നിലപാടുകളുടെ തീഷ്ണത കൊണ്ട് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ രചനകളിലൊന്നാണ് ‘ബിയോണ്ട് ദ് വെയില്‍’. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ചരിത്രാന്വേഷണമാണ് പുസ്തകത്തിന്റെ പ്രമേയം. 1975 ല്‍ പ്രസിദ്ധീകരിക്കുകയും, പിന്നീട് പരിഷ്‌കരിച്ച പതിപ്പായി 1985 ലും 1987 ലും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ‘മുഖപടത്തിനപ്പുറത്തെ നേരുകള്‍ : ആണ്‍ പെണ്‍ ബന്ധം മുസ്ലിം സമൂഹത്തില്‍’.
പാശ്ചാത്യ ഇസ്ലാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന സവിശേഷതയാണ് ലൈംഗിക അസമത്വം. മതത്തിന്റെ അധികാരത്തിനും പുരുഷാധിപത്യത്തിനുമിടയില്‍ ദുരിതമനഭവിക്കുന്നവരായാണ് മുസ്ലിം സ്ത്രീകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിന് വിപരീതമായ ഒരു കാലഘട്ടമുണ്ടായിരുന്നു എന്നാണ് ഫാത്വിമ മര്‍നീസി തന്റെ ‘മുഖപടത്തിനപ്പുറത്തെ നേരുകള്‍ : ആണ്‍ പെണ്‍ ബന്ധം മുസ്ലിം സമൂഹത്തില്‍’ എന്ന പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നത്. ഇസ്ലാം മതം അനുവദിക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് വെളിച്ചം വീശുകയാണ് എഴുത്തുകാരി.
പ്രവാചകനു മുന്‍പുള്ള കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെകാളും കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികതയില്‍ പോലും അവര്‍ക്ക് പുരുഷന്മാരെക്കാള്‍ മേല്‍കോയ്മയുണ്ടായിരുന്നു. എത്ര പങ്കാളികളെ വേണമെങ്കിലും തിരഞ്ഞെടുക്കാനും തിരസ്‌ക്കരിക്കാനും അവര്‍ക്ക് അവകാശമുണ്ടായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ ഗോത്രത്തില്‍പ്പെട്ടവരായി മാറി.
സ്ത്രീകളുടെ മുഖപടത്തിന്റെ ഉത്ഭവത്തെപ്പറ്റിയും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ആദ്യ കാലങ്ങളില്‍ സ്ത്രീകളുടെ ആകര്‍ഷണ വലയങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പുരുഷന്മാര്‍ കട്ടിയുള്ള ശിരോവസ്ത്രം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടെ പുരുഷനെ ഇരയായും സ്ത്രീയെ വേട്ടക്കാരിയായുമാണ് ചിത്രീകരിക്കുന്നത്. പ്രവാചകനെ പോലും തങ്ങളുടെ ഇംഗിതങ്ങളറിയിച്ച സ്ത്രീകളെപ്പറ്റി എഴുത്തുകാരി പരാമര്‍ശിക്കുന്നു.
മോറോക്കന്‍ സാമൂഹ്യ വ്യവസ്ഥിതിയിലെ സ്ത്രീ ലൈംഗികത, വൈവാഹിക ജീവിതം, ഇപ്പോഴത്തെ സമുഹത്തിലെ സ്ത്രീകളുടെ സ്ഥാനം, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം, സാമ്പത്തിക ശേഷിക്ക് ഒരാളുടെ വൈവാഹിക ജീവിതത്തിലെ പ്രാധാന്യം, ഭാര്യാഭര്‍തൃ ബന്ധം, അമ്മായിയമ്മയ്ക്ക് കുടുംബത്തിലുള്ള സ്ഥാനം എന്നീ കാര്യങ്ങള്‍ ഫാത്വിമ മര്‍നീസി വിശകലനം ചെയ്യുന്നു. പഴയ തലമുറയില്‍പ്പെട്ടവരും പുതുതലമുറയില്‍പ്പെട്ടവരുമായ സ്ത്രീകളുടെ അഭിപ്രായങ്ങള്‍, ലൈംഗികതയെപ്പറ്റി മതം അനുശാസിക്കുന്ന നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങളടങ്ങിയ കത്തുകള്‍ എന്നിവയും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിന്റെ താളുകളില്‍നിന്ന് മറയ്ക്കപ്പെട്ട സത്യങ്ങള്‍ സമൂഹത്തിലേക്ക് മറനീക്കി പുറത്തുകൊണ്ടുവരാന്‍ മര്‍നീസ് തന്റെ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നു.