സൊമാലിയയിലെ മത്സ്യബന്ധനതൊഴിലാളിയാണ് സുലൈമാന്‍. അയാള്‍ സൊമാലിയയിലെ മൊഗാദിഷുവില്‍ വ്യാപാരാര്‍ത്ഥമാണ് എത്തുന്നത്. മത്സ്യബന്ധനവും കച്ചവടവുമാണ് അയാളുടെ പ്രധാനതൊഴില്‍. അങ്ങനെയുള്ള വരവില്‍ അയാള്‍ പരിചപ്പെട്ട മഗീദയെന്ന സുന്ദരിയായപെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. പൊനോന്‍ ഗോംബെ എന്നറിയപ്പെടുന്ന മയില്‍പ്പീലിപച്ചയും നീലും കലര്‍ന്ന മത്സ്യത്തിന്റെ നിറമുള്ള ഗൗണാണ് അയാള്‍ അവള്‍ക്ക് വിവാഹസമ്മാനമായി നല്‍കുന്നത്. എന്നാല്‍ അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആദ്യരാത്രിയില്‍ തന്നെ സുലൈമാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചിറക്കി കൊണ്ടുപോകുന്നു. അത് മഗീദപോലും അറിയുന്നില്ല. പിന്നീട് തുടര്‍ച്ചയായ ചോദ്യംചെയ്യലുകളും പീഡനങ്ങളുമാണ് അയാള്‍ക്ക് അനുഭവിക്കേണ്ടിവന്നത്. സുലൈമാനെ യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്നേറ്റിരുന്ന ഖാസിനമിനെയും സംഘത്തെക്കുറിച്ചുമാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ സുലൈമാന് ഖാസിമിനെക്കുറിച്ച് കൂടുതലൊന്നും പറയുവാനുണ്ടായിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതിലൊന്നും തൃപ്തിപ്പെടാനായില്ല. അവര്‍ അയാളെ അമേരിക്കന്‍ രഹസ്യ സംഘടനയ്ക്ക് കൈമാറുന്നു…അയാളെ പലയിടത്തേക്കും അവര്‍ കൊണ്ടുപോവുകയും പീഡിപ്പിക്കുയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. കാലം അയാളില്‍ വാര്‍ദ്ധക്യത്തിന്റെ സൂചനകള്‍ നല്‍കുന്നു. പ്രിയപത്‌നി മഗീദയെ വാര്‍ദ്ധക്യത്തിലും സുലൈമാന് കാണാനാകുന്നില്ല….
ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശ സേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന സുലൈമാന്റെ കഥപറയുകയാണ് ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന നോവല്‍. ആഗോള ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ ബലിയാടാകേണ്ടിവരുന്ന ആഫ്രിക്കന്‍ ജീവിതങ്ങളുടെ പ്രതിനിധിയാണിവിടെ സുലൈമാന്‍ എന്ന മത്സ്യത്തൊഴിലാളി.
“പൊനോന്‍ ഗോംബെ എല്ലാ അര്‍ത്ഥത്തിലും ഒരു പൊളിറ്റിക്കല്‍ നോവലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും യുഎസ്സിലെ ഇരട്ടഗോപുര ആക്രമണത്തിനുശേഷം ഐഗോളതലത്തില്‍ മുസ്ലീമുകള്‍ നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധിയാണ് ഈ കൃതിയില്‍ ജുനൈദ് അബൂബക്കര്‍ പ്രശ്‌നവത്ക്കരിക്കുന്നതെന്ന് ” ടി ഡി രാമകൃഷ്ണന്‍ നോവലിന്റെ അവതാരികയില്‍ പറയുന്നു. സുലൈമാന്‍ എന്ന ചെറുപ്പക്കാരന്‍ ഈ കാലത്തിന്റെ ഇരയാണ്. താന്‍ ചെയ്തകുറ്റം എന്താണെന്നുപോലും അയാള്‍ക്കറിയില്ല. എന്നിട്ടും അയാള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കും വിധേയനാകുന്നു. ഇത് സൊമാലിയയിലും കെനിയയിലും മാത്രല്ല ലോകത്തിലെ ഓരോ മുക്കിലും മൂലയിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
വായനക്കാര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയുമാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. വിവാഹമുള്‍പ്പെടെയുള്ള അവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍, സ്വാഹ്ലി ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍, ആ ദേശത്തിന്റെ ചരിത്രപശ്ചാത്തലം, അവിടുത്തെ സാമൂഹികാവസ്ഥ, എന്നിവയെല്ലാം സുലൈമാന്റെ കഥയുടെ പശ്ചാത്തലമായി ജുനൈദ് അബൂബക്കര്‍ പൊനോന്‍ ഗോംബെയില്‍ അവതരിപ്പിക്കുന്നുണ്ട്. അത് വായനയെ കൂടുതല്‍ രസകരമാക്കുകയും കഥയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പൊനോന്‍ ഗോംബെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.