Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ആധുനിക ഫെമിനിസത്തിനുമപ്പുറമുള്ള കണ്ടെത്തലുകള്‍

$
0
0

chandrika

ഒന്നര നൂറ്റാണ്ടിനു മുമ്പു തന്നെ കേരളത്തിലെ സ്ത്രീകള്‍ പ്രത്യക്ഷത്തില്‍ തുടങ്ങിവെച്ച സമരങ്ങളില്‍, തങ്ങള്‍ ലിംഗപരമായി നേരിടുന്ന ജാതീയവും ലൈംഗികവുമായ അടിച്ചമര്‍ത്തല്‍ കേന്ദ്രപ്രശ്‌നമായി ഉയര്‍ന്നു വന്നു എന്നത് ഒട്ടും അത്ഭൂതകരമല്ല. ജാതി വ്യവസ്ഥയുടെ ശാസനങ്ങള്‍ സ്ത്രീകളുടെ ജീവിതത്തിനും വിശേഷിച്ച് ശരീരത്തിനും ലൈംഗികതയ്ക്കും മേല്‍ സൃഷ്ടിച്ച നിയന്ത്രണങ്ങള്‍ അത്രക്ക് കടുത്തതായിരുന്നു. ഈ ജാത്യധികാര, ആണ്‍കോയ്മാ ശാസനങ്ങളെ എതിര്‍ത്തുകൊണ്ടാണ് ആദ്യകാല സ്ത്രീസമരങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നു വന്നത്. ജാതിമേധാവിത്വത്തെ എതിര്‍ത്തുകൊണ്ടല്ലാതെ ഈ സമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ ചലനാത്മകത അസാധ്യമായിരുന്നു.

sthreeഅന്ന് ജാതിവ്യവസ്ഥയുടെ ഇത്തരം അലിഖിതനിയമങ്ങള്‍ പുരുഷനുകൂടി ബാധകമായിരുന്നു. എങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്ത്രീശരീരം ഏതു വിധത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടണം എന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പുരുഷന്റേതില്‍ നിന്ന് വ്യത്യസ്തമാണ്. സ്വന്തം ശരീരവും നഗ്നതയും രതിയും ആനന്ദങ്ങളും ഏതു വിധം, ആര്‍ക്കുമുമ്പില്‍ എപ്പോള്‍ അനാവരണം ചെയ്യാം എന്ന തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവും കര്‍ശനമായി നിഷേധിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം നിര്‍ബ്ബന്ധിതമായ ശരീര നഗ്നതാ പ്രദര്‍ശനം അവളുടെ ലൈംഗിക വൈകാരിക വ്യക്തിത്വത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമായി അനുഭവപ്പെടാം. അതുകൊണ്ടു തന്നെ, സ്ത്രീകള്‍ മാറു മറയ്ക്കാന്‍ പാടില്ല എന്ന ജാത്യധികാരശാസനങ്ങള്‍ക്കെതിരെ കേരളത്തില്‍ പത്തൊമ്പതാം നൂററാണ്ടില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തില്‍1 ഒരുമിച്ച് പങ്കെടുത്ത പുരുഷന്‍മാരുടേയും സ്ത്രീകളുടേയും സമരകര്‍തൃത്വങ്ങള്‍ വ്യത്യസ്തമാണ്. ഈ വ്യത്യസ്തത കേരളസമൂഹത്തില്‍ തുടര്‍ന്നു നടന്ന പരിഷ്‌ക്കരണ നവോത്ഥാന പ്രവര്‍ത്തനങ്ങളിലും ആധുനികതാ രൂപീകരണത്തിലും സവിശേഷമായ അനുഭവങ്ങളുടേയും ആഗ്രഹങ്ങളുടേയും നിശ്ചയങ്ങളുടേയും തലത്തില്‍ത്തന്നെ സ്വാധീനിക്കുന്നതും തുടരുന്നതും സംഭാവനകള്‍ നല്‍കുന്നതും കാണാന്‍ കഴിയും.

സ്ത്രീകളുടെ വിഷയത്തില്‍ വ്യക്തമായ നിലാപാടുള്ള എഴുത്തുകാരി സി എസ് ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍ എന്ന പുസ്തകം മുന്നോട്ട് വയ്ക്കുന്നത് പുനര്‍ചിന്തനത്തിനുള്ള ഒരു പിടി ആശയങ്ങളാണ്. വേഷം, കുടുംബം, ലൈംഗികത, രാഷ്ട്രീയം, കല, സാംസ്‌കാരികം തുടങ്ങി സമസ്തമേഖലകളിലും സ്ത്രീ നടത്തിയിട്ടുള്ള മുന്നേറ്റങ്ങള്‍ രേഖപ്പെടുത്തുന്നു. ഒപ്പം ചരിത്രത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട സ്ത്രീകളെ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ആധുനിക ഫെമിനിസത്തിനുമപ്പുറമുള്ള ഒരു കണ്ടെത്തലാണ് ഗ്രന്ഥകാരി നടത്തുന്നത്. സ്ത്രീകള്‍ക്കു മാത്രമായിട്ട് ഒരു ചരിത്ര പുസ്തകമോ എന്ന ചിന്തിച്ചാല്‍ അതിനുത്തരം ഈ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ കിട്ടും. അറിയപ്പെടാതെ മണ്ണിലമര്‍ന്ന ഒരുകൂട്ടം സ്ത്രീകളെ വായിക്കുമ്പോള്‍ ഇന്നത്തെ സ്ത്രീജീവിതങ്ങള്‍ക്ക് കിട്ടുന്നത് പുതുകാഴ്ചപ്പാടാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തിലെ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തതിന്റേയും കേരളത്തില്‍ സ്ത്രീവാദ വ്യവഹാരങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി എഴുത്തിലൂടെ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരുന്നതിന്റെയും ഭാഗമായിട്ടാണ് സി എസ് ചന്ദ്രിക കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍ എഴുതിയിട്ടുള്ളത്.

കേരള സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ വിവിധ മണ്ഡലങ്ങളെ പരിചയപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയിലാണ് കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കേരളസംസ്ഥാനം രൂപീകൃതമായിട്ട് അറുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>