മൂന്നു തലമുറയിലെ സ്ത്രീകള്‍ – അമ്മ, മകള്‍, മകളുടെ മകള്‍. ഇവര്‍ ഏകാന്തമായൊരു മണല്‍ദ്വീപില്‍ ഒന്നിക്കുന്നു. പനയോലദ്വീപുകളിലൊന്നില്‍വെച്ച് ഒരു ആപൂര്‍വ്വ സംഗമം. മൂന്ന് ജനിതകത്തുടര്‍ച്ചകള്‍. കടല്‍ കടന്നും കരകടന്നും, ജനിമൃതി മായാലോകങ്ങളിലൂടെ അനന്തമായി സഞ്ചരിച്ചും സ്വയമൂറിക്കൂടി, ഒരസുലഭരാത്രിയില്‍ അവര്‍ മൂവര്‍. സ്വീത്വത്തിന്റെ വിവിധവേഷങ്ങള്‍ ഭൂമിയില്‍ ആടിയവര്‍. ആടിത്തളര്‍ന്നപ്പോഴും വീണ്ടും വീണ്ടും ആടാന്‍ കൊതിച്ചവര്‍. ആശിച്ച വേഷങ്ങളൊന്നും ആടാന്‍ കഴിഞ്ഞില്ലെന്നറിഞ്ഞവര്‍. പിന്‍തുടര്‍ച്ചകളിലേക്ക് ആശകളെ മാറ്റി നിക്ഷേപിച്ചവര്‍..അതേ അതാണ് നീട്ടിയെഴുത്തുകള്‍…!
മുസ്ലീം സ്ത്രീയുടെ ജീവിതത്തെ എന്നും പ്രശ്‌നവല്‍ക്കരിച്ച ഖദീജ മുംതാസിന്റെ ഏറ്റവും പുതിയ നോവലാണ് നീട്ടിയെഴുത്തുകള്‍. തീപ്പെട്ടിയുരച്ചിട്ടാല്‍ കത്തിപ്പിടിക്കാന്‍തക്ക ജ്വലനസാധ്യതയുള്ള തലച്ചോറുമായി പിറന്ന അയിഷു എന്ന നായികാ കഥാപാത്രത്തിലൂടെയാണ് നീട്ടിയെഴുത്തുകള്‍ വികസിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുകയും ധാരാളം വായിക്കുകയും സാമൂഹ്യ-രാഷ്ട്രീയബോധവും നേടിയ, ഒരു ഡോക്ടറാകാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അയിഷു, ആയുഷുവിന്റെ മകള്‍ ഡോ മെഹര്‍, മെഹറിന്റെ ഇനിയും പിറന്നിട്ടില്ലാത്ത ദിയ എന്നീ മുന്നുതലമുറയിലൂടെ മുസ്ലീം സമുദായത്തിന്റെ സാമൂഹികവും രാഷ്ടരീയവും ലിംഗപരവുമായ തലങ്ങളെ അന്വേഷിക്കുകയാണ് നീട്ടിയെഴുത്തുകള്‍ എന്ന നോവല്‍.
ഇതുവരെ പ്രകാശിപ്പിക്കപ്പെടാതെകിടന്ന ചില ഇടങ്ങളെ ടോര്‍ച്ച് വെളിച്ചം വീശി പ്രകാശിപ്പിച്ചു കാണിക്കുംപോലെയാണ് ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ കണ്ണിലൂടെ ചരിത്രം കടന്നുപോകുന്ന വഴികള്‍ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതില്‍ മുസ്‌ലിങ്ങള്‍ വഹിച്ച വിലയേറിയ പങ്കും ‘ഖിലാഫത്ത്’ പ്രസ്ഥാനവും സ്വാതന്ത്ര്യവും വിഭജനവും ലീഗിന്റെ ഉത്ഭവവുമൊക്കെ ഈ നോവലില്‍ കടന്നുവരുന്നു. കൂടാതെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ, വിശേഷിച്ചും കൊടുങ്ങല്ലൂരിന്റെ, വിസ്തൃമായി അടയാളപ്പെടുത്തുന്ന നോവലായി ഇത് മാറുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുമൊരു നോവലിനപ്പുറം ഒരു ചരിത്രാഖ്യായികയുടെ സ്വഭാവവും ഈ നോവലിനുണ്ടെന്നു പറയാം. മാത്രമല്ല സ്വസമുദായത്തിന്റെ സദാചാരത്തെ പ്രശ്‌നവത്ക്കരിച്ച ആദ്യനോവലായ ബര്‍സയുടെ ഒരു നീട്ടിയെഴുത്തായും ഇൗ നോവലിനെ വ്യാഖ്യാനിക്കാവുന്നതാണ്.
മുസ്ലീം സ്ത്രീകളുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ആഴപ്പരപ്പിലേക്കുന്ന തുറക്കുന്ന നീട്ടിയെഴുത്തുകള്‍ ആത്മകഥാപരമെന്ന് തോന്നിപ്പിക്കും വിധമാണ് ഖദീജാ മുംതാസ് ആവിഷ്‌കരിച്ചിരിക്കുന്നത്. 2016ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാമത് പതിപ്പും വിപണിയിലെത്തി.