മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അക്കാദമിക് പണ്ഡിതരുടെയും സാധാരണ വായനക്കാരുടെയും ആസ്വാദനത്തിന് ഒരുപോലെ വിധേയമാകുന്നവയാണ് സേതുവിന്റെ രചനകള്‍. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത. മൂന്നു ദശകംമുമ്പ് പ്രസിദ്ധീകരിച്ച പാണ്ഡവപുരം എന്ന ഒറ്റ നോവല്‍ കൊണ്ട് തന്നെ സാഹിത്യലോകത്തെ കീഴടക്കിയ സേതുവിന്റെ പുതിയ നോവലാണ് പെണ്ണകങ്ങള്‍. പേരു സൂചിപ്പിക്കുന്നതുപോലെ പെണ്ണനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് നോവലിന്റെ ആഖ്യാനം. ദേവി, കമലാക്ഷിയമ്മ, കാതറിന്‍, പ്രിയംവദ, മോഹന, കാദംബരി എന്നീ ഭാഗങ്ങളായാണ് നോവലിന്റെ അവതരണം. തന്റെ മുന്‍കാല നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളിലൂടെ നോവല്‍ പ്രമേയങ്ങളെ പുനഃസൃഷ്ടിക്കുകയാണ് പെണ്ണകങ്ങളിലൂടെ സേതു. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ആഖ്യാനം നടത്തുന്നത്.
പാണ്ഡവപുരത്തിലെ ദേവി, നിയോഗത്തിലെ കമലാക്ഷിയമ്മ, കൈമുദ്രകളിലെ കാതറിന്‍, അടയാളങ്ങളിലെ പ്രിയംവദ, കിളിമൊഴികള്‍ക്കുമപ്പുറം എന്ന കൃതിയിലെ മോഹന, ആറാമത്തെ പെണ്‍കുട്ടിയിലെ കാദംബരി എന്നിവരാണ് പെണ്ണകങ്ങിലെ നായികമാര്‍. സ്ത്രീയനുഭവങ്ങളുടെ വൈവിധ്യവും തുടര്‍ച്ചയും ഒരു സമസ്യയായി തന്റെ ബോധമണ്ഡലത്തെ ആവേശിച്ചതിനുഫലമാണ് ഈ നോവലെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പെണ്ണകങ്ങളില്‍ ആവര്‍ത്തിച്ച് നിലകൊള്ളുന്ന പ്രമേയം അന്വേഷണമാണ് (തേടലാണ്). ഈ തേടലും കാത്തിരിപ്പും ഒരുപോലെ സംഭവിച്ചുപോകുന്നവയാണ്. മോഹനയും കാദംബരിയും പ്രിയംവദയും കാതറിനുമെല്ലാം ഇങ്ങനെ തേടിയലയുന്നവരാണ്. ദേവിയാകട്ടെ തന്റെ ജാരനെയും കാത്ത് റെയില്‍വേസ്‌റ്റേഷനില്‍ ചെന്നെത്തുന്നു. കഥയുടെ തുടക്കവും ഒടുക്കവും ഈ കാത്തിരിപ്പുതന്നെയാണ്. സ്ത്രീലൈംഗികതയുടെ പുതിയമാനങ്ങളും സ്വാതന്ത്ര്യ ചിന്തകളും നമുക്ക് ഇവിടെ കണ്ടെത്താനാകും. പാണ്ഡവപുരത്തിലെ ദേവിയുടെ രതിയുടെ മായാവലയത്തില്‍ അകപ്പെട്ടുപോകുമെന്ന് ഭയക്കുന്ന പുരുഷനെ നമുക്കിവിടെ കാണാം. ഇവിടെ സ്ത്രീയുടെ ലൈംഗികതയെക്കുറിച്ചുള്ള പുരുഷന്റെ ഭയമായി മാറുകാണ് ദേവി. ചുരുക്കത്തില്‍ സ്ത്രീലൈംഗികതയുടെ കാണാത്ത ആഴങ്ങള്‍ തേടുകയാണ് ദേവിയില്‍ നോവലിസ്റ്റ്.
എന്നാല്‍ കൈമുദ്രകളിലെ കാതറിന്‍ അഭിലാഷങ്ങളുടെ നദിയാണ്. മഗ്ദലമറിയത്തിലെ മറിയയോട് സ്വയം സാത്മീകരിച്ചുകാണുന്ന കാതറിന്‍ പുരുഷന്‍ നിര്‍മ്മിച്ച പ്രപഞ്ചനാടകത്തിലെ പതിതവ്യക്തിത്വമാണ്. വേശ്യാവൃത്തിയില്‍ നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തീര്‍ന്ന അവള്‍ക്ക് വിവാഹം കഴിക്കണമെന്നും അമ്മയാകണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ ആ അഭിലാഷം നടക്കുന്നതല്ലെന്ന് അവള്‍ തിരിച്ചറിയുന്നു. പെണ്ണകത്തിലെ എറ്റവും സങ്കീര്‍ണ്ണമായ പെണ്‍പിറവി പ്രിയംവദയുടെയാണ്. അടയാളങ്ങള്‍ കിളിമൊഴികള്‍ക്കുമപ്പുറം എന്നീ കൃതികളില്‍ ഒരുപോലെ കടന്നുവരുന്ന പ്രിയംവദയ്ക്ക് നോവലിസ്റ്റ് പ്രത്യേകമായ ഒരു പ്രഭാവലയമൊന്നും നല്‍കുന്നില്ല. എന്നിരുന്നാലും യുക്തിയുടെ മണ്ഡലത്തില്‍ കഴിയുന്ന പ്രിയംവദ വലിയൊരു അഭിലാഷ കണ്ണാടിപൊലെ പെണ്ണിന്റെ അകത്തിന്റെ സര്‍വ്വ സങ്കീര്‍ണ്ണതകെളെയും പ്രതിഫലിപ്പിക്കുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ് മകളുമൊത്ത് തനിച്ച് താമസിക്കാന്‍ ധൈര്യകാട്ടുന്ന പ്രിയംവദ തന്റെ മാതൃത്വത്തിലാണ് തന്റെ വ്യക്തിത്വത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.
ഇങ്ങനെ ആറ് സ്ത്രീകഥാപാത്രങ്ങളിലൂടെ സേതുപറഞ്ഞുവയ്ക്കുന്നത് പുരുഷകോന്ദ്രീകൃതമായ ലോകത്ത് പെണ്ണ് തേടുന്ന വഴികളെക്കുറിച്ചാണ്. പുരുഷന്റെ നിയമങ്ങള്‍ നിറഞ്ഞ ലോകത്ത് സ്ത്രീകള്‍ തേടുന്ന വഴികളുടെ ഉത്തരങ്ങളാണ് പെണ്ണകങ്ങള്‍ എന്ന നോവലിന്റെ ആകെത്തുക. 2016ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെണ്ണകങ്ങളുടെ രണ്ടാമത് പതിപ്പും ഇപ്പോള്‍ പുറത്തിറങ്ങി. പി കെ രാജശേഖരനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സേതുവിന്റെ മറ്റ് പുസ്തകങ്ങള്‍..