വാസ്തവികതയോ കാൽപനികതയോ ആധുനികതയോ ഉത്തരാധുനികതയോ അല്ല ചർച്ച ചെയ്യപ്പെടേണ്ടത്, ജീവിതം തന്നെയാണ് എന്ന് എഴുത്തിലൂടെ തെളിയിച്ച രാജീവ് ശിവശങ്കറുമൊത്ത് അൽപനേരം. വ്യത്യസ്തമായ വിഷയങ്ങൾ തേടിപ്പോകുന്ന തന്റെ വേറിട്ട വഴികളെ കുറിച്ച് രാജീവ് ശിവശങ്കർ വാചാലനാകുമ്പോൾ …. കൂടെ എൻ കെ സുമിൻ ലാൽ
ആദ്യം തമോവേദവും പ്രാണസഞ്ചാരവും. ഇപ്പോള്‍ മറപൊരുളും കലിപാകവും. വ്യത്യസ്തമായ വിഷയങ്ങള്‍ തേടിപ്പോകുന്നതാണോ തേടിയെത്തുന്നതാണോ?
= തേടിപ്പോകുന്നതുതന്നെയാണെന്നു വേണം പറയാന്‍. പക്ഷേ, എനിക്കു കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നുറപ്പുതോന്നുന്ന വിഷയത്തിലേ കൈവയ്ക്കാറുള്ളൂ. ശ്രീശങ്കരനെക്കുറിച്ചുള്ള നോവലൊക്കെ പണ്ടേ മനസിലുള്ളതാണ്. എഴുതാന്‍ ഇപ്പോഴാണു ധൈര്യംവന്നതെന്നുമാത്രം. കലിപാകം പക്ഷേ, മറപൊരുളിനുവേണ്ടിയുള്ള മെറ്റീരിയല്‍ അന്വേഷണത്തിനിടെ വന്നുതടഞ്ഞവിഷയമാണ്.
കലിപാകത്തിനുള്ളില്‍ ഒതുക്കിപ്പറയുന്ന രാഷ്ട്രീയം പുനര്‍വായന അര്‍ഹിക്കുന്നതാണ്. അതു പറയാന്‍വേണ്ടിക്കൂടെയാണോ ഈ വിഷയം തിരഞ്ഞെടുത്തത്? ഗോവധമൊക്കെ ഇതില്‍ കടന്നുവരുന്നുണ്ടല്ലോ.
= രാഷ്ട്രീയം പറയാന്‍വേണ്ടി നോവലെഴുതേണ്ട കാര്യമില്ല.പക്ഷേ, നോവലിന്റെ വിഷയം അത്തരം ചിലതിലേക്കു വാതില്‍ തുറന്നിടുന്നുണ്ട് എന്നതു സത്യമാണ്. കല്‍പ്രമാണത്തില്‍ ഞാന്‍ വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്തിരുന്നു. മറപൊരുളില്‍ ആത്മീയതയുടെയും സന്ന്യാസത്തിന്റെയും രാഷ്ട്രീയം.. കലിപാകം വര്‍ത്തമാനകാലത്തു കൂടുതല്‍ പ്രസക്തമാകുന്നത്, ആ നോവല്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ഇന്നു പ്രസക്തമായതുകൊണ്ടുതന്നെയാണ്. പുരാണത്തില്‍ അവിടവിടെയായുള്ളത് ഞാന്‍ എന്റെ കാഴ്ചക്കോണിലേക്കു വലിച്ചടുപ്പിക്കുകയായിരുന്നു. കലിയുഗത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍, കലി ആധിപത്യം സ്ഥാപിക്കുമ്പോഴുള്ള ലക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചില ചൂണ്ടുപലകകളാണ്. ഗോവധമൊക്കെ ഇന്നത്തെ മാത്രം പ്രശ്‌നമല്ല. പരീക്ഷിത്തിന്റെ കാലത്തും അതുണ്ടായിരുന്നു. വേദകാലഘട്ടത്തില്‍പോലും കാലികളെ കവര്‍ന്നാണ് അധികാരം സ്ഥാപിച്ചിരുന്നത്. ധര്‍മത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്നവരെയും അതിന്റെ ശരിതെറ്റുകളെയും കലിപാകം ചര്‍ച്ചചെയ്യുന്നുണ്ട്.
മറപൊരുളിലും കലിപാകത്തിലും തമോവേദത്തില്‍നിന്നു തികച്ചും വ്യത്യസ്തമായ സാത്വികമെന്നു വിശേഷിപ്പിക്കാവുന്ന ഭാഷയാണ്. ഭാഷ മാറ്റിപ്പണിയുന്നത് എങ്ങനെയാണ്?
= അതിനായി കഠിനശ്രമം നടത്താറുണ്ട്. ഭാഷ വെല്ലുവിളിയാകുമ്പോള്‍ത്തന്നെ അതിനെ ഉടച്ചുവാര്‍ക്കുന്നതിന്റെ സുഖവുമുണ്ട്. ‘കാര്‍ത്യായനീ ക്ഷേത്രനടയില്‍നിന്നു നിറകണ്ണുകളോടെ പ്രാര്‍ഥിക്കുമ്പോള്‍ കുങ്കുമവും ഇളവെയിലിന്റെ വെള്ളമന്ദാരപ്പൂവിതളും പ്രസാദമായി നീട്ടി പുലരി എന്നെ സമാശ്വസിപ്പിച്ചു’എന്ന മറപൊരുളിലെ വാചത്തെ പ്രശംസിച്ച് ഒരു വായനക്കാരന്‍ നീണ്ട കത്തെഴുതിയതോര്‍ക്കുന്നു. മറ്റൊരാള്‍ എഴുതിയത്, ചില്‍സുഖന് ആത്മജ്ഞാനം സിദ്ധിക്കുമ്പോള്‍ ഉപയോഗിച്ച ബിംബങ്ങളെ അഭിനന്ദിച്ചാണ്. വായനക്കാര്‍ ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുമ്പോള്‍ നാം കൂടുതല്‍ ജാഗ്രതപാലിക്കുന്നു. ഇന്നത്തെകാലത്തും ഇഷ്ടപ്പെട്ട ഒരു വാചകത്തിന്റെ, ബിംബത്തിന്റെയൊക്കെ പേരില്‍ കത്തെഴുതി അയയ്ക്കാന്‍ അവര്‍ക്കുതോന്നുന്നു എന്നതു വലിയകാര്യംതന്നെയാണ്.
കാഴ്ചകളെ കണ്‍മുമ്പില്‍ കൊണ്ടുവരുന്നതരം ദൃശ്യഭാഷയാണ് നോവലുകളില്‍ ഉപയോഗിച്ചുകാണുന്നത്.വിശദാംശങ്ങളില്‍ ഏറെ ശ്രദ്ധിച്ചും കാണുന്നു. ബോധപൂര്‍വമാണോ ഇത്?
= നമുക്കു പരിചയമില്ലാത്ത പഴയൊരുകാലം വായനക്കാരനുമുമ്പില്‍ അവതരിപ്പിക്കുകയാണ്. എന്റെ കൈയിലുള്ളത് ഭാഷയെന്ന ടൂള്‍ മാത്രമാണ്. ഭാവനയെകൂട്ടുപിടിച്ച് വായനക്കാരനെ അവിടേത്തെക്കിക്കാന്‍ എന്തെല്ലാം ചെയ്യാമെന്നതാണ് ആലോചിക്കാറുള്ളത്. അത്തരം ആലോചനയില്‍ സ്വാഭാവികമായി കടന്നുവരുന്നതാണ് ദൃശ്യബിംബങ്ങള്‍.
നാലുവര്‍ഷംകൊണ്ട് ഏഴു നോവല്‍. എന്നാല്‍ കഥാസമാഹാരം ഒന്നു മാത്രം. ‘ദൈവമരത്തിലെ ഇല’ എന്ന കഥാസമാഹാരത്തിലെ മിക്കകഥകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് കഥകള്‍ കൂടുതല്‍ എഴുതാത്തത്?
= ഒന്നാമത്, കഥയെഴുതുന്ന ഒരുപാടുപേര്‍ ചുറ്റുമുണ്ട്. രണ്ടാമത്, നോവല്‍ കുറെക്കൂടി വിപുലമായ ഒരു തട്ടകമാണ്. അത് ഒരേസമയം സ്വാതന്ത്യം തരുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തും ചെയ്യാം എന്നാകുമ്പോള്‍ എന്തു ചെയ്യരുത് എന്നു തിരിച്ചറിയാനുള്ള വിവേകം വേണം. ഒരു ചെറുകഥയില്‍ വായനക്കാരനെ പിടിച്ചടുപ്പിക്കുന്നതുപോലെ എളുപ്പമല്ല നോവലില്‍ തളച്ചിടാന്‍. എന്തെഴുതുമ്പോഴും അവസാനവാക്കുവരെ വായനക്കാരെ കൊളുത്തിയിടുക എന്നത് നോവലിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെയാണ്. തുടക്കം മടുപ്പിച്ചാല്‍ നോവല്‍ എത്രതന്നെ ഗംഭീരമാണെങ്കിലും വായനക്കാര്‍ ഉപേക്ഷിച്ചപോവുകതന്നെ ചെയ്യും. നോവല്‍ ഒറ്റയിരിപ്പില്‍ വായിക്കുന്നവരും മുറിച്ചുമുറിച്ചുവായിക്കുന്നവരും ഉണ്ടാകും. വായിക്കാതെ വയ്യെന്ന് അവര്‍ക്കു തോന്നണം. അങ്ങനെ തോന്നിപ്പിക്കണം.
തമോവേദവും മറപൊരുളും കലിപാകവും പോലുള്ള നോവലിന് വിപുലമായ പഠനവും തയാറെടുപ്പും വേണ്ടിവരുമല്ലോ. എത്രസമയം അതിനായി വിനിയോഗിച്ചു?
= ധാരാളം സമയം വേണ്ടിവരും. തമോവേദമെഴുതുംമുമ്പ് ൈബബിള്‍ രണ്ടുതവണ വായിച്ചു. മറപൊരുള്‍ എഴുതാന്‍ നൂറിലേറെ ഗ്രന്ഥങ്ങള്‍ പഠിക്കേണ്ടിവന്നു. എഴുതുമ്പോള്‍ അതില്‍ പൂര്‍ണമായി മുഴുകുകയും അതിനുശേഷം അതിനെ വിട്ടുകളയുകയുമാണ് എന്റെ രീതി. ഇപ്പോള്‍ എന്നോട് ബൈബിളിലെ ഒരു വരിയോ അദ്വൈത്തിന്റെ സവിശേഷതയോ ചോദിച്ചാല്‍ മറുപടിപറയാന്‍ എനിക്കറിയില്ല. ഇപ്പോള്‍ എന്താണോ എഴുതുന്നത് അതില്‍ മാത്രമായിരിക്കും ഞാന്‍. മനസിനെ അങ്ങനെ ട്യൂണ്‍ ചെയ്തുവച്ചിരിക്കുന്നതൊന്നുമല്ല. അങ്ങനെയാണു ഞാന്‍.
എന്താണു പുതിയ രചന? അതും നോവല്‍ തന്നെയാണോ?
= തീര്‍ച്ചയായും. സ്ത്രീകളുടെ ജീവിത സമ്മര്‍ദങ്ങളെക്കുറിച്ചുള്ള അന്വേഷണവും അവളുടെ ജീവിതത്തിലെ പുറംലോകത്തിന്റെ ഇടപെടലുമൊക്കെയാണു വിഷയം. കൂടാതെ, ഒരു കഥാസമാഹാരവും ഇറങ്ങാനുണ്ട്.