കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അവന്റെ വളര്‍ച്ച. ചലിക്കുന്ന ഇടിവാള്‍പോലെയായിരുന്നു അവന്റെ കണ്ണുകള്‍ ആകാശത്തെ കീറിമുറിച്ച് അവന്‍ പറന്നു. ഒരു അഗ്‌നിഗോളംപോലെ ആയിരുന്നു അവന്‍. എന്തൊരു അസഹ്യമായ ചൂട്! അവന്റെ ശരീരത്തിലെ ചൂടേറ്റ് അന്തരീക്ഷത്തിലെ ഊഷ്മാവ് ഉയര്‍ന്നു. ഒരാരവത്തോടെ അവന്‍ ദേവലോകത്തെത്തി. ആ പക്ഷി ആരെന്നോ? അവനാണ് പക്ഷിശ്രേഷ്ഠനായ ഗരുഡന്‍.
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന് ഇരുപത്തിയൊന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. അദിതി, ദിതി, ദനു, അരിഷ്ട, സുരസ, ഖസ, സുരഭി, വിനത, താമ്ര, ക്രോധവശ, ഇര, കദ്രു, മുനി, പുലോമ, കാലക, നത, ദനായുസ്സ്, സിംഹിക, പ്രാധ, വിശ്വ, കപില എന്നിങ്ങനെ ഇരുപത്തിയൊന്നുപേര്‍. ഇവരില്‍ അദിതി, ദിതി, കാലക, ദനായുസ്സ്, ദനു, സിംഹിക, ക്രോധ, പ്രാധ, വിശ്വ, വിനത, കപില, മുനി, കദ്രു ഇവര്‍ ദക്ഷന്റെ പുത്രിമാരായിരുന്നു.
കശ്യപനെ ഏറെ താത്പര്യത്തോടെ കദ്രുവും വിനതയും ശുശ്രൂഷിച്ചുപോന്നു. ഇവര്‍ സുന്ദരികളായിരുന്നു. ദക്ഷപുത്രിമാരില്‍വച്ച് ഏറ്റവും സൗന്ദര്യം ഇവര്‍ക്കായിരുന്നു. ഇവര്‍ സഹോദരിമാരായിരുന്നു. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇവര്‍ തമ്മില്‍ മത്സരം ഉണ്ടായിരുന്നു. തന്നെ ശുശ്രൂഷിച്ചതില്‍ പ്രസന്നനായിത്തീര്‍ന്ന കശ്യപന്‍ അവരോട് വരം ആവശ്യപ്പെട്ടുകൊളളാന്‍ ആവശ്യപ്പെട്ടു.കദ്രു പുത്രനാഗസഹസ്രം ജനിക്കുന്നതിന് വരം വാങ്ങി.കദ്രുവിന്റെ മക്കളെക്കാള്‍ വീരപരാക്രമികളായ രണ്ടു സന്താനങ്ങള്‍ തനിക്ക് ജനിക്കണമെന്ന് വിനതയും വരം ആവശ്യപ്പെട്ടു. അങ്ങനെ വിനിതയില്‍ ഉണ്ടായ മഹാവീരപരാക്രമിയായ മകനാണ് ഗരുഡന്‍.
ഗരുഡന്റെ ജനനം മുതലുളള ജീവിതകഥ പുരാണത്തനിമ നിലനിര്‍ത്തിയും ലളിതമായും ആസ്വാദ്യകരമായും പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് ഗരുഡന്‍. കൊച്ചുകൂട്ടുകാര്‍ക്കായി ഡി സി ബുക്‌സ് മാമ്പഴം ഇംപ്രില്‍ തയ്യാറാക്കിയിരിക്കുന്ന ആ കഥപുസ്തകം ഉല്ലല ബാബു ആണ് പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ഈ അവധിക്കാലം അടിച്ചുപൊളിക്കുന്നതോടൊപ്പം ഈ കഥപുസ്തകവും കൂട്ടുകാര്‍ക്ക് വായിക്കാവുന്നതാണ്. എന്നിട്ട് ഈ അവധിക്കാലത്ത് വായിച്ച ഗരുഡന്റെ കഥ കൂട്ടുകാരോടും പങ്കുവയ്ക്കാം.