വൈശാഖ മാസത്തിൽ വെളുത്ത പക്ഷത്തിലെ മൂന്നാം ദിനമാണ് അക്ഷയ തൃതീയ എന്ന പേരിൽ പ്രസിദ്ധമായി ആചരിക്കുന്നത്. ഈ ദിനം ചെയ്യുന്ന ശുഭകർമ്മങ്ങളെല്ലാം അക്ഷയമായ ഐശ്വര്യം നൽകുന്നുവെന്നാണ് വിശ്വാസം. അന്നേ ദിനം വിഷ്ണുവിനെ ആരാധിച്ച് , പൂജിച്ച് , സ്തുതിച്ച് , വ്രതം നോക്കണമെന്നും ദാനകർമ്മാദികളും സേവനങ്ങളും അനുഷ്‌ഠിക്കണമെന്നും മഹാപുരാണങ്ങൾ അനുശാസിക്കുന്നു.അക്ഷയ തൃതീയ സംബന്ധിച്ച പുരാണ പരാമർശങ്ങളും മാഹാത്മ്യ കഥകളും വ്രതാചരണങ്ങളും സമാഹരിച്ചു ക്രോഡീകരിക്കുന്ന അപൂർവ്വ ഗ്രന്ഥം. അക്ഷയ തൃതീയയെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കി അറിയാനും ആചരിക്കാനുമുള്ള ഒരു കൈപുസ്തകമാണ് സുകേഷ് പി ഡി യുടെ അക്ഷയതൃതീയ : വ്രതവും അനുഷ്ഠാനങ്ങളും.
എട്ട് അദ്ധ്യായങ്ങളുള്ള ഈ ചെറിയ പുസ്തകത്തില്‍ അക്ഷയതൃതീയയുടെ പെരുമയും പൗരാണികതയും വ്യക്തമാക്കുന്ന ആമുഖാധ്യായത്തിനുശേഷം ഈ വിശേഷദിവസം സംബന്ധിച്ച് വിവിധ മഹാപുരാണങ്ങളില്‍ കാണാവുന്ന പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുന്നു. പുരാണങ്ങളുടെയും പരമ്പരാഗതമായ ആചാരങ്ങളുടെയും പിന്തുണയോടെ അക്ഷയതൃതീയയുടെ പ്രാധാന്യവും ഐതിഹ്യങ്ങളും വ്യക്തമാക്കുന്നതാണ് മൂന്നാമത്തെ അധ്യായം, തുടര്‍ന്നുള്ളതില്‍ അക്ഷയതൃതീയ എങ്ങിനെയാണ് ആചരിക്കേണ്ടത് എന്നു വിവരിക്കുന്നു. അഞ്ചാമത്തെ അധ്യായത്തില്‍ അന്നു ജപിക്കാവുന്ന സ്‌കന്ദപുരാണത്തിലെയും പദ്മപുരാണത്തിലെയുമടക്കമുള്ള അപൂര്‍വ്വ സ്‌തോത്രങ്ങളും കനകധാരസ്‌തോത്രവും കാണാം. കേരളത്തിലെ വൈശാഖമാസാചരണത്തെ അവലോകനം ചെയ്യുന്നതും അക്ഷയതൃതീയാവ്യാപാരത്തെ അവലോകനം ചെയ്യുന്നതുമാണ് മറ്റ് രണ്ട് അധ്യായങ്ങള്‍.
സാധാരണക്കാരുടെ ധാരണപോലെ സ്വര്‍ണ്ണം വാങ്ങിയല്ല അക്ഷയതൃതീയയുടെ ഐശ്വര്യം ലഭ്യമാക്കേണ്ടതെന്നും ഹിന്ദു വിശ്വാസവും പുരാണങ്ങളും അനുസരിച്ച് വിഷ്ണുഭജനവും ദാനധര്‍മ്മങ്ങളുമാണ് ഈ ദിവസത്തെയും തുടര്‍ദിനങ്ങളെയും ഐശ്വര്യപൂര്‍ണ്ണമാക്കേണ്ടതെന്ന് ഈ ലഘുഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു. വിജ്ഞാനപ്രദവും പ്രയോജനപ്രദവുമായ ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്.
വളരെ കുറച്ച് ഭക്ത ജനങ്ങൾ വിശ്വാസപൂർവ്വം അനുഷ്ഠാനങ്ങളോടെ ആചരിച്ചിരുന്ന ഒരു ദിവസത്തെ കൂടുതൽ ജനകീയമാക്കിയത് പ്രചാരണങ്ങൾ തന്നെയാണ്.സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുന്നത് വ്യാപാരികൾക്ക് മാത്രമാണ് അല്ലാതെ വാങ്ങുന്നവർക്കല്ല എന്ന് തിരിച്ചറിയാൻ പോലും വിശ്വാസി സമൂഹത്തിന് കഴിയുന്നില്ല എന്നത് ദൗർഭാഗ്യകരം തന്നെയാണ്.പരസ്യങ്ങളിൽ മയങ്ങുന്ന വിശ്വാസികളുടെ എണ്ണം കൂടുമ്പോൾ പരസ്യം നൽകി പരമാവധി ലാഭം കൊയ്യാം എന്ന് ചിന്തിക്കുന്ന വ്യാപാരികളെ കുറ്റം പറയാൻ സാധിക്കില്ല.
അക്ഷയ തൃതീയയുടെ മഹത്വത്തെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ ശ്രമിക്കാം.പുരാണങ്ങളിലെല്ലാം ഈ ദിനത്തിന്റെ മാഹാത്മ്യം വർണ്ണിക്കുന്നത് അന്നേദിവസം തങ്ങൾക്കിഷ്ടപ്പെട്ടത് വാങ്ങിക്കൂട്ടാനല്ല തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവ ദാനം ചെയ്യാനാണ് പുരാണങ്ങൾ ഉപദേശിക്കുന്നത്. ‘മാനവസേവയാണ് മാധവസേവ ‘ മാധവ മാസത്തിലാകുമ്പോൾ അത് കൂടുതൽ സാർത്ഥകമാകുന്നു. ‘ദാനം ചെയ്യൂ അക്ഷയ പുണ്യം നേടൂ.’
Summary in English
AKSHAYA TRITHEEYA VRUTHAVUM ANUSHTANANGALUM by Sukesh PD
Akshay Trutiya, a holy day for Hindus falls on the third Tithi of Bright Half (Shukla Paksha) of the pan-Indian month of Vaishakha and one of the four most important days for Hindus. In 2016 DC Books published a hand book to know more about akshay Trutiya named AKSHAYA TRITHEEYA VRUTHAVUM ANUSHTANANGALUM written by Sukesh PD.The word “Akshay” means the never diminishing in Sanskrit and the day is believed to bring good luck and success. It is believed that if you do charity on this day you will be blessed.