പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ഒന്നും ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് സുഗതകുമാരി. മലയാളത്തിന് പ്രിയപ്പെട്ട കവയിത്രിയാണവര്‍. വെയില്‍പൊള്ളി നടന്നുവരുമ്പോള്‍ പച്ചക്കുടനീര്‍ത്തി വരവേല്‍ക്കുന്ന വാത്സല്യത്തിന്റെ തണലാണ് സുഗതകുമാരിയുടെ കവിതകള്‍.
നിറവാര്‍ന്ന സ്വപ്‌നങ്ങളെക്കുറിച്ചും ഹൃദ്രമമായ പ്രണയത്തെക്കുറിച്ചും നീറ്റലായിനിറയുന്ന ആകുലതകളെക്കുറിച്ചും നൈരാശ്യങ്ങളുടെ ഉള്ളറകളിലും വെളിച്ചത്തിന്റെ ദീപ്തകണങ്ങളെ നിറയ്ക്കുന്ന പ്രതീക്ഷകളെക്കുറിച്ചും ഒപ്പം, തന്നെചൂഴുന്ന ബാഹ്യപ്രകൃതിയെയും മനുഷ്യനെയും കുറിച്ചും അനുഭവസാകല്യമായി ആത്മാവില്‍ വിലയംകൊള്ളുന്ന കൃഷ്ണസങ്കല്പത്തെക്കുറിച്ചുമെല്ലാം സുഗതകുമാരി എഴുതുന്നു.
മലയാളകവിതയുടെ ഹരിതഭംഗി മുഴുവനായും ഒപ്പിയെടുത്തസുഗതകുമാരിക്കവിതകളുടെ സമാഹാരമാണ് തുലാവര്‍ഷപ്പച്ച. തെളിനീരുറവപോലെ ഹൃദ്യമാണിതിലെ കവിതകള്‍. മലമുകളിലിരിക്കെ, പാദപ്രതിഷ്ഠ, തുലാവര്‍ഷപ്പച്ച, ദില്ലിയില്‍ തണുപ്പത്ത്, അമ്മ, കാക്കപ്പൂവ്, രാത്രി, നിലാവ്, ഏതുപൂവിന്‍മണമാണിത്, പെണ്‍കുഞ്ഞ്-90, എല്ലാം വെറുതെ തുടങ്ങിയ 34 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. അതോടൊപ്പം പ്രശസ്ത ആസ്‌ത്രേലിയന്‍ എഴുത്തുകാരി ജൂഡിത് റൈറ്റിന്റെ പത്തുകവിതകളുടെ വിവര്‍ത്തനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.1990 ഡിസംബറില്‍ പ്രസിദ്ധപ്പെടുത്തിയ തുലാവര്‍ഷപ്പച്ചയുടെ 11-ാം പതിപ്പാണിത്. കെ.രാമചന്ദ്രന്‍ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്.
ദേവിഭൂമി, നിനക്കെല്ലാ-
മറിയാം,നിന്റെ ചിന്തയില്‍
പാഴ്‌വിലയ്ക്കുമെടുക്കാത്തോ-
ന്നല്ലി പെണ്ണിന്റെ ജീവിതം?
എങ്കിലും തങ്കമേ, നീയെന്‍
മുഖത്തേയ്ക്കുറ്റുനോക്കിടു-
ന്നെന്തിനോ പുഞ്ചിരിക്കൊള്ളു-
ന്നോര്‍ത്തുവിമ്മുന്നിടയ്ക്കിടെ
അമ്മയാം ഞാനുമിമ്മട്ടില്‍
പെണ്ണായ് വന്നു പിറന്നുപോയ്
എന്നെയും പാവമെന്നമ്മ-
യന്നു കൊല്ലാനറച്ചുപോയ്
ഇതൊക്കെ സത്യമാണെന്നാല്‍
സ്വപ്‌നം കാണട്ടെ ഞാനിനി
വെളിച്ചം വിടരും, സീത-
ക്കുട്ടിക്കും ജനകന്‍ വരും!
അക്കൈത്തണലിലായ് ദീപ്ത
ശുദ്ധിയായിവള്‍ നീര്‍ന്നിടും
അഗ്നി പൊള്ളില്ല, കാടേറി-
ല്ലിവളീ ഭൂമിതന്‍ മകള്‍
വേലചെയ്തു പുലര്‍ന്നോളായ്
പുലര്‍ത്തുന്നവളായ്, സ്വയം
ജീവിതം പൊന്‍കൊടിക്കൂറ
പോലുയര്‍ത്തിപ്പിടിച്ചിടും!
തലതാഴില്ല, താഴ്ത്തില്ല,
ഇവള്‍ തന്‍കാലില്‍ നില്പവള്‍
ഇവള്‍ തന്‍ പുഞ്ചിരിക്കൊള്ളും
മുഖമാണമ്മതന്‍മുഖം!