മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയ സിനിമ ‘പുലിമുരുകന്റെ പുസ്തകരൂപം പുറത്തിറങ്ങി. നൂറുകോടിയിലധികം കളക്ഷന്‍ നേടിയ സിനിമ മലയാളത്തിന്റെ വിസ്മയമായി തീയറ്ററുകളിൽ നിറഞ്ഞു നിന്നു. ആക്ഷന്‍രംഗങ്ങളും സാങ്കേതികത്തികവും കൊണ്ട് മലയാളക്കരയിലെ ഗർജ്ജനമായ പുലിമുരുകന്റെ അണിയറ വിശേഷങ്ങളടങ്ങിയ പുസ്തകം ‘പുലിമുരുകൻ ബോക്സ് ഓഫീസിലൊരു ഗർജ്ജനം ‘എന്ന പേരിലാണ് മാധ്യമപ്രവര്‍ത്തകന്‍ ടി അരുണ്‍കുമാര്‍ തയ്യാറാക്കിയിരിക്കുന്നത്.
മലയാള വാണിജ്യ സിനിമയുടെ മുഴുവൻ വിജയ സമവാക്യങ്ങളും തിരുത്തിയെഴുതിയ പുലിമുരുകൻ എന്ന ചിത്രത്തിന്റെ വിജയത്തെ അടുത്ത് നിന്ന് വീക്ഷിക്കുകയാണ് എഴുത്തുകാരൻ. സിനിമയുടെ വിജയഘടകത്തെ വിശകലന വിധേയമാക്കുന്ന പുസ്തകത്തിന്റെ ആദ്യ ഭാഗത്തോടൊപ്പം ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകരുമായുള്ള സംഭാഷണങ്ങളടങ്ങിയ രണ്ടും മൂന്നും ഭാഗങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
സാങ്കേതിക തികവോടെ ഒരു ബിഗ് ബജ്ജറ്റ് ചിത്രമൊരുക്കുന്നതിന്റെ എല്ലാ വെല്ലുവിളികളും തന്റെ ദീർഘസംഭാഷണത്തിൽ സംവിധായകൻ വൈശാഖ് പങ്കുവച്ചിരിക്കുന്നു.ഒരു പോപ്പുലർ സിനിമയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ ഇതൾ വിരിയുന്നതിനൊപ്പം സിനിമാ വിദ്യാർഥികൾക്കു കൂടി പ്രയോജനപ്രദമാകുന്ന രീതിയിലാണ് ‘പുലിമുരുകൻ ബോക്സ് ഓഫീസിലൊരു ഗർജ്ജനം’ എന്ന പുസ്തകത്തിന്റെ ആഖ്യാന ഘടന.ഒപ്പം ചിത്രീകരണത്തിന്റെ അനന്ത സാധ്യതകൾ വിവരിക്കുന്ന ചിത്രങ്ങളും.
‘പുലിമുരുകൻ’ സിനിമയുടെ റിലീസിന് ശേഷം വൈശാഖുമായി സംസാരിക്കുമ്പോഴാണ് എത്രത്തോളം പരിശ്രമങ്ങൾ ഇതിനായി നടന്നു എന്നതിന്റെ ഒരു ചെറിയ ചിത്രം ലഭിക്കുന്നത്.ഒരു മാധ്യമ പ്രവർത്തകന്റെ കൗതുകത്തോടെ ആ ചെറിയ ചിത്രത്തെ വലുതാക്കാൻ ശ്രമിച്ചു.പ്രധാന സാങ്കേതിക വിദഗ്ധരെ നേരിൽ കണ്ട് സംസാരിച്ചു. ഈ പുസ്തകത്തിന്റെ അകം താളുകളിൽ അതാണ്. ആമുഖത്തിൽ എഴുത്തുകാരൻ ടി അരുൺകുമാർ പറയുന്നതിങ്ങനെ.
പുലിമുരുകന്‍ ബോക്സ് ഓഫീസില്‍ ചരിത്രമാകുമ്പോൾ ഈ ചിത്രത്തിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ചും സിനിമ പിറന്ന സര്‍ഗാത്മക പാതകളെക്കുറിച്ചും ഇനിയും പറയാതിരുന്ന കഥകള്‍ ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചറിയാം.