സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വി കെ എൻ എന്ന വടക്കേ കൂട്ടാല നാരായണൻകുട്ടിനായരുടേത് . ഹാസ്യ രചനകൾക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് അക്ഷര സഞ്ചാരം നടത്തിയത്. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എൻ.
ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്കരിക്കാന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും . ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍ നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി കെ എന്‍ ആ മറുഭാഷ സൃഷ്ടിക്കുന്നത് . അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ ‘ പകര്‍ത്തിയെഴുതാനാവാത്ത പതിനാലുവരി കവിത ‘ യാകുന്നു .
തൃശ്ശൂരിന്റെ ഹൃദയഭാഷയിലൂടെയുള്ള അമ്മൂമ്മക്കഥ നർമ്മത്തെ ഒരു ഭാഷാസരണിയിൽ കൊരുത്തുകൊണ്ട് വായനയിലുള്ള അഭിരുചിയെ സ്വീകാര്യമാക്കി പ്രയോഗിച്ചിരിക്കുന്നു. മലയാളസാഹിത്യലോകത്തിനു എന്നും നർമ്മവും വ്യത്യസ്തത നിറഞ്ഞതുമായ കഥകൾ സമ്മാനിച്ച വി കെ എന്നിന്റെ എഴുത്തിലും അവതരണരീതിയിലും ഭാഷാ പ്രയോഗങ്ങളിലും അവലംഭിച്ചിരുന്ന ശൈലിയെ വായനയുടെ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.
കുടിയേറ്റം , മാധവൻ , ദസ്യുക്കൾ ,ഒറ്റമൂലി , നളചരിതം മൂലം , അനുസ്മരണ , സഞ്ചാരം , അന്യായം , കുഞ്ഞാലൻറെ ദിവസം , അടച്ചിട്ട സമൂഹം , ചർമ്മത്തിന് ഒരു പരസ്യം എന്നീ ലഘു നോവലുകളുടെ സമാഹാരമാണ് അമ്മൂമ്മക്കഥ. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എന്നിന്റേതായുണ്ട്. കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി കെ എൻ കൈവച്ചിട്ടുണ്ട്.
മലയാളഭാഷയിലെ ഹാസ്യസാമ്രാട്ടായ വികെഎന്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനാണ് ജനിച്ചത്. 1959 മുതല്‍ 1969 വരെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ജീവിതം. പത്തുവർഷക്കാലത്തെ ഡൽഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. ഒ. വി. വിജയൻ, കാക്കനാടൻ, എം. മുകുന്ദൻ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കൾ. 1969-ൽ ഡൽഹി ജീവിതം അവസാനിപ്പിച്ച് തിരുവില്വാമലയിൽ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എൻ ജന്മനാട്ടിൽ തന്റേതായ ഒരു ലോകം സൃഷ്ടിച്ചു.
1997 ൽ ആദ്യ ഡി സി പതിപ്പിറങ്ങിയ അമ്മൂമ്മക്കഥ യുടെ നാലാമത്തെ പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘പയ്യന്‍ കഥകള്‍‘ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ‘ആരോഹണ’ത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘പിതാമഹന്‘ മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചു. അനന്തരം, സര്‍ ചാത്തുവിന്റെ റൂളിംഗ്, സിന്‍ഡിക്കേറ്റ്, ചിത്രകേരളം, അധികാരം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. 2004 ജനുവരി 25ന് സ്വവസതിയിൽവച്ച് മരണമടഞ്ഞു.