കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരികരംഗത്ത് സജീവസാന്നിധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല . ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവിൽ ഒരാളായി ; ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട് . ആത്മകഥ : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പുസ്തകം ഒരു ആത്മകഥ മാത്രമല്ല. ക്രിസോസ്റ്റം എന്ന യോഗിവര്യന്റെ കർമ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി ഇവിടെ അടയാളപ്പെടുത്തുകയാണ്.
കുഞ്ചൻ നമ്പ്യാർക്കും ഇ വി കൃഷ്ണപിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് മാർ ക്രിസോസ്റ്റം വലിയ മെത്രപൊലീത്ത അറിയപ്പെടുന്നതെങ്കിലും ആ ശ്രേഷ്‌ഠ വ്യക്തിത്വത്തിന്റെ ബഹുമുഖ ഭാവം അടുത്തറിയുന്നവർക്കും വായിച്ചറിയുന്നവർക്കും അപരിചിതമല്ല. ക്രിസോസ്റ്റം തിരുമേനിയുടെ ജീവിത വിശേഷങ്ങളേക്കാൾ ജീവിത വീക്ഷണങ്ങളിലേക്ക് വീശുന്ന വെളിച്ചമാണ് ആത്മകഥ : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന കൃതിയെ ശ്രദ്ധേയമാക്കുന്നത്.
ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃതി അനവധി അന്തർധാരകൾ കൊണ്ട് സമ്പന്നമാണ്. അതുകൊണ്ടു തന്നെ ഈ കൃതിയെ അപ്പച്ചന്റെ തമാശകൾ എന്നും വിലയിരുത്തപ്പെടാം എന്ന് പുസ്തകത്തിന്റെ അവതാരികയിൽ ഡി ബാബുപോൾ എഴുതുന്നു. ” സാഹസികരായ ഞങ്ങളുടെ നാട്ടുകാർ അവർക്ക് പ്രയോജനമുള്ള സാധനങ്ങൾ ആ കുത്തോഴുക്കിൽ നിന്ന് ഏതു വിധേനയും കൈക്കലാക്കും. അപ്പോൾ മഴ അവർ വീട്ടിൽ കരുതിവച്ച സാമാനങ്ങളും കവർന്നുകൊണ്ട് പമ്പ കടക്കുകയാവും.” മഴക്കാലത്ത് പമ്പ കരകവിഞ്ഞൊഴുകിയിരുന്ന ഓർമ്മയെ കുറിച്ച് തിരുമേനി പറയുന്നത് ഇങ്ങനെയാണ്.
പ്രൈമറി സ്കൂളിൽ പഠിച്ച കാലത്തെ കുറിച്ചു പറയുന്നിടത്തും ആലോചനാമൃതമായ ആശയങ്ങൾ പുട്ടിൽ തേങ്ങാപ്പീര എന്നത് പോലെ സന്നിവേശിപ്പിച്ചിരിക്കുന്നു. ‘പഠിക്കുന്ന കുട്ടികൾ തമ്മിൽ മാർക്കിന് വേണ്ടിയുള്ള മത്സരങ്ങൾ ഇല്ലായിരുന്നു.നമ്മൾ പഠിച്ചാൽ അടുത്ത ക്ലാസിലേക്ക് കയറാം , അത്രതന്നെ. അന്നൊക്കെ കുട്ടികൾ തന്നെ വളരുകയായിരുന്നു. ഇന്ന് അങ്ങിനെയാണോ നമ്മൾ അവരെ വളർത്തുകയല്ലേ ‘ രണ്ടു വലിയ വർത്തമാന കാല യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് തിരുമേനി ഇവിടെ. കുട്ടികളെ വളരാൻ അനുവദിക്കാതെ വളർത്തിയെടുക്കാൻ അദ്ധ്വാനിക്കുന്ന മാതാപിതാക്കന്മാരാണ് മത്സരത്തിന്റെ വിത്തു വിതറുന്നത്.
ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതവിശേഷണങ്ങളെക്കാൾ ജീവിത വീക്ഷണങ്ങളിലേക്ക് വീശുന്ന വെളിച്ചമാണ് ആത്മകഥ : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന കൃതി. അസാധാരണമായ പല ആശയങ്ങളും ക്രിസോസ്റ്റം തിരുമേനിയിൽ കാണാം. ഒരു ആത്മകഥ എന്നതിലുമുപരി തിരുമേനിയുടെ വീക്ഷണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഉണ്ടാകുവാൻ പ്രചോദനമാകാൻ സാധ്യതയുള്ള ഒരു കൃതി കൂടിയാണിത്.
2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആറാം ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ആത്മകഥ : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സെന്റിനറി എഡിഷൻ തിരുമേനിയുടെ നൂറാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ്.