ലോകത്തില്‍ നിലനില്‍ക്കുന്ന മതങ്ങളില്‍ വളരെ പഴക്കമുള്ള മതമാണ് ബുദ്ധമതം. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ആരംഭിച്ചതായി കണക്കാക്കപ്പെടുന്ന ബുദ്ധമതത്തിന്റെ സ്ഥാപകാചാര്യനായ ഗൗതമബുദ്ധന്റെ ജീവിതത്തിലെ കഥകള്‍ അടങ്ങുന്ന പുസ്തകമാണ് സദ്ധാലോക രചിച്ച “എന്‍കൗണ്ടേഴ്‌സ് വിത്ത് എന്‍ലൈറ്റന്‍മെന്റിന്റെ” മലയാള പരിഭാഷയായ ബുദ്ധമാര്‍ഗം: ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും. ശ്രീബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭങ്ങളാണ് ഈ കഥകളിലൂടെ അവതരിപ്പിക്കുന്നത്. ശുദ്ധോദന മഹാരാജാവിന്റെ മകനായി ജനിച്ച സിദ്ധാര്‍ത്ഥന്‍ തന്റെ ചുറ്റുപാടുകളില്‍ കണ്ട കഷ്ടപ്പാടുകളിലും ദുരിതം നിറഞ്ഞ ജീവിതങ്ങളിലും മനംനൊന്ത് തന്റെ രാജകീയ സുഖങ്ങള്‍ ഉപേക്ഷിക്കുകയുണ്ടായി. പിന്നീട് ബോധോദയം സിദ്ധിച്ച് ഗൗതമബുദ്ധനായി. അദ്ദേഹത്തിന്റെ ജീവിത്തിലുണ്ടായ പല സംഭവങ്ങളുമാണ് ഈ പുസ്തകത്തില്‍ കഥകളുടെ രൂപത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ശ്രീബുദ്ധന്റെ ശൈശവ-കൗമാര കാലഘട്ടങ്ങളിലെ സംഭവങ്ങള്‍ വളരെ ചുരുക്കിയാണ് ബുദ്ധമാര്‍ഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശ്രീബുദ്ധന്റെ ജീവിത്തിലെ മറ്റു സംഭവങ്ങളും ബുദ്ധസംഘങ്ങളുടെ വളര്‍ച്ചയും അദ്ദേഹത്തിന്റെ ശിഷ്യന്മാരെപ്പറ്റിയുള്ള കഥകളും മറ്റും തുടങ്ങി അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍വരെ നടന്നിട്ടുള്ള കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ തിരഞ്ഞെടുത്ത് പുനരാഖ്യാനം നടത്തിയിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. 32 അദ്ധ്യായങ്ങളിലായി ശ്രീബുദ്ധ കഥകളിലെ എല്ലാ പ്രധാനപ്പെട്ട കഥളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ കഥകള്‍ സാധാരണ വായനയ്ക്കപ്പുറം നമുക്ക് പ്രചോദനമേകുന്നവയാണ്. അനന്യസുന്ദരവും ഗഹനവുമായ ബുദ്ധപ്രബോദന ചിന്തകളടങ്ങുന്നവയാണ് ഈ കഥകള്‍. ശ്രീബുദ്ധന്റെ വിവേകം, യുക്തായുക്തവിചാരം, അതിന്റെ സ്പഷ്ടത, പ്രായോഗികത, ധര്‍മ്മപ്രഭാവം, സൗമ്യമായ നര്‍മ്മബോധം, നിര്‍ഭയത്വം തുടങ്ങി അദ്ദേഹത്തിന്റെ വിവിധ സ്വഭാവസവിശേഷതകളും ഈ കഥകളിലൂടെ വ്യക്തമാന്നു. ഈ കഥകളും സംഭങ്ങളുമൊക്കെ വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നിട്ടുള്ളതിന്റെ പുനരാഖ്യാനമാണെങ്കിലും ഇന്നത്തെ നമ്മുടെ ജീവിതത്തിലും ഇവയിലെ പ്രബോധനങ്ങള്‍ പ്രചോദകമാകുന്നവയാണ്.
ഈ കൃതിയുടെ ഗ്രന്ഥകര്‍ത്താവ് സദ്ധാലോകയുടെ യഥാര്‍ത്ഥ പേര് ഡേവിഡ് ലൂസ് എന്നാണ്. ബ്രീട്ടീഷ് അധീനതയിലുള്ള ചാനല്‍ ദ്വീപുകളിലൊന്നായ ജേഴ്‌സിയില്‍ ജനിച്ച ഡേവിഡ് ലൂസിന് ബുദ്ധമതത്തിലുള്ള താത്പര്യത്തെ തുടര്‍ന്ന് വിവാഹശേഷം ഇന്ത്യയിലെ ബുദ്ധതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പതിനാല് മാസങ്ങളോളം ചിലഴഴിച്ചു. നോവിച്ചിലേക്ക് തിരികെപോയ അദ്ദേഹത്തെ പാശ്ചാത്യ ബുദ്ധബിക്ഷുസംഗത്തില്‍ പുരോഹിതനായി വാഴിച്ചതിനുശേഷം സദ്ധാലോക എന്ന പേര് സ്വീകരിച്ചു. ഈ പുസ്തകം ബുദ്ധമാര്‍ഗം: ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ഡോസ് വടക്കന്‍ ആണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിയോഗി, ശനിമാഹ്ത്യം, വിശ്വാസ്യതയുടെ വിജയം (വിവര്‍ത്തനങ്ങള്‍) എന്നീ പുസ്തകങ്ങളും ലോക ഇതിഹാസകഥകള്‍ ബൃഹദ് സമാഹാരത്തിലെ ഗ്രീക്ക് ദേവീദേവന്മാരെക്കുറിച്ചുള്ള കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.