കാര്‍ഷിക സംസ്‌കൃതിയുടെ പെരുമയുണ്ടായിരുന്ന കേരളത്തില്‍ വിവിധ രൂപത്തിലുള്ള മഴവെള്ള സംഭരണജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. കുളം കുഴിച്ചും വെള്ളം തേവിയും അണകെട്ടിയും തെങ്ങിനുള്‍പ്പെടെ തടം പിടിച്ചും മണ്ണൊരുക്കിയും മഴയെ നന്നായി കൈകാര്യം ചെയ്തിരുന്നു. തുലാമാസത്തിലെ കാറ്റിന്റെ ദിശയും വേഗവും മനസ്സിലാക്കി മേടമാസത്തിലെ മഴയുടെ വരവ് ഉള്‍പ്പെടെ കര്‍ഷകര്‍ മുന്‍കൂട്ടി കണക്കാക്കിയിരുന്നു. വീടുകളുടെ പടിഞ്ഞാറുഭാഗത്ത് വെള്ളത്തുണി കെട്ടിയിട്ട് കാറ്റിന്റെ ദിശ വേര്‍തിരിച്ചറിയുന്ന രീതിയുമുണ്ടായിരുന്നു. ഞാവല്‍, പ്ലാവ്, പാലക്കാ, പയ്യാനി, നീര്‍മരുത്, നാരകം, ആത്തി, കടമ്പ, കാഞ്ഞിരം, പുന്ന, കണിക്കൊന്ന, ഇലഞ്ഞി, പുല്ലാനി, കോലി, മഞ്ഞപ്പാവട്ട എന്നീ മരങ്ങളുടെ സാന്നിദ്ധ്യമുള്ളയിടങ്ങളില്‍ ഭൂജലം കൂടുതലായിരിക്കും.
കേരളത്തിലെ പ്രധാന ജലസ്രോതസ്സുകളാണ് തുറന്ന കിണറുകള്‍, കേണി, വാല്‍കിണര്‍, കുളങ്ങള്‍, അമ്പലകുളങ്ങള്‍, സുരംഗങ്ങള്‍ തുടങ്ങിയവ. അതുപോലെ തടയണകള്‍ അടിയണകള്‍ വാല്‍ക്കിണ്ടി തുടങ്ങി ജലസംരക്ഷണമാര്‍ഗ്ഗങ്ങളിലുടെയും മഴവെളളം സംരക്ഷിച്ചുപയോഗിക്കാം. ഫെറോസിമന്റ് സാങ്കേതിക വിദ്യയുപയോഗിച്ചുള്ള സംഭരണികള്‍, ഫൈബര്‍ ടാങ്കുകള്‍, സിമന്റ് ടാങ്കുകള്‍, പടുതക്കുളങ്ങള്‍ തുടങ്ങിയ വിവിധ സംഭരണികളിലായി മഴവെള്ളം സംഭരിച്ചുപയോഗിക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിലും ഭൂമിക്കടിയിലും സജ്ജമാക്കിയിട്ടുള്ള നിരവധി മഴവെള്ള ടാങ്കുകള്‍ കേരളത്തിലുണ്ട്. പതിനായിരം ലിറ്റര്‍ മുതല്‍ 50,000 ലിറ്റര്‍വരെയുള്ള ടാങ്കുകളാണ് സാധാരണമായി കുടി വെള്ളമുള്‍പ്പെടെയുള്ള വിവിധാവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത്. പ്രത്യേകം സ്ഥലം വിടാതെതന്നെ കാര്‍ഷെഡ്, പൂന്തോട്ടം, മുറ്റങ്ങള്‍, സ്‌കൂള്‍ഗ്രൗണ്ട്, വിവിധ റൂമുകള്‍ക്കുള്‍വശം തുടങ്ങിയ സ്ഥലങ്ങളില്‍ മഴവെള്ളം സംഭരിച്ചിട്ടുള്ള നിരവധി നല്ല മാതൃകകള്‍ കേരളത്തിലുണ്ട്. കേരളനിയമസഭ (അഞ്ചു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകള്‍), രാജ്ഭവന്‍, സംസ്ഥാന ആസൂത്രണബോര്‍ഡ്, (50,000 ലിറ്റര്‍ശേഷി) എന്നിവിടങ്ങളുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മഴവെള്ളം സംഭരിച്ചുപയോഗിക്കുന്നതിന്റെ വ്യത്യസ്ത മാതൃകകള്‍ കാണാം.
ഇത്തരത്തില്‍ മഴയുടെ ഓരോ തുളളിയും കൊയ്‌തെടുത്ത് സംരക്ഷിച്ചാല്‍ ജലക്ഷാമത്തെ ധൈര്യപൂര്‍വ്വം നേരിടാം. മഴവെളളം സംഭരിച്ച് സംരക്ഷിക്കുന്നതിനുളള വിവിധ മാര്‍ഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളും നമ്മുടെ മുന്നിലുണ്ട്. അതുപോലെ വിവിധതരം ജലസംഭരണികളുടെ നിര്‍മ്മാണത്തെക്കുറിച്ചും ലളിതമായ ഭാഷയില്‍ സാധാരണക്കാരന്റെ മുന്നില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് മഴക്കൊയ്ത്തും ജലസുരക്ഷയും. സംസ്ഥാന ജലവിഭവവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന് ആന്റ് കപ്പാസിറ്റിഡെവലപ്‌മെന്റ് യൂണിറ്റിന്റെ ഡയറക്ടറായ ഡോ.വി.സുഭാഷ് ചന്ദ്രബോസ് ആണ് പുസ്തകം തയ്യാറാക്കിയത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
വേനല്‍ക്കാലത്ത് മഴവെള്ളത്തിനായി നെട്ടോട്ടമോടുന്ന കേരളീയര്‍ക്ക് ഇനി വരാന്‍ പോകുന്ന മഴക്കാലത്ത് ഇത്തരം ജലസംഭരണികള്‍ നിര്‍മ്മിച്ച് ജലം സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്നു തന്നെ തുടങ്ങാം.