‘കല്ലുവിന്റെ മതിലു വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍”
ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന പ്രശസ്തമായ നോവലിന്റെ പശ്ചാത്തലമിങ്ങനെയാണ്. 1997 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവലാണ് ഗോവര്‍ദ്ധന്റെ യാത്രകള്‍’. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ, കറുത്ത ഹാസ്യത്താൽ സമൃദ്ധമായ “അന്ധേർ നഗരി ചൗപട്ട് രാജ” എന്ന നാടകത്തെ അധികരിച്ചാണ് ഗോവർധന്റെ യാത്രകൾ എഴുതപ്പെട്ടിരിക്കുന്നത്. ഇന്നേക്ക് നൂറ്റമ്പതോളം കൊല്ലം മുമ്പ് ജീവിച്ച ഭരതേന്ദു ഹരിശ്ചന്ദ്ര ഇന്നേവരെ എഴുതിയവരിൽ നിന്ന് ഈയൊരു നാടകം കൊണ്ടു തന്നെ വേറിട്ട് നിന്നു. അനീതിയുടെ ക്രൂരതയെയും യുക്തിരാഹിത്യത്തെയും കാണിക്കുവാൻ ഭയാനകമായ ഒരു അസംഗതാവസ്ഥ സൃഷ്ടിച്ച അദ്ദേഹം ഒരു കലാകാരനെന്ന നിലയ്ക്ക് യാഥാർഥ്യം സംഗതികളെ മനസ്സിലാക്കുവാനുള്ള പല വഴികളിൽ ഒന്നുമാത്രമാണെന്ന വസ്തുത ഗ്രഹിച്ചിരിക്കണം.
ഒന്നര നൂറ്റാണ്ടു മുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്ന് ഒരു കഥാപാത്രം. ഗോവർധൻ , ഗോവർധൻ ഇറങ്ങി നടക്കുന്നു. നിരപാധിയായിട്ടും , നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും , ശിക്ഷിക്കാൻ വിധിക്കപെട്ട ഗോവർധൻറെ മുൻപിൽ , പുറത്ത് അനീതിയുടെ അനന്തവിസ്മൃതിയിലാണ്ട ലോകത്തിൽ കാലം തളം കെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ , ഭാവിയോ ഇല്ലാതായ അയാളുടെ കൂടെ പുരാണങ്ങളിൽ നിന്നും , ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും ഒട്ടേറെ കഥാപാത്രങ്ങൾ ചേരുന്നു. ചിലർ അയാൾക്കൊപ്പം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്. ചിലർ അയാളുടെ ചോദ്യങ്ങൾക്കിരയായി. നിശ്ചലമായ ചരിത്രത്തിൽ അലകൾ ഇളകുവാൻ തുടങ്ങുന്നു കാലം കലുഷമാകുന്നു…..
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.’ പി. സച്ചിദാനന്ദൻ എന്ന ആനന്ദ് . 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.