Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍

$
0
0

LEELATHILAKAM
കേരള ഭാഷയുടെ ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന സാഹിത്യ ശാഖയാണ് മണിപ്രവാളവും പാട്ടും. മണിപ്രവാളം അതിന്റെ പരിപുഷ്ടദിശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. മണിപ്രവാള ഭാഷയുടേയും പാട്ടിന്റെയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. 14-നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ കൃതിയുടെ രചയിതാവ് അജ്ഞാതനാണെങ്കിലും ലീലാതിലകകാരന്‍ എന്ന പേരില്‍ ഭാഷാസാഹിത്യ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സംസ്‌കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.

ഭാഷാപണ്ഡിതനായ ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവര്‍ഷം 1092) ല്‍ ലീലാതിലകം പൂര്‍ണ്ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1955 ല്‍ ഈ പുസ്തകം ഇളംകുളം കുഞ്ഞന്‍പിള്ള വ്യാഖ്യാനസഹിതം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമര്‍ശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.

സൂത്രം വൃത്തി ഉദാഹരണം എന്നിങ്ങനെയാണ് ലീലാതിലകത്തിന്റെ രചനാരീതി. എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങള്‍) ഈ ഗ്രന്ഥത്തിനുള്ളത്. ഒന്നാം ശില്പത്തില്‍ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും, നച്ചിനാര്‍ക്കിനിയാരുടെ മതം, തമിഴ് മലയാള രൂപങ്ങള്‍, മണിപ്രവാളലക്ഷണം എന്നിങ്ങനെ ഏഴ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടാം ശില്പത്തില്‍ ശില്പനിരൂപണം, ഭാഷാഭേദം, സംസ്‌കൃതീകൃത ഭാഷ, അധികാക്ഷരങ്ങള്‍, സംസ്‌കൃതശബ്ദങ്ങള്‍, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം എന്നിങ്ങനെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മൂന്നാം ശില്പത്തില്‍ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങള്‍ എന്ന് വിഭജിച്ചിരിക്കുന്നു.

നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങള്‍, അപശബ്ദം, അവാചകം, കഷ്ടം, വ്യര്‍ത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുര്‍വൃത്തം, സാമാന്യം, ശുഷ്‌കാര്‍ഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങള്‍, സ്ത്രീകള്‍ക്ക് പേരിടല്‍ എന്നീ വിഷയങ്ങള്‍ ഈ ഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ അഞ്ചാമത്തെ ശില്പത്തില്‍ ശില്പനിരൂപണം, ഗുണങ്ങള്‍ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചര്‍ച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു. ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വര്‍ണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങള്‍. ഏഴാം ശില്പം അര്‍ത്ഥാലങ്കാര ചര്‍ച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്‌പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അര്‍ത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അര്‍ത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം. എട്ടാം ശില്പത്തില്‍ രസവിചാരമാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങള്‍, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.

leelathilakamമണിപ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍, ലക്ഷണം, ഭാഷാഭേദം, ശില്പനിരൂപണം എന്നിവയടങ്ങുന്ന മൂന്നാം ശില്പമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഇത് പാഠ്യവിഷയമാണ്. മലയാല ഭാഷ പഠിക്കുന്ന ഏതൊരാളും ലീലാതിലകം ത്തിന്റെ ആദ്യഭാഗങ്ങള്‍ മനസ്സിലാക്കിയിരിക്കണം. മലയാളം ഐശ്ചികവിഷയമായി തിരഞ്ഞെടുത്ത ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും  പാഠ്യവിഷയമാണിത്. ഇത് മുന്നില്‍ കണ്ട് പ്രൊഫ. ഗോപിക്കുട്ടന്‍ ലീലാതിലകത്തിലെ 1 മുതല്‍ 3 ശില്പങ്ങളുടെ വ്യാഖ്യാനം തയ്യാറാക്കുകയുണ്ടായി. ലീലാതിലകം. 1മുതല്‍ 3 ശില്പങ്ങള്‍ എന്നു നാമകരണം ചെയ്തു പ്രസിദ്ധീകരിച്ച ഗ്രന്ഥം മൂലകൃതി സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനുപദരീതിയില്‍വിവര്‍ത്തനം ചെയ്തതാണ്.

ഗണിതംപോലെ മനഃപാഠമാക്കാന്‍ പ്രയാസവും, പഠിച്ചാല്‍ വളരെ നിസ്സാരവുമായ ഒന്നാണ് വ്യാകരണം. അതിനാല്‍തന്നെ ലീലാതിലക പഠനം കൂടുതല്‍ സരളമാക്കുന്ന രീതിയില്‍ ലളിതമായ വ്യാഖ്യാനമാണ് നടത്തിയിരിക്കുന്നത്. കൂടാതെ പ്രധാനഭാഗങ്ങളായ കൂന്തല്‍വാദം, വിഭക്തിപഠനം, പുരുഷപ്രത്യയങ്ങള്‍, ലീലാതിലകത്തിലെ ഭാഷാശാസ്ത്രം, ചോദ്യങ്ങള്‍.. എന്നിവ അനുബന്ധമായി നല്‍കിയിരിക്കുന്നു. 1998ലാണ് ഈ പുസ്തകം ആദ്യമായി കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ 2017 ജനുവരിയിലാണ് ഇതിനൊരു ഡി സി ബി പതിപ്പ് ഇറങ്ങുന്നത്.

കോളജ് പ്രഫൊസറായിരുന്ന ഗോപിക്കുട്ടന്‍ നോവല്‍, കഥ, വ്യാകരണ പഠനം, വ്യാഖ്യാനങ്ങള്‍ തുടങ്ങിയ വിഭാഗത്തിലായി പതിനാറില്‍പരം കൃതികള്‍ രചിച്ചിട്ടുണ്ട്. ജ്ഞാനപ്പാന, കുമാരഹരണം, ഭാഷാകര്‍ണ്ണാമൃതം തുടങ്ങി ഏഴോളം കൃതികള്‍ ഡി സി ബുക്‌സ് പ്രിദ്ധീകരിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>