ്‌നോതെറാപ്പിക്ക് ദോഷവശങ്ങളുണ്ടോ? ഹിപ്‌നോട്ടിസത്തിലൂടെ രോഗിയുടെ ‘മനസ്സി’ലുള്ള കാര്യങ്ങള്‍ എല്ലാം പറയിപ്പിക്കുവാന്‍ കഴിയുമോ? അതേ പശ്ചാത്തലത്തില്‍ കുറ്റവാളിയെക്കൊണ്ടു കുറ്റം തെളിയിക്കാനാകുമോ? ഇങ്ങനെ ഹിപ്‌നോട്ടിസസംബന്ധിയായ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാം.
ഹിപ്‌നോട്ടിസം സര്‍വ്വരോഗസംഹാരിയല്ല. ഹിപ്‌നോട്ടിസത്തെക്കുറിച്ച് പ്രാഥമികമായ ചില കാര്യങ്ങള്‍ പഠിച്ചിട്ട്, കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സകലവിധ രോഗങ്ങള്‍ക്കും മാനസിക അപാകതകള്‍ക്കും ചികിത്സ വാഗ്ദാനം ചെയ്ത് രോഗികളെയും ബന്ധുക്കളെയും കഷ്ടത്തിലാക്കുന്ന വിരുതന്മാരുണ്ട്. ഒരു വസ്തുത ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മനോരോഗങ്ങളെക്കുറിച്ച് ഗഹനമായ പഠനവും രോഗചികിത്സാശാസ്ത്രത്തില്‍ പരിചയവും ഉള്ളവര്‍ക്ക് ഹിപ്‌നോതെറാപ്പി വിജയകരമായി ചെയ്യുവാനാകും. ഹിപ്‌നോട്ടിക് നിദ്രയില്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ അവസ്ഥകളെ അനിതരസാധാരണമായ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് ഹിപ്‌നോതെറാപ്പിയുടെ വിവിധ വശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
അണുക്കള്‍, സോമറ്റിക് കാരണങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ എപ്പിലപ്‌സി, ചില ഗുരുതരമായ ഹിസ്റ്റീരിയ, ഭ്രാന്ത് തുടങ്ങിയ ഗുരുതരങ്ങളായ മാനസികരോഗങ്ങള്‍ ഇവയ്‌ക്കൊന്നും ഹിപ്‌നോതെറാപ്പി ഫലപ്രദമല്ല. ഗുരുതരമായ മാനസികരോഗങ്ങള്‍ക്ക് സൈക്യാട്രിക് ചികിത്സയും ശാരീരികരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രചികിത്സയുമാണാവശ്യം. വിമ്മിട്ടങ്ങള്‍, അമിതമായതും അകാരണങ്ങളെന്നു വ്യാഖ്യാനിക്കുന്നതുമായ മാനസികപ്രയാസങ്ങള്‍, ചില ഉറക്കത്തകരാറുകള്‍, വിവിധതരം ഫോബിയകള്‍, അശ്രദ്ധകള്‍, പരാജയഭീതികള്‍, ചിലതരം വിഷാദങ്ങള്‍ എന്നിവ ഹിപ്‌നോട്ടിക് ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയും. പരിശീലനവും കഴിവും തികഞ്ഞ ഹിപ്‌നോട്ടിസ്റ്റിന് വിജയപൂര്‍വ്വം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ, ഇമ്മാതിരിയിലുള്ള മാനസികരോഗങ്ങള്‍.”