ലോകചരിത്രത്തില്‍ രണ്ട് വ്യത്യസ്തകാലഘട്ടങ്ങളില്‍ ഇടം നേടിയ ഭൗതികശാസ്ത്രജ്ഞന്‍മാരായ സര്‍ ഐസ്‌ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവരെ പരിചയപ്പെടുത്തുകയാണ് ഡി സി ബുക്‌സ് മഹചരിതമാല എന്ന പുസ്തകപരമ്പരയിലൂടെ. കുട്ടിക്കാലം മുതല്‍ കേള്‍ക്കുകയും പഠിച്ചുവരുകയും ചെയ്ത ഈ മഹാപ്രതിഭകളുടെ ജീവചരിത്രവും കണ്ടുപിടുത്തങ്ങളുടെ കഥയും തയ്യാറാക്കിയിരിക്കുന്നത് കെ കെ കൃഷ്ണകുമാറാണ്.
ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമായ ദ ഹന്‍ഡ്രഡ് എന്ന പുസ്തകത്തില്‍ രണ്ടും പത്തും സ്ഥാനങ്ങളെ യഥാക്രമം അലങ്കരിക്കുന്ന മഹാന്‍മാരാണ് ഐസ്‌ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവര്‍. ഭൂഗുരുത്വാകര്‍ഷണ ബലം, ആധുനിക ഭൗതികശാസ്ത്രത്തിന്റെ നാഴികകല്ലായ ആപേക്ഷികാസിദ്ധാന്തം എന്നിവയുടെ കണ്ടുപിടിത്തത്തിനുമപ്പുറം ന്യൂട്ടണും, ഐസ്‌റ്റൈനും എന്തായിരുന്നു എന്ന് കാട്ടിത്തരുന്ന പുസ്തകമാണ് സര്‍ ഐസ്‌ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍.
ലോകപ്രശസ്തിയിലേക്കു ഉയരുന്നതിനുമുമ്പ് ലോകനന്‍മയ്ക്കും സമാധാനത്തിനും വേണ്ടി പ്രയത്‌നിച്ച വ്യക്തയാണ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍. അദ്ദേഹം 1879 മാര്‍ച്ച് 14 ന് ജര്‍മ്മനിയിലെ ഉലുംനഗരത്തിലാണ് ജനിച്ചത്. മ്യൂനിച്ചിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് സൂറിച്ചിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു ബിരുദവും സമ്പാദിച്ചു. ഗേവഷകനായി. സൂറിച്ച് സര്‍വകലാശാലയിലും പ്രാഗ് സര്‍വ്വകലാശാലയിലും അസി. പ്രൊഫസറായി. ഇതിനിടയില്‍ ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 1916ല്‍ സാമാന്യ ആപേക്ഷികാസിദ്ധാന്തം കണ്ടെത്തി. 1921 ല്‍ ഊര്‍ജ്ജ തന്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു. 1922ല്‍ ജൂതരാഷ്ടത്തിനു പിന്തുണനല്‍കാന്‍ ലോകപര്യടനം നടത്തി. 1929ല്‍ യൂണിഫൈഡ് ഫീല്‍ഡ് സിദ്ധാന്തം അവതരിപ്പിച്ചു. 1955 ഏപ്രില്‍ 18ന് അന്തരിച്ചു.
ഗുരുത്വാകര്‍ഷണസിദ്ധാന്തം, പ്രകാശ സിദ്ധാന്തം എന്നിവയ്ക്ക് അടിത്തറയിട്ട, ബൈനോമിയല്‍ തിയറം ആവിഷ്‌കരിച്ച ലോകപ്രസ്ത ഊര്‍ജ്ജതന്ത്രജ്ഞനായ ഐസക് ന്യൂട്ടണ്‍ ജനിച്ചത് 1642 ലെ ഒരു ക്രിസ്തുമസ് രാത്രിയിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1660 ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. സാധാരണ വിദ്യാര്‍ത്ഥികളെ പോലെയായിരുന്ന അദ്ദേഹത്തിന് അസാധാരണമായ ബുദ്ധിയും കഴിവും ഉണ്ടെന്ന് കണ്ടെത്തിയത് ട്രിനിറ്റി കോളജിലെ ഐസക് ബാറോ എന്ന ഗുരുനാഥനാണ്. ആ അദ്ധ്യാപകന്റെ പ്രോത്സാഹനത്തിലൂടെയാണ് അന്നുവരെ മിണ്ടാപ്പൂച്ചയെപ്പോലെ കഴിഞ്ഞിരുന്ന ന്യൂട്ടണ്‍ ഊര്‍ജ്ജസ്വലനായി ഉയര്‍ത്തെഴുന്നേറ്റത്. 1665ല്‍ അദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കി. പിന്നീട് 1665-66 കാലത്താണ് പ്രസിദ്ധമായ ആപ്പിള്‍ക്കഥ അരങ്ങേറുന്നത്. അത് ഗുരുത്വാകര്‍ഷണസിദ്ധാന്തത്തിലേക്ക് വഴിതെളിച്ചു. മാത്രമല്ല പ്രകാശ സിദ്ധാന്തം ബൈനോമിയല്‍ തിയറം, കാല്‍ക്കുലസ്സ് എന്നിവയുടെയെല്ലാം പഠനവും കണ്ടുപിടിത്തവും ഈ കാലത്താണ് ഉണ്ടായത്. 1669 ല്‍ താന്‍ പഠിച്ച കേംബ്രിജ്ജില്‍ ഗണിതശാസ്ത്ര പ്രൊഫസറായി ന്യൂട്ടണ്‍. പ്രിന്‍സിപിയ എന്ന ഗ്രന്ഥവും ഇക്കാലത്ത് എഴുതിയിരുന്നു. ഇത് ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായാണ് കണക്കാക്കുന്നത്. 1704ല്‍ ഓപ്റ്റിക്‌സ് പ്രസിദ്ധീകരിച്ചു. 1713ല്‍ സര്‍ പദവി ലഭിച്ചു. 1727 മാര്‍ച്ച് 20 ന് അദ്ദേഹം അന്തരിച്ചു.
സര്‍ ഐസ്‌ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവരുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഏഴാമത് പതിപ്പാണ് വിപണിയിലുള്ളത്.