പുരാതന പാതയിലൂടെ ഒരു തീർത്ഥാടനം. യേശുക്രിസ്തു നടന്ന വഴികളിലൂടെ നടന്ന് അവിടുത്തെ ചരിത്രവും പുരാവൃത്തവും ഭക്തിയും അനുഭൂതിയായി ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കുന്ന ഒരു യാത്രാവിവരണമാണ് ഡോ . ജോർജ് വർഗീസ് എഴുതിയ ‘ഇസ്രായേൽ യാത്ര’.
“നമ്മുടെ തീർത്ഥയാത്ര സാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ പോകുന്ന ഈ പുസ്തകം ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും അവയുടെ ജന്മഭൂമിയിൽ നിന്നുകൊണ്ട് വായിക്കാനുള്ള ശ്രമമാണ്. യേശുക്രിസ്തു നടന്ന വഴികളിലൂടെ നടന്ന് അവിടുത്തെ ചരിത്രവും പുരാവൃത്തവും ഭക്തിയും അനുഭൂതിയായി ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ദൃശ്യപരമ്പരയാണ് ഈ ലഘുകൃതിയിലൂടെ അനാവൃതമാകുന്നത്. ക്രിസ്തുവിന്റെ പാത പിന്തുടർന്ന് ഇസ്രായേലിലും പാലസ്തീനിലും ഈജിപ്തിലുമെല്ലാം എത്തിച്ചേരുന്ന ഗ്രന്ഥകാരൻ സമകാലിക രാഷ്ട്രീയത്തിനോ ചരിത്രത്തിനോ സ്വന്തം അനുഭവത്തിനോ ശ്രദ്ധ കൊടുക്കുന്നില്ല. പകരം പുരാവൃത്തങ്ങളിലും മതഗ്രന്ഥങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തെളിയുന്ന ഭൂഭാഗങ്ങൾ കണ്ട് നിർവൃതികൊള്ളുകയാണ് – ‘ഇസ്രായേൽ യാത്ര‘ എന്ന പുസ്തകത്തെ കുറിച്ച് എം എൻ കാരശ്ശേരി പറയുന്നതിങ്ങനെയാണ്.
പിസ്‌ഗാമല , യെരുശലേം , താബോർമല , ഗലീലകടൽ , നസ്രത്ത് , ഒലിവുമല , ഈജിപ്ത് എന്നിങ്ങനെ വിശുദ്ധ നാടുകളിലൂടെ ഒരു തീർത്ഥാടനം നടത്തിയതിന്റെ അനുഭവവും ഉന്മേഷവും പകർന്നു തരുന്ന യാത്രാ വിവരണമാണ് ഇസ്രായേൽ യാത്ര. ഏഷ്യാ ഭൂഖണ്ഡവും ,ആഫ്രിക്കയും , തമ്മിൽ മുട്ടിയുരുമ്മി നിൽക്കുന്ന പ്രദേശമാണിവിടം. ചരിത്രാതീത കാലം മുതൽ നിർത്താതെ തുടരുന്ന ശണ്ഠയുടെയും വിദ്വേഷത്തിന്റെയും കഥകൾ ആ നാട് പറഞ്ഞു തരും , ഇവിടെ പാർത്തിരുന്ന ജനങ്ങളുടെ പ്രേമത്തിന്റെയും വിദ്വേഷങ്ങളുടെയും നൂറു നൂറു കഥകൾ വെളുക്കെ ചിരിച്ചുകൊണ്ട് ശീർഷം ഉയർത്തി നിൽക്കുന്ന ചെമ്പൻ കുന്നുകൾക്കും പറയാനുണ്ടാവും. കുലുങ്ങി ചിരിച്ചുകൊണ്ട് നിൽക്കുന്ന ജോർദ്ദാൻ നദികൾക്കും ഉണ്ടാകും കഥകളേറെ പറയാൻ. ചരിത്രാന്വേഷകരായ വിദ്യാർഥികൾക്ക് ദേശവിശേഷങ്ങൾ ലഭ്യമാകാൻ ഏറെ ഉപകാരപ്രദമായിരിക്കും ഈ പുസ്തകം.
കാലിക്കറ്റ് സർവ്വകലാശാല ഭൗതിക ശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറെയും വകുപ്പധ്യക്ഷനായും , റിസേർച്ച് ഡയറക്ടറായും സേവനമനുഷ്‌ഠിച്ച ഡോ. ജോർജ്ജ് വർഗീസ് ശാസ്ത്രാധ്യാപകൻ , പ്രഭാഷകൻ , ഗവേഷകൻ , പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങൾ സ്വദേശത്തും , വിദേശത്തും അന്താരാഷ്ട്ര ഗവേഷണ മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘ഇസ്രായേൽ യാത്ര‘ എന്ന ഈ ഗ്രന്ഥം പത്താമത്തെ കൃതിയാണ്. വൈജ്ഞാനിക സാഹിത്യ സൃഷ്ടിക്കുള്ള 2015 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ എൻ വി കൃഷ്ണവാര്യർ അവാർഡ് നേടി.കേരളം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഡിറക്ടറും മെമ്പർ സെക്രട്ടറിയുമായിരുന്നു.