ഏതൊരു കാര്യത്തിലും ആത്‌മവിശ്വാസത്തോടെയുള്ള സമീപനം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. ഏതൊരു വ്യക്തിയുടെ ദൈനംദിന പ്രവൃത്തികളെയും വിജയ-പരാജയങ്ങളെയും സ്വാധീനിക്കുന്നത് അവയോടുള്ള സമീപനമാണ്. നല്ലരീതിയിൽ ആശയവിനിമയം നടത്താൻ, തന്റെ പ്രവർത്തനമേഖലയിൽ വിജയം നേടാൻ സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാൻ ഒക്കെ സഹായകമാകുന്ന വിധം തെരഞ്ഞെടുത്ത് പാകപ്പെടുത്തിയ നൂറിലധികം കുറിപ്പുകളുടെ സമാഹാരമാണ് ബി എസ് വാര്യരുടെ ‘ജീവിതവിജയവും ആത്മവിശ്വാസവും.‘
ജീവിതത്തിനു പുതുമയും തിളക്കവും കിട്ടണമെങ്കിൽ നാം പുതിയ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. ഒരു മാറ്റവും കൂടാതെ പഴയത് ആവർത്തിച്ചു കൊണ്ടിരിക്കുന്നവരെ മടുപ്പും മുഷിവും കീഴ്പ്പെടുത്താൻ സാധ്യതകളേറെയാണ്. പുതിയ പാതകൾ പണിഞ്ഞുണ്ടാക്കാൻ നമ്മിൽ മിക്കവർക്കും കഴിയില്ലായിരിക്കാം. പക്ഷെ നമുക്കു തീർത്തും അപരിചിതമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർ നൽകുന്ന പാഠങ്ങൾ നമുക്ക് താത്പര്യപൂർവ്വം ഉൾക്കൊള്ളാവുന്നതാണ്.
അത്തരത്തിൽ നമ്മെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവ കഥകളും , കൽപിതകഥകളും , മഹാന്മാരുടെ ജീവിത കഥകളും ഉൾപ്പെടുത്തിയ ഈ പുസ്തകം കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമാകും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിന്തകൾക്ക് കൂടുതൽ കരുത്ത് പകരാൻ വിദ്യാർഥികളും മാതാപിതാക്കളും ആവശ്യം വായിച്ചിരിക്കേണ്ട ഒരു രചനയാണ് ബി എസ് വാര്യരുടെ ‘ജീവിതവിജയവും ആത്മവിശ്വാസവും.‘
ലോകത്തിൽ മാറ്റങ്ങൾക്കു വഴി വച്ച ഉൽപതിഷ്ണുക്കൾ നമുക്ക് ആശയങ്ങൾ പകർന്നു തരുന്നു. അവ ശ്രദ്ധിക്കാനും നടപ്പാക്കാനും മനസ്ഥിതി വേണമെന്നു മാത്രം.നമ്മേക്കാൾ കൂടുതൽ ചിന്താശേഷിയും ഭാവനയുമുള്ളവരുണ്ടെന്ന് അംഗീകരിക്കാനുള്ള വിനയമാണ് വിജയത്തിലേക്കുള്ള ആദ്യപടി.
മഹാന്മാരുടെ ചിന്തകളും വാക്കുകളും ശേഖരിച്ച് നമുക്കിണങ്ങുന്ന തരത്തിൽ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളാണ് ‘ജീവിതവിജയവും ആത്മവിശ്വാസവും’ എന്ന പുസ്തകത്തിൽ. നമ്മെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സൂചനകൾ. സന്ദർഭത്തിന് ചേരുംപടി ചേർക്കാൻ സംഭവകഥകളും , കൽപിത കഥകളും. ഇതിലെ ഓരോ കഥകളും ജീവിതത്തിന് ഉപകരിക്കുന്ന ഏതെങ്കിലും ഒരു കാര്യം മാത്രം വിശദമാക്കുന്നു.
ബിഎസ് വാര്യരുടെ വിജയത്തിന്റെ പടവുകൾ , ഉൾക്കാഴ്ച വിജയത്തിന് , എന്നീ പുസ്തകങ്ങളുടെ തുടർച്ചയാണ് ജീവിതവിജയവും ആത്മവിശ്വാസവും . 2010 ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആറാമത്തെ പതിപ്പാണ് ഇപ്പോൾ വിപണിയിൽ.