മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം ,സിസ്റ്റര്‍ ജെസ്മി ,സി.എം സി ( കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍)യില്‍ നിന്നും വിടുതല്‍ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കി മഠം വിട്ടുപോന്നു.2008 ആഗസ്റ്റ് 31 നു ആയിരുന്നു അത്.ദീര്‍ഘകാലം അദ്ധ്യാപിക കൂടിയായിരുന്ന അവര്‍ അതില്‍ തന്നെ 3 വര്‍ഷം തൃശ്ശൂര്‍ വിമലാ കോളേജില്‍ പ്രിന്‍സിപ്പലായും 3 വര്‍ഷം സെന്റ് മേരീസ് കോളേജില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.അധികാരികളില്‍ നിന്നുള്ള പീഠനം സഹിയ്ക്കവയ്യാതെ ആയപ്പോള്‍ അവര്‍ എടുത്ത ഈ തീരുമാനം ഉയര്‍ത്തിയ അലകള്‍ ഇപ്പോളും ഇല്ലാതായിട്ടില്ല. ഈ കടുത്ത തീരുമാനത്തിലേയ്ക്ക് തന്നെ നയിച്ച സംഭവ പരമ്പരകള്‍ വ്യക്തമാക്കിക്കൊണ്ട് സിസ്റ്റര്‍ ജെസ്മി എഴുതിയ ആത്മകഥയാണ് ‘ആമേന്‍’. അഡ്വ:കെ.ആര്‍ ആശയുടെ സഹായത്തോടെ (പ്രധാനമായും പരിഭാഷയില്‍)യാണ് എഴുതിയിരിക്കുന്നത്. 2009 ഫെബ്രുവരിയില്‍ ആദ്യ പതിപ്പ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അഞ്ചു പതിപ്പുകളാണു ഒരു മാസത്തിനുള്ളില്‍ വിറ്റഴിഞ്ഞത്. ഇംഗ്ലീഷടക്കം വിവിധ ഭാഷകളിലേയ്ക്ക് പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പുസ്തകത്തിന്റെ ഇരുപത്തിനാലാമത് പതിപ്പ് പുറത്തിറങ്ങി.
കേരളത്തിലെ കത്തോലിക്കാ സഭയില്‍ പ്രത്യേകിച്ച് കത്തോലിക്കാ സന്യാസസ്ഥാപനങ്ങളില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും കലാപക്കൊടി ഉയര്‍ത്തിയ സന്ന്യാസിനിയാണ് സിസ്റ്റര്‍ ജസ്മി. അക്കാലത്ത് താനുള്‍പ്പെടെയുള്ള കന്യാസ്ത്രീകഴള്‍ താമസിച്ചിരുന്ന കണ്‍വെന്റുകളില്‍ നടന്ന, ആത്മഹത്യകളുടെയും അതിനിപിന്നിലുണ്ടായിരുന്ന കാരണങ്ങളുമാണ് സിസ്റ്റര്‍ ജെസ്മിയെ മഠത്തില്‍നിന്നും പുറത്തുകടക്കാന്‍ പ്രേരിപ്പിച്ചത്.
ആ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം സഭയില്‍ നിന്നുള്ള സിസ്റ്റര്‍ ജെസ്മിയുടെ വിട്ടു പോരലിനേയും കാണേണ്ടത്.സഭയില്‍ നിന്നു വിട്ടുപോരാന്‍ തീരുമാനമെടുത്തശേഷം ഡല്‍ഹിയില്‍ നിന്നു എറണാകുളത്തേയ്ക്കുള്ള തീവണ്ടി യാത്രയിലാണ് ആത്മകഥയെഴുതുവാന്‍ അവര്‍ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ആ ട്രെയില്‍ യാത്രയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ ഓര്‍ക്കുന്ന രീതിയിലാണു പുസ്തകവും രചിച്ചിട്ടുള്ളത്. ആരേയും വേദനിപ്പിയ്ക്കാന്‍ ആഗ്രഹമില്ലാത്തതുമൂലം ഈ ആത്മകഥയില്‍ വ്യക്തികളുടെ യഥാര്‍ത്ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഇതിനെക്കുറിച്ച് സിസ്റ്റര്‍ ജെസ്മി ഇങ്ങനെ എഴുതുന്നു: ‘ഇതില്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് നെഞ്ചില്‍ കൈ വച്ചു കൊണ്ട് ഈശോയുടെ തിരുമുഖത്തു നോക്കി സധൈര്യം,സവിനയം പറയാന്‍ കഴിയും.അപ്രിയ സത്യങ്ങളും പരാമര്‍ശിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ചില സത്യങ്ങള്‍ പരിമിതി മൂലം വെളിപ്പെടുത്തിയിട്ടില്ല’.
എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റര്‍ ജെസ്മി ഇങ്ങനെ എഴുതുന്നു.:‘തങ്ങളുടെ നേര്‍നടുവില്‍ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളില്‍ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.. അവര്‍ (സന്യസ്തര്‍)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു. എന്നിട്ടും അതേ ആളുകള്‍ക്ക് അവര്‍ നിഗൂഢരായി അവശേഷിയ്ക്കുന്നു’
ജെസ്മി തുടരുന്നു.’സാധാരണ കാര്യങ്ങളില്‍ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം……യേശുവിന്റെ ‘മാര്‍ഗ’ത്തിലാണു നാം നീങ്ങുന്നതെങ്കില്‍ മറയ്ക്കാന്‍ യാതൊന്നുമില്ല…. സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോള്‍ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.’
താന്‍ കൂടി അംഗമായിരുന്ന സഭയില്‍ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാര്‍ഗിക പ്രവര്‍ത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റര്‍ ജെസ്മി ഈ പുസ്തകത്തില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിര്‍ബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളില്‍ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നല്‍കുകയും ചെയ്യുന്ന പുരോഹിത വര്‍ഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയര്‍ന്നതാണ്? സാധാരണ ജനതയെ കാര്‍ന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളില്‍ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ. സാധാരണ ജനങ്ങളില്‍ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവര്‍ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്. മാനുഷികമായ എല്ലാ വികാരങ്ങള്‍ക്കും അവര്‍ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാല്‍ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാന്‍ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റര്‍ ജെസ്മി.
ആമേന്‍ എന്ന ആത്മകഥയ്ക്ക് ശേഷം സിസ്റ്റര്‍ ജസ്മി എഴുതിയ അനുഭവക്കുറിപ്പുകളാണ് ഞാനും ഒരു സ്ത്രീ. ഒരു സ്ത്രീ എന്ന നിലയില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങളും തന്റെ നിലപാടുകളും പുസ്തകത്തില്‍ സിസ്റ്റര്‍ ജസ്മി അവതരിപ്പിക്കുന്നു. ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങളാണ് പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. പ്രണയ സ്മരണ, മഴവില്‍മാനം, പെണ്‍മയുടെ വഴികള്‍ എന്നിവയാണ് മറ്റ് പ്രധാന പുസ്തകങ്ങള്‍. ഇംഗ്ലീഷില്‍ മൂന്ന് കവിതാ സമാഹാരങ്ങളും പഠന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.