കുസുമം ജോസഫ് നിയമസഭയില്‍ എഴുനേറ്റു നിന്നു. 1957 ഡിസംബര്‍ 20ന്. ചോദ്യം ഇങ്ങനെ തുടങ്ങി:
‘ഈ മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാരുടെ ഉപയോഗത്തിനായി സര്‍ക്കാര്‍ ചെലവില്‍ എത്ര ഫൗണ്ടന്‍ പേനകള്‍ വാങ്ങിയിട്ടുണ്ട്?’
ഐക്യ കേരളത്തിന്റെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ നക്ഷത്ര ചിഹ്നമിട്ട ഈ ചോദ്യം ഉയര്‍ന്നതു വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു നേരെയായിരുന്നു.
മുണ്ടശ്ശേരി: ഒന്‍പതു പേന വാങ്ങിച്ചു.
കുസമം ജോസഫ്: ഏതിനമാണു വാങ്ങിയത്.
മുണ്ടശ്ശേരി: പല ഇനങ്ങളായിട്ടാണു വാങ്ങിയത്.
കുസുമം ജോസഫ്: എന്തു വിലയാണ്?
മുണ്ടശ്ശേരി: അതിന്റെ എല്ലാ വിവരങ്ങളും തരുന്നതിനു നോട്ടീസ് വേണം.
കെ.എ ബാലന്‍ (വടക്കേക്കരയില്‍ നിന്നുള്ള സി.പി.ഐ എം.എല്‍.എ): ഇതിനു മുന്‍പു മന്ത്രിമാര്‍ എത്ര പേന വാങ്ങിയിട്ടുണ്ടെന്നു പറയാമോ?
ജോസഫ് മുണ്ടശ്ശേരി: കൃത്യമായി പറയാന്‍ നിവൃത്തിയില്ല. ഇവിടെ ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും മന്ത്രിമാരുമെല്ലാം പേന വാങ്ങി അതുകൊണ്ടു തന്നെയാണ് എഴുതുന്നത്.
കെ.കരുണാകരന്‍ (തൃക്കടവൂരില്‍ നിന്നുള്ള സി.പി.ഐ എം.എല്‍.എ): ഫൗണ്ടന്‍ പേനയുടെ ആവശ്യത്തിനു മഷി വാങ്ങിയിട്ടുണ്ടോ?
ജോസഫ് മുണ്ടശ്ശേരി: സ്റ്റീല്‍ പെന്നിനുള്ള മഷിയുടെ സ്ഥാനത്ത് ഫൗണ്ടന്‍ പെന്നിനുള്ള മഷിയും സപ്‌ളൈ ചെയ്തിട്ടുണ്ടാകണം.
കുസുമം ജോസഫ്: പാര്‍ക്കര്‍ പേന സപ്‌ളൈ ചെയ്യാമെന്നു പറഞ്ഞപ്പോള്‍ അമേരിക്കന്‍ ഷീഫര്‍ പേനകള്‍ തന്നെ വേണമെന്നു മന്ത്രിമാര്‍ ശാഠ്യം പിടിച്ചതായി പറയുന്നതു ശരിയാണോ?
ജോസഫ് മുണ്ടശ്ശേരി: അങ്ങനെ ശാഠ്യം പിടിച്ചോ എന്നൊന്നും ഞാന്‍ അന്വേഷിക്കാന്‍ പോയിട്ടില്ല
ചാനലുകളിലെ അന്തിച്ചര്‍ച്ചക്കാര്‍ അന്നില്ലാതെപോയി. അല്ലെങ്കില്‍ ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും മേല്‍പ്പറഞ്ഞ ചോദ്യോത്തരം അരങ്ങൊരുക്കിയേനെ.
വിവാദങ്ങളെ എന്നും മലയാളക്കര അര്‍ഹവും അനര്‍ഹവുമായ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യമന്ത്രിസഭയുടെ കാലത്തെ ആന്ധ്രഅരി കുംഭകോണം. വിമോചനസമരവും സി. ഐ. എയും, നവാബ് രാജേന്ദ്രന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍, പി. ടി. ചാക്കോയുടെ പീച്ചിയാത്ര, രാജന്റെയും വര്‍ഗീസിന്റെയും കൊലപാതകങ്ങള്‍, മദ്രാസിലെ മോനും സുകുമാരക്കുറുപ്പും, തങ്കമണിയും മുത്തങ്ങയും, മതമില്ലാത്ത ജീവും കൈവെട്ടും, ലാവ്‌ലിനും സോളാറും കേരളത്തിനെ ഇളക്കിമറിച്ച സംഭവങ്ങളുടെയും വിവാദങ്ങളുടെയും പട്ടികയുടെ നീളമേറെയാണ്. അവയുടെ പിന്നാമ്പുറക്കഥകളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് കേരളം അറുപത് എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വിവാദകേരളം: കേരളത്തെ ഉലച്ച വിവാദസംഭവങ്ങള്‍ എന്ന പുസ്തകം. പത്രപ്രവര്‍ത്തകനും മലയാളം വാരികയുടെ അസിസ്റ്റന്റ് എഡിറ്റരുമായ അനൂപ് പരമേശ്വരനാണ് പുസ്‌കം തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകത്തിൽ ഏറ്റവും ഒടുവിലായി തയ്യാറാക്കിയ പറഞ്ഞു കുടുങ്ങിയ വാക്കുകൾ എന്ന അദ്ധ്യായം ഏറെ ശ്രദ്ധേയമാണ്.കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് തീപ്പൊരിയായി വന്നു വീണ വാക്കുകൾ കാലാനുസൃതം തയ്യാറാക്കിയിരിക്കുന്നു. ഒട്ടും ആലോചനയില്ലാതെ നേതാക്കന്മാരുടെ വായിൽ നിന്നും വീണുപോകുന്ന വാക്കുകളും , ചിലപ്പോൾ ആളിക്കത്തിക്കാനായി മനഃപൂർവ്വം എറിഞ്ഞു കൊടുക്കുന്ന വാക്കുകളും കേരളക്കര മറക്കാനിടയില്ല .കേരള രാഷ്ട്രീയം ഏറെക്കാലം ചർച്ച ചെയ്ത അത്തരം ചില പ്രയോഗങ്ങളാണ് ‘പറഞ്ഞു കുടുങ്ങിയ വാക്കുകൾ.
സൂര്യനെല്ലി കേസിന്റെയും , മയക്കി വീഴ്ത്തിയ ഐസ്ക്രീം പാർലർ കേസും സൗമ്യയുടേയും , ജിഷയുടെയും ജീവനപഹരിച്ച ദാരുണ സംഭവങ്ങളുമെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. പ്രബുദ്ധ കേരളത്തിന്റെ പ്രക്ഷുബ്‌ദാവസ്ഥ വെളിപ്പെടുത്തുന്ന വിവാദസംഭവങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുകയാണ് അനൂപ് പരമേശ്വരൻ.