ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ടി.പത്മനാഭന്റെ തൂലികയില്‍ നിന്നുപിറന്ന കഥാസമാഹാരമാണ് നിങ്ങളെ എനിക്കറിയാം. പത്മനാഭന്റെ സമ്പൂര്‍ണകഥാസമാഹാരം ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചതിനുശേഷം ‘പള്ളിക്കുന്ന്’ എന്ന ലേഖനസംഗ്രഹം മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. അതുതന്നെ മുന്‍പെപ്പോഴൊക്കെയോ എഴുതിവെച്ചിരുന്ന അപ്രകാശിതലേഖനങ്ങളായിരുന്നുതാനും. അടുത്തകാലത്തായി സാഹിത്യവിവാദങ്ങളിലൊന്നുംതന്നെ തലയിടാതെ പത്രദ്വാരാ നിശബ്ദനായി ജീവിതം നയിക്കുകയായിരുന്നു കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍. പത്മനാഭന് എന്തു പറ്റി എന്ന് അല്പമൊരു ആകുലതയോടെ ചിന്തിച്ചിരുന്ന വായനക്കാര്‍ക്ക് സമാശ്വാസവുമായിട്ടാണ് ഡി.സി.ബുക്‌സിന്റെ ‘നിങ്ങളെ എനിക്കറിയാം‘ എന്ന ഹാര്‍ഡ് ബൌണ്ട് പുസ്തകം വെളിച്ചം കാണുന്നത്. അതായത് 2014 നവംബറില്‍. ഇപ്പോള്‍ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
ഒരു പഴയകഥ, കുട്ടന്‍, നിങ്ങളെ എനിക്കറിയാം, ഓട്ടോഡ്രൈവറും എഴുത്തുകാരനും, മണ്ണും മനുഷ്യനും, സന്തുഷ്ടകുടുംബം, അച്ഛനും മക്കളും, കുഞ്ഞുമനസ്സ് , സ്‌തോത്രം എന്നിങ്ങനെ പതിനൊന്നുകഥകളുടെ സമാഹാരമാണ് നിങ്ങളെ എനിക്കറിയാം. സ്‌നേഹത്തിന്റെയും കരുണയുടെയും കണികകള്‍ കണ്ടെത്താന്‍ പാടുപെടേണ്ടി വരുന്ന ആ സുരവേഗതയുടെ കാലത്ത് ഭൂതദയാപരമായ കുഞ്ഞെഴുത്തുകള്‍കൊണ്ട് സ്‌നേഹപ്രപഞ്ചം സൃഷ്ടിക്കുകയാണ് ഈ കഥകള്‍. സ്ഥടികസമാനമായ ഒരു കുളിറ്റര്‍തടാകത്തില്‍ മുങ്ങിനിവരും പോലെ സ്വശ്ചശാന്തമായ ഈ കഥകളിലേക്കിറങ്ങുന്ന ഓരോ വായനക്കാരനും നിര്‍മ്മലമായ മനോമുകുരത്തിലൂടെ ലോകത്തെ ആസ്വദിക്കാനാകുന്നു. ‘നിങ്ങളെ എനിക്കറിയാം‘ അവശ്യം വായിച്ചിരിക്കേണ്ടതായ ഒരു പുസ്തകമാണ്.
വളരെ ലളിതമായ ഭാഷയില്‍ ഒരുവലിയ ആശയത്തെ അവതരിപ്പിക്കുന്ന കഥാകൃത്തിന്റെ രചനാശൈലി ഈ കഥകളിലും കാണാം. ഒരു പഴയ കഥ എന്ന കഥയില്‍ അത്തരം നിസ്സാരമെന്നു തോന്നിക്കുന്ന എന്നാല്‍ വളരെവലുതയാ ഒരു സത്യത്തെയാണ് അവതരിപ്പിക്കുന്നത്. ആരും കാണുന്നില്ലെന്നുവിചാരിച്ച് ചെയ്യുന്ന അധര്‍മ്മം, ഒരു നീര്‍കുമിളയെങ്കിലും കാണുമെന്നും അതിലൂടെ അതിനുള്ള ശിക്ഷ എത്ര കാലം കഴിഞ്ഞും ലഭിക്കുമെന്നും ആ കഥ ഓര്‍മ്മിപ്പിക്കുന്നു. എ്ന്നാല്‍ പഴയ ഒരു ഗാസ് സ്റ്റൗവന്റെ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട കഥയാണ് നിങ്ങളെ എനിക്കറിയാം..ഇവിടെ മുനുഷ്യനും മനുഷ്യരും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് പറഞ്ഞുവയ്ക്കുന്നത്.
ഓട്ടോഡ്രൈവറും, വീട്ടുകാര്യസ്ഥനും, സുഹൃത്തുമൊക്കെയായ രാമചന്ദ്രന്‍ എന്ന കഥാപാത്രം പല കഥകളിലും കയറിവരുന്നത് ഒരു ഡയറിക്കുറിപ്പിന്റെ യാന്ത്രികപ്രതീതി ഉളവാക്കുന്നതാണ്. പത്മനാഭനെ ഇരുളടഞ്ഞ മലയാള കഥാനഭസ്സിലെ പ്രകാശമാനമായ താരമായി നിര്‍ത്തിയിരുന്നത് അദ്ദേഹത്തിന്റെ കഥകളിലെ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. പക്ഷേ ഈ സമാഹാരത്തിലെ ഒരു പിടി കഥകളിലെങ്കിലും (ഉദാ. മണ്ണും മനുഷ്യനും, സന്തുഷ്ട കുടുംബം, അച്ഛനും മക്കളും) പത്മനാഭന്റെ കഥാപാത്രങ്ങള്‍ ജീവിതസായാഹ്നത്തില്‍ അവഗണിക്കപ്പെടുന്നവരുടെ പ്രകടനപത്രികയാണ് കാട്ടിത്തരുന്നത്.
ചെറുകഥകള്‍ മാത്രം എഴുതി സാഹിത്യ ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയെടുത്ത എഴുത്തുകാരനാണ് ടി പത്മനാഭന്‍. അദ്ദേഹത്തിന്റെ കഥകള്‍ ഊണുകഴിക്കുന്നതിനിടയിലോ, യാത്ര പോകുമ്പോഴോ ബോറടി മാറ്റാന്‍ വായിക്കേണ്ടവയല്ല. സ്‌നേഹം, ദയ, പ്രത്യാശ എന്നീ ഭാവങ്ങളൊക്കെ മിന്നിമറയുന്ന ആ കഥകളിലെ മലയാളിത്തം മാറ്റിനിര്‍ത്തിയാലും ലോകത്തിന്റെ ഏതുകോണിലും സംഭവിക്കുന്ന കുറെ ഹൃദയസ്പ്രുക്കായ കാര്യങ്ങളാണവയെല്ലാം. ആ കഥകള്‍ അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളതിന്റെ സാരാംശം ഇതുതന്നെയാണ്. അവയിലെ ആശയങ്ങള്‍ വാക്കുകളുടെ ചവിട്ടുപടി കയറിയെത്തുന്നത് നമ്മുടെ ഹൃദയത്തിലേക്കുതന്നെയാണ്.