ലളിത മനോഹരഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്‍മയുടെ സൗരഭ്യം പരത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ . ആഖ്യാനത്തിലെ സവിശേഷത കൊണ്ടും വിഭവ വൈവിധ്യങ്ങളിലൂടെയും വായനയെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ. ജീവിതവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളും അദ്ദേം തന്റെ രചനകളില്‍ കോറിയിട്ടു. സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. സാധാരണക്കാരുടെ ഭാഷയില്‍ അദ്ദേഹം സൃഷ്ടിച്ചത് അസാധാരണ രചനകളായിരുന്നു. ബഷീറിന്റെ എക്കാലത്തെയും മികച്ച പ്രണയ നോവെല്ലകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ബാല്യകാലസഖിയും കുറേ പെണ്ണുങ്ങളും.
മലയാളി വായിക്കുകയും നെഞ്ചോട് ചേര്‍ക്കുകയും ചെയ്ത ബഷീറിന്റെ അഞ്ച് പ്രണയ നോവെല്ലകളാണ് ബാല്യകാലസഖിയും കുറേ പെണ്ണുങ്ങളും എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മതിലുകള്‍ , അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന നോവെല്ലകള്‍ .
വൈക്കം മുഹമ്മദ് ബഷീറിന്റെ മാസ്റ്റര്‍പീസ് നോവലാണ് ബാല്യകാല സഖി. മജീദിന്റെയും അവന്റെ ബാല്യകാല സഖി സുഹറയുടേയും കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. മനസ്സിന്റെ കോണിലെവിടെയോ ഒരാത്മനൊമ്പരമായി ബാല്യകാലസഖി മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള നോവലുകളില്‍ നിന്നും തികച്ചും വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. എന്നാല്‍ ഒരു തലമുറയെതന്നെ പ്രണയിക്കാന്‍ പഠിപ്പിച്ച നോവലാണ് ബഷീറിന്റെ ‘പ്രേമലേഖനം’. കേശവന്‍ നായരെന്ന യുവാവും സാറാമ്മ എന്ന യുവതിയും തമ്മില്‍ലുള്ള പ്രണയമാണ് ജനലക്ഷങ്ങള്‍ വായിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത പ്രേമലേഖനത്തിലെ ഇതിവൃത്തം.
മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള ബഷീറിന്റെ കടന്നാക്രമണമാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവല്‍. കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടിയാണ് നോവലിലെ കഥാനായിക. നിഷ്‌കളങ്കയും നിരക്ഷരയുമായ അവള്‍ നിസ്സാര്‍ അഹമ്മദ് എന്ന വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നതാണ് നോവലിന്റെ കഥ. നിരക്ഷരത അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്നു കാട്ടിത്തരുന്ന നോവല്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
ബഷീര്‍ എഴുതിയ പ്രേമകഥകളില്‍വച്ച് ഏറ്റവും അസാധാരണമായ ഒരു പ്രേമകഥയാണ് മതിലുകള്‍. സംഭവം കഴിഞ്ഞു കൊല്ലങ്ങള്‍ക്കുശേഷം ഏകാന്തതയില്‍ നുണഞ്ഞാസ്വദിക്കുന്ന ഒരു പ്രേമകഥ. രാഷ്ട്രീയ തടവുകാരനായി ജയിലില്‍ എത്തിയ കാലത്തുനടക്കുന്ന സംഭവങ്ങളാണ് മതിലുകള്‍ പറയുന്നത്. മുഹമ്മദ്ബഷീറിന്റെ മറ്റുകഥകളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവം കൂടുതല്‍ ഉള്ള നോവലാണ് അനുരാഗത്തിന്റെ ദിനങ്ങള്‍ . എന്നാല്‍ തമാശ തീരെയില്ല എന്നും പറയാന്‍ സാധിക്കില്ല. ശരിക്കും നോവല്‍ അല്ല, ഇത് കാമുകന്റെ ഡയറിയാണ്, ജീവിതകഥയാണ്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേരുടെ വിചാരങ്ങളും വികാരങ്ങളുമൊക്കെ പ്രകടിപ്പിച്ചിട്ടുള്ള എഴുത്തുകളാണ് ഈ നോവലില്‍. ഡി സി ബുകസ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബഷീറിന്റെ ഈ വിശ്വവിഖ്യാതരചനകള്‍ക്ക് പുതിയ പതിപ്പ് ഇറങ്ങി.