എല്ലാവരില്‍ നിന്നും വ്യത്യസ്തരാകാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറ. വേഷവിധാനത്തിലും, ലുക്കിലും ഭാവത്തിലുമെല്ലാം എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്ന നാം നമ്മുടെ സ്വഭാവത്തില്‍ പക്ഷേ ഇത്തരം ഒരു മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കാറില്ല. അഥവാ ആഗ്രഹമുണ്ടെങ്കിലും അതിനായി സമയംകണ്ടെത്താറില്ല. അങ്ങനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും നമ്മുടെ സമൂഹത്തിനും സഹജീവികള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍മാത്രമാണ് ജീവിതവിജയം നേടുകയും പ്രശസ്തരാവുകയും ചെയ്തത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
വ്യക്തിത്വവികസനത്തിന് എന്തെല്ലാം ചെയ്യണം, എന്തൊക്കെ മുന്‍കരുതലുകള്‍വേണം, പെട്ടെന്നൊരുദിവസം നമ്മുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവര്‍ക്കുള്ള ഉത്തമ വഴികാട്ടിയാണ് വ്യത്യസ്തരാകാന്‍ എന്ന പുസ്തകം. കേരള പോലീസിന്റെ പരിശീലന സംവിധാനത്തെ ആധുനികവും മനുഷ്യത്വപരവുമായ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് പരിഷ്‌കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലന സ്ഥാപനമായ കേരള പോലീസ് അക്കാദമി കെട്ടിപ്പടുക്കുകയും ചെയ്ത ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ ചിന്തകളും കാഴ്ചപ്പാടുകളും അടങ്ങിയ പുസ്തകമാണിത്.
തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ അനുഭവസമ്പത്ത് യുവതലമുറയ്ക്കായി പങ്കുവയ്ക്കുകയാണ് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വ്യത്യസ്തരാകാന്‍ എന്ന പുസ്തകത്തിലൂടെ. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളയുള്ള മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കാനായി വ്യക്തിത്വ വികാസത്തെ സംബന്ധിച്ച തന്റെ കാഴ്ച്ചപ്പാടുകളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
വ്യക്തിത്വരൂപീകരണത്തിന് പ്രത്യേകശ്രദ്ധ നല്‍കേണ്ടത് എങ്ങനെ, അച്ചടക്കം, അഭിപ്രായ രൂപീകരണം, മാനസിക ശാരീരിക ആരോഗ്യം, അര്‍പ്പണ മനോഭാവം, ആത്മാഭിമാനം, ആത്മവിശ്വാസം, ആത്മധൈര്യം അധ്വാനത്തിനോടുള്ള മനോഭാവം എന്നീ ഒന്‍പത് അവശ്യഘടകങ്ങളെ ഓരോ അധ്യായങ്ങളിലായി വിശദമായി വിശകലനം ചെയ്തിരിക്കുന്നു. വ്യക്തിത്വത്തിന്റെ അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ച ശേഷം വ്യത്യസ്തതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളും ഡോ. അലക്‌സാണ്ടര്‍ ജേക്കബ് നിര്‍ദ്ദേശിക്കുന്നു.
ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ കണ്ടാണ് വ്യത്യസ്തരാകാന്‍ തയ്യാറാക്കിയിരിക്കുന്നതെങ്കിലും, എല്ലാത്തരത്തിലുള്ള വ്യക്തികള്‍ക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും ജീവിതത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനും ഈ കൃതി വായനക്കാരെ പ്രാപ്തരാക്കുന്നു. കൂടാതെ മഹാന്‍മാരുടെ ജീവിതങ്ങളിലെ പ്രചോദനാത്മകമായ ഏടുകളും പുരാണ സന്ദര്‍ഭങ്ങളും അവസരോചിതമായി കോര്‍ത്തിണക്കി ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നുമുണ്ട് ഈ പുസ്തകത്തില്‍.
കേരള പോലിസ് അക്കാദമി ഡയറക്ടറും പോലിസ് ട്രെയിനിങ് മേധാവിയും കേരള വനിതാ കമ്മീഷന്‍ ഡയറക്ടറുമായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബുമായുള്ള സംഭാഷണശകലങ്ങളില്‍ നിന്ന് പി.സലില്‍ ആണ് ‘വ്യത്യസ്തരാകാന്‍’ പുസ്തകം തയ്യാറാക്കിയത്. വായനക്കാരന്റെ ചിന്താമണ്ഡലത്തോട് അനായാസമായി സംവദിക്കുന്ന വ്യത്യസ്തരാകാന്‍ 2012ലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ ഏഴാമത് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.