ആദിമകാലചരിത്രം എന്താണ്? അത് സാമ്പ്രദായികമായി ‘ഇതാണ് ചരിത്രം’ എന്നു പറഞ്ഞു പഴകിയതുമാത്രമാണോ? അതിനു സമാന്തരമായോ ബദലായോ ഒട്ടേറെ സാധ്യതകളുണ്ടാവില്ലേ? അത്തരമൊരു അന്വേഷണമാണ് സമദിന്റെ പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന നോവല്‍. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ കടന്നു വരവ്, ഗോത്രസാമുദായി സങ്കല്പങ്ങളുടെ സങ്കരണം, വിജ്ഞാനത്തിന്റെയും ശാസ്ത്രസാങ്കേതികത്വത്തിന്റെയും കാര്യത്തില്‍ പൗരാണിക ഇന്ത്യയും അറേബ്യന്‍ നാടുകളും തകര്‍ന്നതെങ്ങനെ?, യൂറോപ്പ് വളര്‍ന്നതെങ്ങനെ?, ഇന്ത്യയിലെ സാമൂഹികസാമ്പത്തിക പരിവര്‍ത്തനങ്ങളുടെ അന്തര്‍ധാര എന്തായിരുന്നു, കാര്‍ഷികനാണ്യവിളകളുടെ മേഖലയിലുണ്ടായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചതെങ്ങനെ തുടങ്ങി ഒരു പിടി ചോദ്യങ്ങള്‍ക്ക് മുമ്പു സൂചിപ്പിച്ചതരത്തില്‍, ചരിത്രത്തിലെ സമാന്തരസാധ്യതകള്‍ അന്വേഷിക്കുകയാണ് പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ എന്ന നോവല്‍.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് വ്യത്യസ്തമായ കാരണങ്ങളാല്‍, വ്യത്യസ്തകാലഘട്ടത്തില്‍ യമനില്‍നിന്നും പലായനം ചെയ്യേണ്ടിവരുന്ന, മതവിജ്ഞാനമുള്‍പ്പടെ പലശാസ്ത്രവിഷയങ്ങളിലും പണ്ഡിതരും പരിണതപ്രജ്ഞരുമായ രണ്ടു സഹോദരന്‍മാരുടെ കഥയാണ് ആവിഷ്‌കരിക്കുന്നത്. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു മലബാര്‍. മൂത്തസഹോദരന്‍ ജ്യേഷ്ഠന്‍ മൂസ അല്‍ ഹരാസിസിസ് ബിന്‍ സാലേം എന്ന ഹക്കിം മൂസ ഗുരുനാഥന്‍ തന്റെ അനുഗ്രഹത്തോടൊപ്പം നല്‍കിയ കാനുന്‍ അല്‍ ദവ എന്ന പൗരാണിക വൈദ്യശാസ്ത്രഗ്രന്ഥവുമായി മലബാര്‍തീരത്തണയുകയും ക്രമേണ കൊച്ചിയിലെത്തുകയും ചെയ്തുവെങ്കില്‍ പില്‍ക്കാലത്ത് സ്വരാജ്യം വിടേണ്ടിവന്ന ഹക്കിം ഈസ കപ്പലില്‍ സിലോണ്‍, ധനുഷ്‌കോടി, രാമേശ്വരം വഴി അഞ്ചുനാടെന്ന മൂന്നാറില്‍ എത്തി അവിടെ കാപ്പിക്കുരു പാകി കിളിര്‍പ്പിച്ച് പരിപാലിച്ച് തോട്ടമുടമയായിത്തീര്‍ന്നു ഈസ. ഇവരുടെ ജീവിതത്തിനു കേരളത്തിന്റെ മണ്ണും പെണ്ണും അനുകൂലമായതോടെ മറ്റൊരു സമൂഹത്തിനുതന്നെ കേരളത്തില്‍ വേരുപിടിക്കുകയായിരുന്നു. മൂസകുടുംബത്തിലെ സമകാലിക തലമുറയില്‍പ്പെട്ട യുവാവ് 1800കളില്‍ ആരംഭിച്ചിരിക്കാവുന്ന തങ്ങളുടെ കുടുംബചരിത്രംതേടി കണ്ടെത്തുന്നതാണ് നോവലിന്റെ ആഖ്യാനം.
അറിവ് എവിടെനിന്നായാലും കൈനീട്ടി സ്വീകരിക്കുമ്പോള്‍ ഏതൊരു സമൂഹത്തിനും പുരോഗതിയുണ്ടാകുന്നു. എന്നാല്‍ അറിവിനുമുന്നില്‍ പുറംതിരിഞ്ഞുനിന്നാല്‍ ആ സമൂഹത്തിന് അധോഗതിയായിരിക്കും സംഭവിക്കുന്നത്. അതാണ് ഒരുകാലത്ത്, ശാസ്ത്രത്തിന്റെയും ശുദ്ധ അറിവിന്റെയും കാര്യത്തില്‍ ഒരു ഗ്രന്ഥത്തില്‍ ഒതുക്കാനാവാത്തത്ര സംഭാവനകളുണ്ടായിട്ടും അറേബ്യ പില്‍ക്കാലത്ത് പിന്തള്ളപ്പെട്ടുപോയതെന്നു പറഞ്ഞതിനാണ് ഇളയ സഹോദരന് രാജ്യമുപേക്ഷിക്കേണ്ടി വന്നത്. യഥാര്‍ത്ഥത്തില്‍ അറിവ് ഒരു നദി പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുസ്ഥാനില്‍ നിന്ന് ചീനയിലേക്ക്, ചീനയില്‍ നിന്ന് പേര്‍ഷ്യയിലേക്ക് പേര്‍ഷ്യയില്‍ നിന്ന് മിസിറിലേക്ക് …. വിജ്ഞാനത്തിന്റെ നദി ഒരിക്കലും ഒരിടത്തും കെട്ടിക്കിടക്കുന്നില്ല. ഭൂഗോളത്തിലെ മുഴുവന്‍ അറിവുകളും ഒരുകാലത്ത് ക്രമത്തില്‍(ഈജിപ്തില്‍) ഒഴുകിയെത്തിയിരുന്നു. ചീനയില്‍ നിന്നും പ്രായാഗികവൈദ്യവും തത്ത്വശാസ്ത്രവും, ഹിന്ദുസ്ഥാനില്‍ നിന്നും ആത്മീയതയും ഗണിതവും ആയുര്‍വേദവും അവിടെത്ത ഋഷിമാര്‍ വികസിപ്പിച്ചെടുത്ത യോഗവിദ്യയും, ബാലിയില്‍നിന്നും പ്രതിരോധ വിദ്യ അങ്ങനെ അങ്ങനെ…. ഒഴുകിയെത്തിയ അറിവുകെളല്ലാം നൈലിന്റെ വളക്കൂറുള്ള എക്കല്‍ മണ്ണില്‍ രാസമാറ്റങ്ങള്‍ക്ക് വിധേയമാവുകയും രൂപാന്തരം സംഭവിക്കുകയും ചെയ്തു. പിന്നീട് അത് ഗ്രീസിലേക്കും അവിടെനിന്നും യൂറോപ്പിലേക്കും എത്തി. മധ്യകാലത്തും തങ്ങളുടെ പ്രതാപം നിലനിര്‍ത്തിയ ഇസ്ലാമികലോകത്തില്‍ ക്രമേണ വിശുദ്ധ ഗ്രന്ഥത്തിന്റെ പൊരുള് മുസ്ലിങ്ങള്‍ തെറ്റായി വായിച്ചു തുടങ്ങി. ശാസ്ത്ര വിഷയങ്ങളെക്കാള്‍ വാശിയോടെ വിശുദ്ധ ഗ്രന്ഥ പഠനവും വ്യാഖ്യാനവും വിരുദ്ധചേരികളുണ്ടാവാന്‍ ഇടയാക്കി.
ശാസ്ത്രത്തിന്റെ വിവിധ മേഖലകല്‍ നടന്നിരുന്ന ഗേവഷണ പഠനങ്ങളെക്കാള്‍ ഇത്തരം ഉപരിപ്ലവ തര്‍ക്കങ്ങളും കടുംപിടുത്തങ്ങളും പ്രാധാന്യംനേടി. സഹിഷ്ണുത ഇല്ലാതായി. അറിവ് എവിടെയായാലും സ്വീകരിക്കുക, മറ്റുള്ളവരില്‍ നിന്നും പാഠം പഠിക്കുക എന്നരീതി ഇസ്ലാമിക ലോകം ഉപേക്ഷിച്ചു. അതാണ് അറേബ്യന്‍ ഫെലിക്‌സിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത് എന്നായിരുന്നു സഹോദരന്‍മാര്‍ മുന്നോട്ടുവച്ച ചിന്ത. അതിനെ രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ചതോടെയാണ് അവര്‍ പലായനം ചെയ്യുന്നത്. കൊച്ചിയിലും ഇന്നത്തെ മൂന്നാറിലുമായി എത്തിച്ചേര്‍ന്ന അവര്‍ ആധുനിക കേരളത്തിന്റെ ഇരുവശങ്ങളില്‍നിന്നും പില്‍ക്കാലത്തുവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാനിടയായവിധം കാപ്പിത്തോട്ടത്തിന്റെയും ഗോത്രമിശ്രണത്തിന്റെയും വിത്തുകള്‍ പാകി, വളര്‍ത്തുന്നു. അത് കുടുംബമായും തലമുറകളായും വളരുന്നു. ഭാവനയിലൂടെയും ചിലചരിത്രസാക്ഷ്യപ്പെടുത്തലുകളുടെയും സാന്നിദ്ധ്യത്തില്‍ വികസിക്കുന്ന ഈ നോവല്‍ വായനയ്ക്കുശേഷവും നമ്മില്‍ ചില അന്വേഷണത്വര വികസിപ്പിക്കുന്നു. അതാണ് ഈ നോവലിന്റെ വിജയം. സമൂഹങ്ങളുടെ, സംസ്‌കാരങ്ങളുടെ വികാസപരിണാമങ്ങളെ എന്തൊക്കെ സ്വാധീനിക്കുന്നുവെന്ന് മുഴുനീളം ചര്‍ച്ച ചെയ്യുന്ന പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍, ഭൂമിയുടെ ഉടമസ്ഥാവകാശം അത് മനുഷ്യനുതന്നെയാണോ അതില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നതു ശരിയാണോ എന്ന ഗൗരവമായൊരു സമസ്യയെയാണ് ഒരുവശത്തുകൂടി അവതരിപ്പിക്കുന്നത്.
ഇങ്ങനെ ബഹുതലസ്പര്‍ശിയായൊരു രചനയാണ് പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍. ലളിതമായ, നല്ല മലയാളത്തില്‍ അത്യന്തം പാരായണക്ഷമതയോടെ രചിച്ചിരിക്കുന്ന ഈ നോവലിന്റെ ആസ്വാദ്യകതയ്ക്ക് മാറ്റുകൂട്ടുന്നത് അതില്‍ കാലഘട്ടങ്ങളിലൂടെ കേറിയിറങ്ങിപ്പോകുന്ന ആഖ്യാനമാണ്. സി രാധാകൃഷ്ണന്‍ അവതാരികയില്‍ സൂചിപ്പിക്കുന്നതുപോലെ അതു പൗലോ കൊയ്‌ലോ കൃതികളുടേതുപോലെ സ്വപ്നസമാനമായൊരു അനുഭവം വായനക്കാരിലുളവാക്കുന്നു.