ആഗോള ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ ബലിയാടാകേണ്ടിവരുന്ന ആഫ്രിക്കന്‍ ജീവിതങ്ങളുടെ കഥപറഞ്ഞ ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന നോവലിനെക്കുറിച്ച് പ്രതീഷ് പരമേശ്വരന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്;
യുഎസ്സിലെ ഇരട്ടഗോപുര ആക്രമണത്തിനു ശേഷം ആഗോളതലത്തില്‍ മുസ്ലീം ജനത നേരിടേണ്ടി വന്ന സത്വപ്രതിസന്ധിയെയാണ് പൊനോന്‍ ഗോംബെ എന്ന ഈ കൃതിയില്‍ ‘ ജുനൈദ് അബൂബക്കര്‍ ‘ പ്രശ്‌നവത്ക്കരിക്കുന്നത്. ഈ പുതു എഴുത്തുക്കാരന്റ ആദ്യ നോവല്‍ ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് രചിച്ചിട്ടുള്ളത് .
ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ അധിനിവേശ സേന നടത്തുന്ന ക്രൂരമായ ആക്രമണക്കള്‍ക്ക് ഇരയാകേണ്ടി വരുന്ന ആഫ്രിക്കന്‍ ജനതയുടെ ദുരന്ത ജീവിതം നമുക്കീ കൃതിയില്‍ കാണാം. സോമാലിയയിലെ മൊഗാദിഷുവിലെ മത്സ്യതൊഴിലാളിയായ. സുലൈമാനെ തന്റെ വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ ഭീകാരാക്രമണത്തിന്റെ പേരില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ തടവിലാക്കുന്നതും തുടര്‍ന്ന് നേരിടേണ്ടി വന്ന പീഡന പരമ്പരകളിലൂടെ ഈ നോവല്‍ സഞ്ചരിക്കുന്നു.
ഈയിടെ വായിച്ച ‘ബുറാന്‍ സോന്മെന്‍സ്’ എന്ന എഴുത്തുക്കാരന്റെ ‘ഇസ്താംബൂള്‍ ഇസ്താംബുള്‍ ‘ എന്ന നോവലിലെ തടവറകളെയും പീഡനമുറകളെയും ഈ നോവല്‍ എന്നെയോര്‍മ്മിപ്പിച്ചു.
സുലൈമാന്‍ എന്ന ചെറുപ്പക്കാരന്‍ കാലത്തിന്റെ ഇരയാണ്. താന്‍ ചെയ്ത കുറ്റം എന്തെന്നു പോലും അയാള്‍ക്കറിയില്ല. എന്നിട്ടും അതിക്രൂരമായ പീഡനങ്ങള്‍ക്ക് അയാള്‍ വിധേയനാകുന്നു. ഇത് സോമാലിയയിലും കെനിയയിലും മാത്രമല്ല ലോകത്തിലെ ഓരോ മുക്കിലും മൂലയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ ജുനൈദ് ചിത്രീകരിക്കുന്നതുപോലെ ശാരീരിക പീഡനങ്ങളാണെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ മാനസികമായ പീഡനങ്ങളോ ഒറ്റപ്പെടുത്തലുകളോ ആയി മാറുന്നുണ്ട് .അതേസമയം തന്നെ ഇരയുടെ വേദനയും പിടച്ചിലും കണ്ട് ആനന്ദിക്കാനുള്ള മനുഷ്യന്റെ മനോനിലയെ നമുക്ക് കാണിച്ചു തരുന്നുമുണ്ട് .
വിമോചനപ്പോരാളികളുടെയും ഭരണകര്‍ത്താക്കളുടെയും ആഗോള പോലീസ് റോളില്‍ എത്തുന്നവരുടെയും ക്രൂരതയ്ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വരുന്ന ആഫ്രിക്കന്‍ ജനതയുടെ ദുരന്ത ജീവിതത്തിന്റെ ചിത്രീകരണം കൂടിയാണ് ഈ നോവല്‍. ആദ്യ നോവലെന്ന തോന്നലുളവാക്കാതെ നമുക്ക് തീര്‍ത്തും അപരിചിതമായ ഒരു പ്രദേശത്തെ ജീവിതത്തെയും സംസ്‌ക്കാരത്തെയും, വിവാഹം, ആചാരാനുഷ്ഠാനങ്ങള്‍ ,സ്വാഹ്‌ലി ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ , ആ ദേശത്തിന്റെ ചരിത്രപശ്ചാത്തലം, അവിടെത്തെ സാമൂഹികാവസ്ഥ എന്നിവയെല്ലാം ഈ കൃതിയില്‍ സൂക്ഷ്മമായി നോവലിസ്റ്റ് അടയാളപ്പെടുത്തിയിരിക്കുന്നത് വായന രസകരമാക്കുന്നുണ്ട് .
കൂടാതെ കഥാപാത്ര ചിത്രീകരണത്തിലും സംഭാഷണങ്ങളിലുമെല്ലാം എഴുത്തുകാരന്‍ പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകത വായനയിലുടനീളം അതിമനോഹരമായിട്ടനുഭവപ്പെടുന്നു.